ഇത്രയും പ്രതീക്ഷിച്ചില്ല... പത്തോളം അന്വേഷണ ഏജന്‍സികള്‍ മത്സരിച്ച് അന്വേഷണം മുറുക്കുമ്പോള്‍ സ്വപ്നയ്ക്ക് കുരുക്ക് മുറുകുന്നു; ജാമ്യം കിട്ടി പുറത്തിറങ്ങാനിരുന്ന സ്വപ്ന സുരേഷിനെ കോഫെപോസ ഇട്ട് പൂട്ടിയപ്പോള്‍ എന്‍ഐഎയ്ക്ക് ആശങ്ക; കോഫെപോസ ഉള്ളതിനാല്‍ എന്‍ഐഎ കേസില്‍ ജാമ്യം കിട്ടുമോയെന്ന് സംശയം

ആരാരും അറിയാതെ സര്‍ക്കാരിനേയും ജനങ്ങളേയും കബളിപ്പിച്ച് വര്‍ഷങ്ങളോളം സ്വര്‍ണക്കടത്ത് നടത്തിയ സ്വപ്ന സുരേഷും കൂട്ടരും ഒരിക്കലും വിചാരിച്ചില്ല ഇങ്ങനെയൊരു തിരിച്ചടിയുണ്ടാകുമെന്ന്. പത്തോളം അന്വേഷണ ഏജന്‍സികളാണ് ഇവര്‍ക്ക് പുറകിലുള്ളത്. അതേസമയം കസ്റ്റംസ് കേസില്‍ സ്വപ്‌നയ്ക്കും സരിത്തിനുമെതിരേ കോഫെപോസ ചുമത്തുന്നത് എന്‍.ഐ.എ. കേസില്‍ തിരിച്ചടിയാകുമെന്ന് ആശങ്ക ഉയര്‍ത്തുന്നുണ്ട്. പ്രതികള്‍ സ്ഥിരം കള്ളക്കടത്തുകാരാണെന്ന വാദം പരിഗണിച്ചാണു ജസ്റ്റിസ് പാനല്‍ കോഫെപോസ അനുവദിച്ചത്. ഇതോടെ പ്രതികളെ ഒരു വര്‍ഷം വരെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ കസ്റ്റംസിനാകും.
ഇന്നും നാളെയുമായി പ്രതികളുടെ ജാമ്യാപേക്ഷ എന്‍.ഐ.എ. കോടതി പരിഗണിക്കുന്നുണ്ട്. കോഫെപോസെ തടവുള്ളതിനാല്‍ തങ്ങളുടെ കേസില്‍ ജാമ്യം നല്‍കുമോയെന്നാണ് എന്‍.ഐ.എയുടെ ആശങ്ക.
കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോള്‍ സംസ്ഥാന വിജിലന്‍സും അന്വേഷണം കടുപ്പിക്കുകയാണ്. സ്വപ്നയേയും സരിത്തിനേയും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് ഇന്റലിജന്‍സ്. അതേസമയം സ്വപ്‌ന സുരേഷ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഐടി വകുപ്പിനു കീഴിലെ സ്‌പേസ് പാര്‍ക്കില്‍ ജോലി സമ്പാദിച്ചതിനെക്കുറിച്ചുള്ള അന്വേഷണം വിജിലന്‍സിനു കൈമാറുന്നു. സ്വപ്‌ന വ്യാജ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയതു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറിവോടെയെന്ന സൂചന നല്‍കി പോലീസ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വിജിലന്‍സിനു കൈമാറാനുള്ള ഉത്തരവ് ഇന്നുണ്ടായേക്കും.
സംഭവം വിവാദമായതിനെത്തുടര്‍ന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ഐടി വകുപ്പ് സെക്രട്ടറിയായിരുന്ന നിലയ്ക്ക് ശിവശങ്കറിനു പങ്കുണ്ടാകാനുള്ള സാധ്യതയും അന്വേഷിക്കും.
ഒരു ലക്ഷം രൂപയിലധികം മാസ ശമ്പളത്തിലാണ് സ്‌പേസ് പാര്‍ക്കില്‍ പ്രജക്ട് കോഓര്‍ഡിനേറ്ററായി സ്വപ്‌നയെ നിയമിച്ചത്. ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന ഗൂഢസംഘം സ്വപ്‌നയെ സഹായിച്ചെന്നും ഇതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും അഴിമതി നിരോധനനിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ സുനീഷ് ബാബു തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നേടിയ സ്‌പേസ് പാര്‍ക്ക് ജോലിയില്‍ സ്വപ്‌ന 20 ലക്ഷത്തോളം രൂപ കൈപ്പറ്റിയിരുന്നു. സ്വപ്‌നയെ ജോലിക്കു ശിപാര്‍ശ ചെയ്തതിനു കണ്‍സള്‍ട്ടന്‍സി കരാറുകാരായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പി.ഡബ്ല്യു.സി), ഇടനില കമ്പനിയായ വിഷന്‍ ടെക്‌നോളജി എന്നിവരെയും പ്രതിയാക്കണമെന്ന് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. സ്വപ്‌നയുടെ ബി.കോം. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും മഹാരാഷ്ട്ര ബാബാ സാഹിബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ സര്‍വകലാശാലയില്‍നിന്ന് അവര്‍ ബിരുദമെടുത്തിട്ടില്ലെന്നും സര്‍വകലാശാല അധികൃതര്‍ പോലീസിനെ അറിയിച്ചിരുന്നു.
അതേസമയം നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ എന്‍ ഐ എ കോടതി ഇന്ന് പരിഗണിക്കും. പ്രതി സന്ദീപ് നായര്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും. ഇത് പരിശോധിച്ച ശേഷമാകും കോടതി തീരുമാനം എടുക്കുക. നേരത്തെ പ്രതികളുടെ ജാമ്യാപേക്ഷ തടയുന്നതിന് ശക്തമായ എന്തെങ്കിലും തെളിവുണ്ടോയെന്ന് എന്‍ ഐ എയോട് കോടതി ചോദിച്ചിരുന്നു. ഇത് ഹാജരാക്കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുമെന്നും അറിയിച്ചിരുന്നു. കസ്റ്റംസ് മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറിയ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























