മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും... വളരെ രഹസ്യമായി മന്ത്രി കെ.ടി. ജലീലിൽ ഇ.ഡിയ്ക്ക് മുൻപിൽ എത്തിയിട്ടും ചോദ്യം ചെയ്യല്‍ തൃപ്തികരമായില്ല; മന്ത്രി ഇപ്പോഴും സംശയ നിഴലിൽ! മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാൻ യു.ഡി.എഫുംബി.ജെ.പിയും.. ബി.ജെ.പി ഇന്ന് സംസ്ഥാനത്ത് കരിദിനം ആചരിക്കും...

മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. പ്രാഥമിക വിശദീകരണം മാത്രമാണ് മന്ത്രിയില്‍ നിന്നും തേടിയതെന്നും ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നുമാണ് ഇഡി വൃത്തങ്ങള്‍ നല്കുന്ന വിശദീകരണം. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന ഉള്‍പ്പടെയുള്ള പ്രതികളുമായുള്ള കെ.ടി. ജലീലിന്റെ സൗഹൃദം ഇഡി പരിശോധിക്കും. വെള്ളിയാഴ്ച നടന്ന ചോദ്യം ചെയ്യലില്‍ യുഎഇ കോണ്‍സുലേറ്റ് ജനറലുമായുള്ള ബന്ധം, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം, നയതന്ത്ര മാര്‍ഗത്തിലെത്തിയ മതഗ്രന്ഥങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് മന്ത്രിയില്‍നിന്നും ഇഡി ചോദിച്ചറിഞ്ഞത്.
വളരെ രഹസ്യമായാണ് മന്ത്രി ഇഡി ഓഫീസില്‍ എത്തിയത്. ആലപ്പുഴ അരൂരില്‍ സുഹൃത്തായ വ്യവസായിയുടെ വീട്ടിലെത്തിയ മന്ത്രി ഇവിടെനിന്നും ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലാണ് കൊച്ചിയിലേക്ക് പോയത്. ചോദ്യം ചെയ്യല്‍ കഴിഞ്ഞ് തിരിച്ച് അരൂരിലെത്തിയ മന്ത്രി ഇവിടെനിന്നും ഔദ്യോഗിക വാഹനത്തില്‍ മലപ്പുറത്തേക്ക് മടങ്ങി. വ്യാഴാഴ്ച വൈകിട്ട് ജലീല്‍ ആലുവയില്‍ എത്തിയിരുന്നു. ഇവിടെനിന്നും രാവിലെ അരൂരില്‍ എത്തി സ്വകാര്യ വാഹനത്തില്‍ കൊച്ചിയിലേക്കുപോയി. എന്‍ഫോഴ്സ്മെന്റിന് പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സിയും ജലീലില്‍ നിന്നും മൊഴിയെടുക്കും എന്നാണ് സൂചന.
അതേസമയം സംഭവം മുതലെടുത്ത് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനാണ് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും തീരുമാനം. ഇന്നലെ സെക്രട്ടേറിയറ്റിലേക്കുള്ള മാര്‍ച്ചിന് നേരെ പൊലീസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഇന്ന് സംസ്ഥാനത്ത് കരിദിനം ആചരിക്കും. ജലീല്‍ മന്ത്രി സ്ഥാനം രാജിവയ്ക്കും വരെ പ്രതിഷേധം ശക്തമാക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം സത്യമേ ജയിക്കൂ; സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല' - മന്ത്രി കെ.ടി. ജലീല്‍ ഇന്നലെ രാത്രി ഫെയ്‌സ് ബുക്കില്‍ കുറിച്ച വചനങ്ങളാണ് ഇത്. ഇതു തന്നെയാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതും. മന്ത്രി ഒളിപ്പിക്കാന്‍ ശ്രമിച്ചിട്ടും ആ സത്യം പുറത്തു വന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര പാഴ്‌സലുകളിലെ പ്രോട്ടോക്കോള്‍ ലംഘനം, സ്വര്‍ണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ജലീലിനെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതും പുറംലോകത്ത് എത്തി. മന്ത്രിയെ ഇന്നലെ രാവിലെ എറണാകുളത്തെ ഇഡി ഓഫിസില്‍ വിളിച്ചുവരുത്തുകയായിരുന്നു. മന്ത്രിക്ക് ഇഡിയുടെ നോട്ടീസ് കിട്ടിയെന്ന് രണ്ട് ദിവസം മുമ്ബ് വാര്‍ത്ത എത്തി. എന്നാല്‍ അത്തരത്തിലൊരു നോട്ടീസേ കിട്ടിയിട്ടില്ലെന്നായിരുന്നു മന്ത്രി ചോദിച്ചവരോടെല്ലാം പറഞ്ഞത്. അതിന് ശേഷം അതീവ രഹസ്യമായി ചോദ്യം ചെയ്യലിന് എത്തി. ആരും അറിയാതിരിക്കാനുള്ള എല്ലാ മുന്‍കുരതലും എടുത്തു.
