എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും നൈപുണ്യ പരിശീലനത്തിന് അവസരം സൃഷ്ടിക്കും; വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നതായി മന്ത്രി വി. ശിവൻകുട്ടി

രാജ്യത്ത് ആദ്യമായി നൈപുണ്യ വികസനത്തിന് വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതായി തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഓരോ ജില്ലയെയും പ്രത്യേക ലേബർ മാർക്കറ്റായി പരിഗണിച്ച് പ്രാദേശിക സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പാക്കുന്ന വിധത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച്, സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും നൈപുണ്യ പരിശീലനത്തിന് അവസരം സൃഷ്ടിക്കുന്നതിനുള്ള ബൃഹത് പദ്ധതി സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്ര നൈപുണ്യ വികസന മന്ത്രി ഈ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുമെന്നും സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.
സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെ മുഖ്യധാരയിൽ എത്തിച്ച് ഗുണനിലവാരം ഉറപ്പാക്കി സംസ്ഥാനത്തെ നൈപുണ്യ വികസന ആവാസ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനായി സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലെ കെയ്സിൽ അക്രെഡിറ്റ് ചെയ്യുന്നതിനുള്ള അക്രഡിറ്റേഷൻ പോളിസി തയ്യാറാക്കി കെയ്‌സ് ഭരണസമിതി അംഗീകാരം നൽകി. ഈ അക്രഡിക്കേഷൻ പോളിസി നടപ്പിലാക്കുന്നതിലൂടെ സ്വകാര്യ നൈപുണ്യ പരിശീലന രംഗത്ത് അനുഭവസമ്പത്തും വിഭവശേഷിയും അടിസ്ഥാന സൗകര്യങ്ങളും പ്രയോജനപ്പെടുത്തി നൈപുണ്യ പരിശീലനം മികച്ച രീതിയിൽ ഏകോപിപ്പിക്കുന്നതിനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.
കേന്ദ്രസർക്കാരുമായി സഹകരിച്ച് സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളിൽപ്പെട്ട പതിനയ്യായിരത്തി മുന്നൂറ്റി തൊണ്ണൂറ് ഉദ്യോഗാർത്ഥികൾക്കായി 2026 മാർച്ച് മാസത്തിനകം മുപ്പത്തിനാല് കോടി രൂപ ചെലവിട്ട് സംസ്ഥാന നൈപുണ്യ വികസന മിഷൻ മുഖാന്തരം പി എം കെ വി വൈ- ഫോർ നടപ്പിലാക്കുന്നതിന് സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ് നേതൃത്വം നൽകുന്നു.
കേന്ദ്ര നൈപുണ്യവും സംരംഭകത്വവും വകുപ്പും കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസും സംയുക്തമായി രാജ്യത്ത് ആദ്യമായി മെട്രോ ആൻഡ് റെയിൽ ടെക്‌നോളജി മേഖലയിൽ ദേശീയ പരിശീലന സ്ഥാപനം ആരംഭിക്കും. കൊട്ടാരക്കരയിൽ ഡ്രോൺ ടെക്‌നോളജിയിൽ ഐഐടി പാലക്കാട്, നീലിറ്റ് എന്നിവയുമായി സഹകരിച്ച് മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആൻഡ് ടെലി കമ്മ്യൂണിക്കേഷന്റെ സഹകരണത്തോടെ പരിശീലനം നൽകും.
https://www.facebook.com/Malayalivartha

























