ലഹരിമരുന്ന് വില്‍പനക്കിടെ അറസ്റ്റിലായവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മാനന്തവാടിയിലെ എക്‌സൈസ് ഉദ്യോഗ സ്ഥര്‍ നിരീക്ഷണത്തില്‍

ലഹരിമരുന്ന് വില്‍പനയ്ക്കിടെ അറസ്റ്റ് ചെയ്ത 2 യുവാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മാനന്തവാടി എക്‌സൈസ് റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. ഷഷറഫുദ്ദീന്‍ അടക്കമുള്ള ഉദ്യോഗസ്ഥരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതേ കേസില്‍ പിടി നല്‍കാതെ കടന്ന 2 പേര്‍ പുറത്തുള്ളതും കഞ്ചാവും ലഹരി മരുന്നും രഹസ്യമായി ഉപയോഗിച്ചവര്‍ ഏറെയുണ്ടാകാനിടയുള്ളതും മേഖലയില്‍ കോവിഡ് രോഗവ്യാപന ഭീതി ഉയര്‍ത്തുന്നുണ്ട്.
തോണിച്ചാലില്‍ വച്ചാണ് എംഡിഎംഎയുമായി ഇക്കഴിഞ്ഞ 6-ാം തീയതി മാനന്തവാടി ചൂട്ടക്കടവ് സ്വദേശിയായ 21-കാരനും മാനന്തവാടി അമ്പുകുത്തി സ്വദേശിയായ 27-കാരനും പിടിയിലായത്. കൂടെയുണ്ടായിരുന്ന 2 പേര്‍ കാറില്‍ കയറി രക്ഷപ്പെട്ടിരുന്നു. എടവക പഞ്ചായത്ത് സ്വദേശികളായ ഇരുവരെയും ഇതുവരെ പിടികൂടിയിട്ടില്ല. ഇന്നലെയാണ് പിടിയിലായവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ കണ്ണൂരില്‍ കോവിഡ് സെന്ററില്‍ ചികിത്സയിലാണ്. ഇവരെ പിടികൂടുകയും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുകയും ചെയ്ത എക്‌സൈസ് ഉദ്യോഗസ്ഥരാണ് നിരീക്ഷണത്തിലായത്.
ഇതിനു മുന്‍പും കഞ്ചാവ് കേസിലെ പ്രതികളിലൂടെ മാനന്തവാടിയില്‍ കോവിഡ് ഭീതി ഉയര്‍ന്നിരുന്നു. അന്ന് പൊലീസുകാരന് കോവിഡ് ബാധിച്ചെങ്കിലും റൂട്ട് മാപ്പ് വേഗത്തില്‍ തയാറാക്കാനായതിനാല്‍ രോഗവ്യാപനം തടയാന്‍ കഴിഞ്ഞിരുന്നു. ലഹരി സംഘങ്ങളുമായി ബന്ധമുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള മാര്‍ഗങ്ങള്‍ ആരായുകയാണ് അധികൃതര്‍.
നഗര പരിസരത്ത് ഇന്നലെ 10 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കുപ്പാടി, മണിച്ചിറ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും ബാംബൂ മെസ്സിലെ രണ്ടു പേര്‍ക്കും ലാഡര്‍ പൂളവയലില്‍ നിര്‍മാണത്തിലിരിക്കുന്ന റിസോര്‍ട്ടിന്റെ ജോലിയിലേര്‍പ്പെട്ട ഒരാള്‍ക്കും കര്‍ണാടകയില്‍ നിന്നെത്തിയ നാലു പേര്‍ക്കുമാണ് കോവിഡ്. 111 പേരില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ 8 പേര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ രണ്ടു പേര്‍ക്കുമാണ് കോവിഡ് കണ്ടെത്തിയത്. നഗരസഭാ പരിധിയില്‍ നിന്നുള്ള നാല്‍പതിലധികം പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്.
https://www.facebook.com/Malayalivartha





