ഇന്നലെ പുലര്‍ച്ചെ അരൂരിലെ കുടുംബസുഹൃത്തിന്റെ വീട്ടിലെത്തിയ മന്ത്രി, സ്റ്റേറ്റ് കാര്‍ അവിടെയിട്ട് സ്വകാര്യ കാറില്‍ ഇഡി ഓഫിസിലെത്തി. മൊഴിയെടുപ്പ് 2 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയായി.
അതിന് ശേഷവും ചോദ്യം ചെയ്യല്‍ മന്ത്രി നിഷേധിച്ചു. അതിനിടെയാണ് എന്‍ഫോഴ്‌സ് ഡയറക്ടര്‍ എല്ലാ സത്യവും തുറന്നു പറഞ്ഞത്. രാത്രിയോടെ 'സത്യമേ ജയിക്കൂ; സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല' എന്ന കുറിപ്പും മന്ത്രി ഇട്ടു. സ്വയം ന്യായീകരണത്തിനാണ് ഇത് ഇട്ടതെങ്കിലും കളവ് പറഞ്ഞ മന്ത്രിക്ക് നേരെയുള്ള പരിഹാസം കൂടിയായി ഈ പോസ്റ്റ് മാറി.
മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടായിരുന്നു മന്ത്രി ചോദ്യം ചെയ്യലിന് ഹാജരായത്. പരമാവധി രഹസ്യമാക്കി ഇത് സൂക്ഷിക്കുമെന്നും പറഞ്ഞു. കൊച്ചിയിലെ ഇഡി ഉദ്യോഗസ്ഥരും ഒന്നും പുറത്തു പറഞ്ഞില്ല. ചോദ്യം ചെയ്യലിന് ശേഷം വൈകിട്ട് 5 മണിവരെ വിവരം മന്ത്രി ജലീലും അദ്ദേഹത്തിന്റെ ഓഫിസും അടുത്ത സുഹൃത്തുക്കളും നിഷേധിച്ചുകൊണ്ടിരുന്നു. നോട്ടിസ് പോലും ലഭിച്ചിട്ടില്ലെന്നു മന്ത്രി പ്രതികരിച്ചു. എന്നാല്‍, മന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയ വിവരം വൈകിട്ട് 5.45 ന് ഇഡി മേധാവി ന്യൂഡല്‍ഹിയില്‍ സ്ഥിരീകരിച്ചു.
