തുറമുഖ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ 450 കുതിരശക്തി ശേഷിയുള്ള കൂറ്റന്‍ ടഗ് ബേപ്പൂരിലേക്ക് എത്തുന്നു; കരയിലിരിക്കുന്ന സാമൂതിരി ടഗ് കണ്ടം ചെയ്തു വില്‍ക്കും

ഗോവ ഷിപ് യാര്‍ഡില്‍ 3.2 കോടി രൂപ ചെലവിട്ടു നിര്‍മിച്ച ധ്വനി എന്ന കൂറ്റന്‍ ടഗ് അടുത്തമാസം ആദ്യവാരം ബേപ്പൂര്‍ തുറമുഖത്തെത്തും. തുറമുഖത്ത് എത്തുന്ന കപ്പലുകള്‍ വാര്‍ഫില്‍ അടുപ്പിക്കുന്നതിനും തിരിക്കാന്‍ ഉള്‍പ്പെടെയുള്ള മറ്റു സഹായത്തിനും അകമ്പടി പോകാനുമാണു ടഗ് ഉപയോഗിക്കുന്നത്.
ഇപ്രകാരമുള്ള തുറമുഖ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ 450 കുതിരശക്തി ശേഷിയുള്ള ടഗ്ഗിന്റെ മിനുക്കു പണികളാണ് ബാക്കിയുള്ളത്. ട്രയല്‍ റണ്‍ പൂര്‍ത്തിയായി. റഡാര്‍, എക്കോ സൗണ്ടര്‍, ജിപിഎസ്, വിഎച്ച്എഫ്, ഓട്ടമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം, അഗ്‌നി പ്രതിരോധ സംവിധാനം തുടങ്ങിയ ആധുനിക സൗകര്യങ്ങളുള്ള ടഗ് പൂര്‍ണമായും ശീതീകരിച്ചതാണ്. ബേപ്പൂരിനു പുറമേ അഴീക്കല്‍ തുറമുഖത്തേക്ക് മിത്ര എന്ന ടഗും നിര്‍മിച്ചിട്ടുണ്ട്.
നേരത്തെ 3 ടഗ്ഗുണ്ടായിരുന്ന തുറമുഖത്ത് നിലവില്‍ എംടി കേരളം ടഗ് മാത്രമാണുള്ളത്. ചാലിയാര്‍ ടഗ് വിഴിഞ്ഞം തുറമുഖത്തേക്കു കൊണ്ടുപോയി. ഏറെക്കാലമായി കരയില്‍ കയറ്റിയിട്ടിരിക്കുന്ന സാമൂതിരി ടഗ് കണ്ടം ചെയ്തു വില്‍ക്കും.
മര്‍ച്ചന്റ് ഷിപ്പിങ് സംവിധാനങ്ങളുള്ള എംടി മലബാര്‍ എന്ന അത്യാധുനിക ടഗ് നേരത്തെ ബേപ്പൂരില്‍ എത്തിച്ചിരുന്നു. 7 കോടി രൂപ ചെലവിട്ടു നിര്‍മ്മിച്ച ആ ടഗ് കൊല്ലം തങ്കശ്ശേരി തുറമുഖത്തേക്കു കൊണ്ടുപോയി. പിന്നീട് ഇവിടേക്കു വന്നില്ല.
പുതിയ ടഗ് വരുന്നതോടെ ചരക്കു കപ്പലുകള്‍ക്കും ലക്ഷദ്വീപ് യാത്രാ കപ്പലുകള്‍ക്കും കൂടുതല്‍ സഹായമാവും. ഒപ്പം കടല്‍ രക്ഷാപ്രവര്‍ത്തനത്തിനും പുതിയ ടഗ് ഉപയോഗപ്രദമാകും.
https://www.facebook.com/Malayalivartha





















