സിസ്റ്റര്‍ അഭയ കൊലക്കേസ് : ശക്തമായ തെളിവുകളുടെയും ഉത്തമ ബോധ്യത്തിലുമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് എസ്.പി.നന്ദകുമാര്‍ നായര്‍ സി ബി ഐ കോടതിയില്‍

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലും പ്രതികള്‍ കൃത്യം ചെയ്തുവെന്ന ഉത്തമ ബോധ്യത്തിലുമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതെന്ന് സിബിഐ എസ്.പി. തിരുവനന്തപുരം സിബിഐ കോടതിയില്‍ സാക്ഷിമൊഴി നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്.പി. നന്ദകുമാര്‍ നായര്‍ പ്രോസിക്യൂഷന്‍ ഭാഗം നാല്‍പത്തിയൊമ്പതാം സാക്ഷിയായി മൊഴി നല്‍കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2008 നവംബര്‍ 18 നാണ് അഭയ കേസിലെ പ്രതികളെ തന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തതെന്ന് സിബിഐ ജഡ്ജി കെ. സനില്‍കുമാര്‍ മുമ്പാകെ എസ്. പി. മൊഴി നല്‍കി. പ്രതികള്‍ 49 ദിവസങ്ങളായി ജയില്‍ റിമാന്‍ഡില്‍ കഴിയവേ 2009 ജൂലൈ 17 ന് പ്രതികള്‍ക്കെതിരെ കോടതിയില്‍ താന്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2008 നവംബര്‍ 1നാണ് അഭയ കേസിന്റെ അന്വേഷണം താന്‍ ഏറ്റെടുത്തത്. 17 ദിവസത്തിനുള്ളിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം മൊഴി നല്‍കി.
16 വര്‍ഷത്തിനുള്ളില്‍ 13 സി ബി ഐ ഉദ്യോഗസ്ഥര്‍ പല ഘട്ടങ്ങളിലായി കേസ് അന്വേഷിച്ചെങ്കിലും പ്രതികളെ നന്ദകുമാര്‍ നായര്‍ അന്വേഷണം ഏറ്റെടുത്ത് 17 ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ തൊണ്ടി മുതലുകള്‍ നശിപ്പിച്ചത് ക്രൈംബ്രാഞ്ചാണെന്ന് സിബിഐ ഡിവൈഎസ്പി ദേവരാജന്‍ സിബിഐ കോടതിയില്‍ നേരത്തേ സാക്ഷിമൊഴി നല്‍കിയിരുന്നു. അഭയയെ പ്രതികള്‍ കിണറ്റിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകവേ വാതിലിനിടയില്‍ കുടുങ്ങിയ അഭയയുടെ ശിരോവസ്ത്രം , തെറിച്ചുവീണ ചെരുപ്പുകള്‍ എന്നിവയടക്കമുള്ള തൊണ്ടിമുതലുകള്‍ കോട്ടയം ആര്‍ ഡി ഒ കോടതിയില്‍ നിന്നും മടക്കി വാങ്ങിയ ശേഷം ക്രൈംബ്രാഞ്ച് എസ്.പി. സാമുവല്‍ അവ തിര്യെ ഏല്‍പ്പിച്ചില്ലെന്നും ഡിവൈഎസ്പി ദേവരാജന്‍ മൊഴി നല്‍കിയിരുന്നു.
1992 മാര്‍ച്ച് 27 നാണ് അഭയ കൊല്ലപ്പെട്ടത്. ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരാണ് ഇപ്പോള്‍ വിചാരണ നേരിടുന്ന പ്രതികള്‍.
അഭയ കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം നാല്‍പ്പത്തൊമ്പതാം സാക്ഷിയായി എസ്.പി. നന്ദകുമാര്‍ നായരെ വിസ്തരിച്ചതോടെ പ്രോസിക്യൂഷന്‍ ഭാഗം സാക്ഷി വിസ്താരം പൂര്‍ത്തിയായതായി പ്രോസിക്യൂട്ടര്‍ നവാസ് സിബിഐ ജഡ്ജി സനില്‍കുമാര്‍ മുമ്പാകെ ബോധിപ്പിച്ചു. സുപ്രീം കോടതി വരെ നീണ്ട നിയമക്കുരുക്കിനൊടുവില്‍ 2019 ലാണ് കേസില്‍ തിരുവനന്തപുരം സിബിഐ കോടതി മുമ്പാകെ സാക്ഷി വിസ്താര വിചാരണ ആരംഭിച്ചത്.
"
https://www.facebook.com/Malayalivartha