ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി

കഴിഞ്ഞവർഷം ശബരിമലയിലെ ദ്വാരപാലക ശില്പപാളികൾ സ്വർണംപൂശാൻ വേണ്ടി, ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന. സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) നിർണായകവിവരം കിട്ടി.
2019-ൽ നടന്നതിനെക്കാൾ വലിയ ഗൂഢാലോചനയും ഫയലുകളിലെ കൃത്രിമവും കഴിഞ്ഞ വർഷത്തെ സ്വർണംപൂശലിൽ ഉണ്ടായെന്നാണ് വിവരം. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽനിന്ന് വാറന്റി കിട്ടാതിരിക്കാനുള്ള ശ്രമമാണ് നടന്നത്. വാറന്റി ഇല്ലെങ്കിലേ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചെലവിൽ പൂശൽ നടക്കൂ. അതിന്റെ പേരിൽ പോറ്റിക്ക് പിരിവ് നടത്താനുള്ള കളമൊരുക്കുകയായിരുന്നുവെന്നാണ് എസ്.ഐ.ടി. സംശയിക്കുന്നത്. ഇതിനുള്ള ആസൂത്രണം നടന്നതായി ദേവസ്വംബോർഡ് യോഗത്തിലേക്കുവന്ന റിപ്പോർട്ട് തെളിവാകുന്നു.
സെപ്റ്റംബർ നാലിനാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിൽ 40 വർഷത്തെ വാറന്റി സർട്ടിഫിക്കറ്റ് ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് നൽകിയത്. പോറ്റിയുടെ ബെംഗളൂരുവിലെ വിലാസത്തിലാണ് സർട്ടിഫിക്കറ്റ്. തിരുവിതാംകൂർ ദേവസ്വംബോർഡ്, ശബരിമല എന്നീവാക്കുകളൊന്നും ഇതിലില്ല. ഭൗതികമായി കേടുപാടുകൾ ഉണ്ടെങ്കിലോ, രാസവസ്തുക്കൾ ഉപയോഗിച്ച് തുടച്ചെങ്കിലോ വാറന്റി കിട്ടില്ലെന്ന് സർട്ടിഫിക്കറ്റിലുണ്ട്.
2019-ൽ സ്വർണംപൂശി സ്ഥാപിച്ച പാളികളിൽ മൂന്നുകൊല്ലംകൊണ്ട് ഇത്രയും പൊട്ടലുണ്ടായെങ്കിൽ വിജയ്‌മല്യ സ്വർണംപൂശിയ 1998 മുതൽ 2019 വരെ പൊട്ടലില്ലാതിരുന്നത് എന്താണെന്ന ചോദ്യത്തിന് ഉത്തരം എസ്.ഐ.ടി. തേടുന്നുണ്ട്. കഴിഞ്ഞകൊല്ലത്തെ സ്വർണം പൂശലിനു തയ്യാറാക്കിയ റിപ്പോർട്ടിൽ, പാളികളിൽ നിക്കൽ തെളിഞ്ഞുകാണാമെന്നും പറയുന്നുണ്ട്. നിക്കൽ തെളിയണമെങ്കിൽ രാസവസ്തു ഉപയോഗിച്ചു എന്നതിനും തെളിവാകാം. പൊട്ടലും രാസവസ്തു ഉപയോഗിക്കലും ഫയലിൽമാത്രം ചെയ്തതായുള്ള നിഗമനത്തിലേക്ക് എസ്.ഐ.ടി. എത്തുന്നത് അങ്ങനെയാണ്. അയ്യപ്പസംഗമത്തിനു ശേഷം 2019-ലെ തട്ടിപ്പിന്റെ വിവരങ്ങൾ പുറംലോകമറിഞ്ഞതോടെ പി.എസ്. പ്രശാന്ത് പ്രസിഡന്റായ ബോർഡ് പോറ്റിയെ ഒഴിവാക്കി 2025-ൽ സ്വന്തം നിലയിൽ സ്വർണം പൂശുകയായിരുന്നു. പോറ്റി കുഴപ്പക്കാരനെന്ന് ബോധ്യമായെങ്കിലും എന്തിന് അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചു എന്നതും ദുരൂഹം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
https://www.facebook.com/Malayalivartha


























