ഏറെ സവിശേഷതകളുമായി പുതിയ ഹൈടെക് അമ്മത്തൊട്ടിലു കള്‍ തയ്യാറാവുന്നു

ഇനി അമ്മത്തൊട്ടിലില്‍ കുഞ്ഞിനെ കിടത്തിയാലുടന്‍ തൊട്ടിലിനുള്ളില്‍ നിന്നും വികാരാര്‍ദ്രമായ ഒരു ചോദ്യം മുഴങ്ങും, 'ഓമനത്തമുള്ള ഈ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു പോവുകയാണോ? തീരുമാനം ഒന്നു പുനഃപരിശോധിച്ചുകൂടെ?' കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ നേതൃത്വത്തില്‍ തൊട്ടിലൊന്നിന് 10 ലക്ഷം രൂപ മുടക്കി നിര്‍മ്മിക്കുന്ന പുതിയ ഹൈടെക് അമ്മത്തൊട്ടിലുകള്‍ക്കാണ് ഇതുള്‍പ്പെടെയുള്ള സവിശേഷതകള്‍.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും ഹൈടെക് നവീകരണം നടക്കുകയാണെന്ന് ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഡോ. ജെ.എസ്. ഷിജു ഖാന്‍ പറഞ്ഞു.
കുഞ്ഞിനെ തൊട്ടിലില്‍ ഉപേക്ഷിച്ചാല്‍ ദൃശ്യം തത്സമയം ശിശുക്ഷേമ സമിതി ഓഫിസിലോ ജില്ലാതല ശിശുപരിചരണ കേന്ദ്രത്തിലോ എത്തും. ഉപേക്ഷിക്കുന്നയാളുടെ കൈകള്‍ മാത്രമേ ദൃശ്യങ്ങളിലുണ്ടാകൂ. എന്നാല്‍ കുഞ്ഞിനെ വ്യക്തമായി കാണാം. അന്തിമ തീരുമാനമെടുക്കാന്‍ അല്‍പം കൂടി സമയം നല്‍കിയ ശേഷം തൊട്ടിലില്‍നിന്നു സന്ദേശം മുഴങ്ങും: ധൈര്യമായി തൊട്ടിലില്‍ കിടത്തിക്കോളൂ. കുഞ്ഞ് ഇവിടെ സുരക്ഷിതമായിരിക്കും.
അമ്മത്തൊട്ടിലുള്ള മുറിയില്‍ നിന്നും ഉപേക്ഷിച്ചയാള്‍ പുറത്തിറങ്ങി 30 സെക്കന്റിനുള്ളില്‍ വാതില്‍ അടയും. ലൈറ്റുകള്‍, എസി, ഫാന്‍ എന്നിവ സ്വയം പ്രവര്‍ത്തിച്ചു തുടങ്ങും. താമസിയാതെ ഉദ്യോഗസ്ഥരും നഴ്‌സും ആയമാരുമെത്തി കുഞ്ഞിനെ ഏറ്റെടുക്കും. നൂതന ക്യാമറ, സെന്‍സര്‍ എന്നിവ വഴിയാണ് ദൃശ്യങ്ങള്‍ ബന്ധപ്പെട്ട മോണിറ്ററിങ് സെല്ലുകളിലെത്തുന്നത്.
പുതിയ കുരുന്ന് അമ്മത്തൊട്ടിലില്‍ എത്തിയെന്ന വിവരം കലക്ടര്‍, ഡിഎംഒ, ശിശുക്ഷേമ സമിതി ഭാരവാഹികള്‍ എന്നിവര്‍ക്ക് എസ്എംഎസ് ആയി ലഭിക്കും.
തിരുവനന്തപുരത്തും എറണാകുളത്തും ഹൈടെക് അമ്മത്തൊട്ടിലുകള്‍ സജ്ജമായി. പത്തനംതിട്ടയിലും കോഴിക്കോടും താമസിയാതെ പ്രവര്‍ത്തനം ആരംഭിക്കും. മറ്റു ജില്ലകളില്‍ ഫെബ്രുവരിക്കുള്ളില്‍ സജ്ജമാകും.
https://www.facebook.com/Malayalivartha
























