കേസിലേത് നയതന്ത്ര ബാഗേജല്ലെന്ന കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരന്റെ മുന്‍ പ്രസ്താവന വസ്തുതകള്‍ക്ക് വിരുദ്ധം; മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസിലെ നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയം നടത്തിയ പ്രസ്താവനയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നയതന്ത്ര ബാഗേജില്‍ തന്നെയാണ് സ്വര്‍ണം വന്നതെന്ന് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കേസിലേത് നയതന്ത്ര ബാഗേജല്ലെന്ന കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരന്റെ മുന്‍ പ്രസ്താവന വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നു അന്വേഷണ ഏജന്‍സികള്‍ മുന്‍പുതന്നെ പറഞ്ഞുകഴിഞ്ഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുരളീധരന്റെ വിഷയത്തില്‍ പ്രതിപക്ഷം യാതൊന്നും മിണ്ടുന്നില്ലെന്നും ഇത് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തെയാണോ സൂചിപ്പിക്കുന്നതെന്നും വാർത്താ സമ്മേളനത്തിൽ മാദ്ധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു.
നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട വസ്തുത ഒന്നുകൂടി ആവര്‍ത്തിച്ചുറപ്പിക്കുന്ന മറുപടിയാണ് ഇന്ന് കേന്ദ്രം പറഞ്ഞത്. ഇവിടെ നടക്കുന്ന കാര്യവും അഖിലേന്ത്യാ രാഷ്ട്രീയവും ഒരുപോലെ കാണേണ്ട. ഇവിടുത്തെ കോണ്‍ഗ്രസും ബി.ജെ.പിയും കഴിയുന്നത് പോലെയൊക്കെ ഒന്നിച്ച് നിന്നുകൊണ്ട് ഇടതുപക്ഷ സര്‍ക്കാരിനെ എതിര്‍ക്കാന്‍ വേണ്ടി ശ്രമിക്കുകയാണ്. അതാണ് നടക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസ് പുറത്തുവന്നതിനു പിന്നാലെ, നയതന്ത്ര ബാഗിലല്ല സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞിരുന്നു. എന്നാല്‍ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം ഇന്ന് ലോക്‌സഭയില്‍ അറിയിച്ചത്.
നയതന്ത്ര ബാഗേജ് വിവാദത്തില്‍ മുരളീധരനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് സി പി എം രംഗത്തെത്തി. നയതന്ത്ര ബാഗേജിലല്ല തിരുവനന്തപുരത്തെ സ്വര്‍ണക്കടത്തെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞത് ഗൗരവതരമാണെന്ന് സി.പി.എം ചൂണ്ടിക്കാട്ടി. അന്വേഷണം അട്ടിമറിക്കാന്‍ മുരളീധരന്‍ ഇടപെടല്‍ നടത്തിയെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. മുരളീധരന്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്‌ക്കണമെന്നും സി.പി.എം വ്യക്തമാക്കി.
നയതന്ത്ര ബാഗേജിലാണ് സ്വര്‍ണം കടത്തിയതെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം രേഖാമൂലം പാര്‍ലമെന്റില്‍ അറിയിച്ചു . ഇതിന് പിന്നാലെയാണ് സി.പി.എം മന്ത്രിക്കെതിരെ രംഗത്തെത്തിയത്. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ വിവരം ജൂലായ് മാസത്തില്‍ കസ്റ്റംസാണ് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചത്. തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധിയുടെ മേല്‍വിലാസത്തിലാണ് ബാഗേജ് എത്തിയത്. തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം ബാഗ് തുറന്ന് പരിശോധിക്കാന്‍ അനുമതി നല്‍കി. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ മുപ്പത് കിലോ സ്വര്‍ണം പിടികൂടിയെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
കസ്റ്റംസും എന്‍.ഐ.എയും പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നത്. എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ട്രേറ്റ് സമാന്തര അന്വേഷണവും നടത്തുന്നുണ്ട്. അതേ സമയം ഉന്നത സ്വാധീനമുള്ള പ്രതി ആരെന്ന് രേഖാമൂലമുള്ള മറുപടിയില്‍ കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. കേസന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാനാവില്ലെന്നും മറുപടിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