രാവിലെ 9.30 മുതല്‍ കൊച്ചി ഓഫിസില്‍ മന്ത്രി ജലീലിനെ ചോദ്യം ചെയ്‌തെന്നും സ്വര്‍ണക്കടത്തു കേസില്‍ മറ്റു വിഷയങ്ങളും ഉള്‍പ്പെടുമെന്നും ഇഡി ഉന്നതര്‍ അറിയിച്ചു. പല ചോദ്യങ്ങളിലും കൃത്യമായ ഉത്തരം നല്‍കാതെ ജലീല്‍ ഒഴിഞ്ഞുമാറിയെന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞു. ചോദ്യം ചെയ്യല്‍ തൃപ്തികരമായിരുന്നില്ല; ഇന്നലെ നല്‍കിയ മൊഴി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്‌തേക്കും. അതായത് മന്ത്രി സംശയ നിഴലിലാണ്. ഇങ്ങനെ സംശയ നിഴലിലുള്ള മന്ത്രി രാജി വയ്ക്കണമെന്നാണ് ഉയരുന്ന ആവശ്യം. കേന്ദ്ര ഏജന്‍സികള്‍ മന്ത്രിയെ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് സംശയത്തില്‍ നിര്‍ത്തി ചോദ്യം ചെയ്യുന്നത് അത്യപൂര്‍വ്വമാണ്.
ഇത്തരത്തില്‍ ചര്‍ച്ച ഉയരാതിരിക്കാനാണ് ജലീല്‍ എല്ലാം അതീവ രഹസ്യമാക്കിയത്. ചോദ്യം ചെയ്യലിന് ശേഷവും അത് നിഷേധിച്ചതും. 2020 മാര്‍ച്ച് 4നു തിരുവനന്തപുരം യുഎഇ കോണ്‍സല്‍ ജനറലിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്‌സലുകളെക്കുറിച്ചായിരുന്നു പ്രധാന ചോദ്യങ്ങള്‍. മതഗ്രന്ഥങ്ങളെന്നാണ് മന്ത്രി നല്‍കിയിരുന്ന വിശദീകരണം. കള്ളക്കടത്തു സംഘം ഈ നയതന്ത്ര പാഴ്‌സലുകളില്‍ സ്വര്‍ണമോ പണമോ കടത്തിയോ എന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. കള്ളപ്പണം കറന്‍സി നോട്ടുകളായി കടത്തിയോ എന്നും അന്വേഷിക്കുന്നു. സ്വര്‍ണക്കടത്തു പ്രതികള്‍ യുഎഇ കോണ്‍സുലേറ്റ് വഴി ജലീലുമായി അടുത്ത ബന്ധമുണ്ടാക്കിയെന്നും അതിന്റെ മറവില്‍ കുറ്റകൃത്യം നടത്തിയെന്നുമുള്ള നിഗമനത്തിലാണ് അന്വേഷണ സംഘം.
സ്വര്‍ണക്കടത്തു കേസില്‍ ഒന്നും ഒളിക്കാനില്ലെന്നു പലവട്ടം ആവര്‍ത്തിച്ച മന്ത്രി കെ.ടി. ജലീല്‍, ഇഡി ചോദ്യം ചെയ്തതു രഹസ്യമാക്കി വയ്ക്കാന്‍ പാടുപെട്ടു. ഇഡി സമന്‍സ് അയച്ച വിവരം ഇന്നലെ നിഷേധിച്ച മന്ത്രി, ഇത് പത്രത്തില്‍ വായിച്ച അറിവേയുള്ളൂ എന്നാണു പ്രതികരിച്ചത്.
ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഇന്നലെ അതിരാവിലെ തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്കു തിരിച്ച മന്ത്രി, നാട്ടിലേക്കു പോകുന്നുവെന്നാണ് ഓഫിസിലും മറ്റും അറിയിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴും നാട്ടിലേക്കുള്ള യാത്രയിലാണെന്നും ഒന്നും ഒളിച്ചു വയ്ക്കാനില്ലെന്നുമായിരുന്നു പ്രതികരണം. സ്റ്റേറ്റ് കാര്‍ സുഹൃത്തിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട് സ്വകാര്യവാഹനത്തില്‍ ചോദ്യം ചെയ്യലിനെത്തിയതും വിവാദമായി. 'ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ മന്ത്രി ജലീല്‍ തലയില്‍ മുണ്ടിട്ടു പോയതു കേരളത്തിനു നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിയെ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നത്. മുഖ്യമന്ത്രിക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ജലീലിന്റെ രാജി എഴുതി വാങ്ങണം എന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha





















