ഒക്ടോബര്‍ 23 മുതല്‍ പ്രാബല്യത്തോടെ സംവരേണതര വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തികസംവരണം പി.എസ്.സി. നടപ്പാക്കി

ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം സംവരേണതരവിഭാഗങ്ങള്‍ക്കുള്ള 10 ശതമാനം സാമ്പത്തികസംവരണം നടപ്പാക്കുന്നതിന് അംഗീകാരം നല്‍കി. സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയ ഒക്ടോബര്‍ 23 മുതല്‍ പ്രാബല്യം നല്‍കാനാണ് തീരുമാനം. മുന്‍കാലപ്രാബല്യമുണ്ടായിരിക്കില്ല.
അര്‍ഹരായവര്‍ക്ക് സംവരണആനുകൂല്യം തേടാനായി, ഒക്ടോബര്‍ ഇരുപത്തിമൂന്നിനോ അതിനുശേഷമോ സമയപരിധി തീര്‍ന്ന അപേക്ഷകളില്‍ പത്തുദിവസം സമയം നീട്ടിനല്‍കിയിട്ടുണ്ട്. ഇപ്പോള്‍ അപേക്ഷിച്ചിട്ടുള്ളവര്‍ക്കു ജനറല്‍ വിഭാഗം എന്ന് മാറ്റി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം (ഇ.ഡബ്ല്യു.എസ്) എന്ന് തിരുത്തി നല്‍കാം.
സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത് സാമ്പത്തികസംവരണം എന്നുമുതല്‍ നടപ്പാക്കണമെന്ന് വ്യക്തമാക്കാതെയാണ്. മുന്‍കാലങ്ങളില്‍ ജാതിസംവരണം സംബന്ധിച്ച കാര്യങ്ങളിലെ ഉത്തരവുകള്‍, പ്രത്യേകദിവസം മുതല്‍ നടപ്പാക്കണമെന്ന് നിര്‍ദേശിച്ചപ്പോള്‍ അത് സാങ്കേതികമായ ചില പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. അത്തരം മാറ്റങ്ങളുമായി ബന്ധപ്പെട്ട് പി.എസ്.സി. കാലങ്ങളായി ഇറക്കിയ ഉത്തരവുകള്‍ ഹൈക്കോടതിയും സുപ്രീം കോടതിയും റദ്ദാക്കുകയും ചെയ്തിരുന്നു. അത്തരം സാങ്കേതിക പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായാണ് ഇക്കുറി പ്രത്യേക തീയതി ചൂണ്ടിക്കാട്ടാതെ ഉത്തരവിറക്കിയത്.
ഭരണഘടനാ ഭേദഗതിയുടെയും കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന്റെയും ചുവടുപിടിച്ച് സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ സാമ്പത്തികമായി പിന്നോക്കമുള്ള മുന്നോക്കവിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തി കഴിഞ്ഞമാസം 23-നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
ജാതിസംവരണം സംബന്ധിച്ച കാര്യങ്ങളിലെ ഉത്തരവുകള്‍, പ്രത്യേകദിവസം മുതല്‍ നടപ്പാക്കണമെന്ന് നിര്‍ദേശിച്ചപ്പോള്‍ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞ സാഹചര്യത്തില്‍, ഉത്തരവിറങ്ങുന്ന ദിവസം മുതല്‍മാത്രമേ അതിന് പ്രാബല്യമുണ്ടാകുകയുള്ളു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ 23 മുതല്‍ ഇന്നുവരെ അപേക്ഷ നല്‍കാന്‍ സമയപരിധിയുള്ള റാങ്ക് പട്ടികകള്‍ക്കും സംവരണം ബാധകമാക്കുന്നത്.
https://www.facebook.com/Malayalivartha