റിമാന്‍ഡ് പ്രതി കോവിഡ് കേന്ദ്രത്തില്‍ വച്ച് മരിച്ച സംഭവത്തില്‍ നാലു ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

പത്തുകിലോ കഞ്ചാവുമായി തൃശൂരില്‍ പൊലീസ് പിടികൂടിയ ഷെമീര്‍ കോവിഡ് കേന്ദ്രത്തില്‍ മരിച്ചതിനെ തുടര്‍ന്ന് നാലു ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നാണ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. മരണകാരണമാവുന്ന രീതിയില്‍ മര്‍ദിച്ചിട്ടില്ലെന്നും വിലയിരുത്തല്‍.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 29-നാണ് ഷെമീറും സംഘവും പിടിയിലായത്. അന്നുതന്നെ, കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിരുന്നു. റിമാന്‍ഡ് ചെയ്യും മുമ്പ് പ്രതിക്കു നടത്തിയ വൈദ്യപരിശോധനയില്‍ മര്‍ദനമേറ്റതായി കണ്ടെത്തിയിട്ടില്ല. ജയില്‍ വകുപ്പിന്റെ കോവിഡ് കെയര്‍ സെന്ററിലേക്കാണ് പ്രതിയെ കൊണ്ടുപോയത്.
അവിടെവച്ച്, മൂന്നു പ്രതികള്‍ക്കും ക്രൂരമായി മര്‍ദനമേറ്റെന്നാണ് മൊഴി. ഗുരുതരാവസ്ഥയിലായ ഷെമീറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്് നാല്‍പതോളം ക്ഷതങ്ങള്‍ ശരീരത്തിലുണ്ടായിരുന്നതായാണ്. വാരിയെല്ല് തകര്‍ന്നിട്ടുണ്ട്. ജയില്‍ ഉദ്യോഗസ്ഥരെ പ്രതിയാക്കി കേസെടുക്കണമെന്ന് ഷെമീറിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























