ലഹരിമരുന്നുകേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് കേരളത്തിലും ബിനാമി ഇടപാടുകളുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...

ലഹരിമരുന്നുകേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് കേരളത്തിലും ബിനാമി ഇടപാടുകളുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). ഈ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണം. ലഹരിമരുന്നുകേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപിന് കണക്കില്‍പ്പെടാത്ത വന്‍തുക ബിനീഷ് നല്‍കിയിട്ടുണ്ട്. ഇവയുടെ ഉറവിടം വ്യക്തമാക്കാന്‍ ബിനീഷിന് കഴിഞ്ഞിട്ടില്ലെന്നും ബെംഗളൂരു പ്രത്യേക കോടതിയില്‍ ഇ.ഡി. നല്‍കിയ കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നു. 2012-'19 കാലയളവില്‍ ബിനീഷിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപമായെത്തിയത് അഞ്ചുകോടിരൂപയിലേറെയാണ്.
എന്നാല്‍ ആദായനികുതിവകുപ്പിന് സമര്‍പ്പിച്ച റിട്ടേണും നിക്ഷേപവും തമ്മില്‍ വലിയ അന്തരമുണ്ട്. ലഹരിമരുന്ന് ഇടപാടിലൂടെയാണ് പണം സ്വരൂപിച്ചതെന്നും ഇ.ഡി. പറയുന്നു. എന്നാല്‍, ബാങ്ക് വായ്പയെടുത്താണ് മുഹമ്മദ് അനൂപിന് പണം നല്‍കിയതെന്നാണ് ബിനീഷിന്റെ മൊഴി. ബിനീഷിന്റെ സാമ്പത്തികസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം. സ്വര്‍ണക്കടത്തുകേസിലെ പ്രതി അബ്ദുല്‍ ലത്തീഫ്, ബിനീഷിന്റെ ബിനാമിയും ബസിനസ് പങ്കാളിയുമാണെന്ന് ഇ.ഡി. പറയുന്നു.
സാമ്പത്തിക ഇടപാട് പിടിക്കപ്പെടാതിരിക്കാന്‍ ബിനാമികളുടെപേരിലാണ് സ്ഥാപനങ്ങള്‍ തുടങ്ങിയത്. ലഹരിമരുന്നുകച്ചവടത്തിലൂടെ ബിനീഷ് സ്വരൂപിച്ച ആസ്തികള്‍ കൈവശംവെച്ചത് അബ്ദുല്‍ ലത്തീഫായിരുന്നുവെന്നും ഇയാളുടെ ഓള്‍ഡ് കോഫി ഹൗസില്‍ ബിനീഷിന് പങ്കാളിത്തമുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യണമെന്നും പറയുന്നു.
"
https://www.facebook.com/Malayalivartha