വിജയ്യെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ടിവികെ

2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടനും പാര്‍ട്ടി അദ്ധ്യക്ഷനുമായ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് തമിഴ് വെട്രി കഴകം (ടിവികെ). മഹാബലിപുരത്ത് നടന്ന ടിവികെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പ്രഖ്യാപനം. തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യമില്ലെന്നും ഡിഎംകെയുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമെന്നും വിജയ് വ്യക്തമാക്കി. ടിവികെയുമായി സഖ്യത്തിലാകാനുള്ള എഐഎഡിഎംകെയുടെ മോഹങ്ങള്‍ക്കും ഇതോടെ തിരശീല വീണുവെന്നാണ് വിലയിരുത്തല്‍.
കരൂര്‍ ദുരന്തത്തില്‍ ഡിഎംകെ സര്‍ക്കാരിനെ വിജയ് രൂക്ഷമായി വിമര്‍ശിച്ചു. 'കരൂരിലെ തിക്കിലും തിരക്കിലും പെട്ട് നമ്മുടെ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടതില്‍ പറഞ്ഞറിയിക്കാനാവാത്ത വേദനയിലാണ്. ഞങ്ങള്‍ക്കെതിരെ അനേകം അപവാദപ്രചാരണങ്ങളുണ്ടായി. സത്യവും നിയമവും കൊണ്ട് എല്ലാം നേടിയെടുക്കും.
കരൂര്‍ ദുരന്തത്തിന്റെ പേരില്‍ തന്നെയും പാര്‍ട്ടിയെയും പഴിചാരാന്‍ ശ്രമിക്കുകയാണ്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് ടിവികെയും ഡിഎംകെയും നേരിട്ടുള്ള മത്സരമായിരിക്കും. വരും മാസങ്ങളില്‍ പോരാട്ടം കടുക്കും. ഞങ്ങളുടെ റാലികള്‍ക്ക് അനുമതി ലഭിക്കാന്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നു. ഇത്തരം നിബന്ധനകള്‍ മറ്റൊരു പാര്‍ട്ടിക്കും നേരിടേണ്ടി വന്നിട്ടില്ല. കരൂര്‍ ദുരന്തത്തില്‍ പരമോന്നത കോടതി നടത്തിയ നിരീക്ഷണങ്ങള്‍ മുഖ്യമന്ത്രി മറന്നുപോയോ?
ഭരണകക്ഷിക്ക് ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ജനങ്ങള്‍ക്ക് ഡിഎംകെ സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ജനവികാരം മുഖ്യമന്ത്രിക്ക് അറിയാമോ? 2026ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം അക്കാര്യമറിയും. ജനവിധി അംഗീകരിക്കുന്ന പ്രസംഗവും മുഖ്യമന്ത്രിക്ക് തയ്യാറാക്കി വയ്ക്കാം'വിജയ് പറഞ്ഞു.
https://www.facebook.com/Malayalivartha
























