വെഞ്ഞാറമൂട് ഇരട്ട കൊലപാതകം: കേസ് ഡയറി ഫയലും പോലീസ് റിപ്പോര്‍ട്ടും ഹാജരാക്കാന്‍ ജില്ലാ കോടതി: അന്‍സറിന്റെയും ഷജിത്തിന്റെയും ജാമ്യ ഹര്‍ജിയില്‍ 9 ന് സര്‍ക്കാര്‍ നിലപാടറിയിക്കണമെന്നും കോടതി

തിരുവോണത്തലേന്ന് വെഞ്ഞാറമൂട് തേമ്പാംമൂട് നടന്ന ഇരട്ടക്കൊലപാതകക്കേസില്‍ കേസ് ഡയറി ഫയലും പോലീസ് റിപ്പോര്‍ട്ടും നവംബര്‍ 9 ന് ഹാജരാക്കാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. 9 ന് സര്‍ക്കാര്‍ നിലപാടറിയിക്കാനും പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.ബാബു ഉത്തരവിട്ടു. കൊലക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്റില്‍ കഴിയുന്ന പ്രതികളായ അന്‍സറും ഷജിത്തും സമര്‍പ്പിച്ച ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
2020 തിരുവോണത്തലേന്ന് ആഗസ്റ്റ് 30ന് അര്‍ദ്ധ രാത്രിയിലാണ് ഇരട്ടക്കൊലപാതകം നടന്നത്. ആയുധങ്ങള്‍ കൈവശം വച്ച് ഇരുവിഭാഗം യുവാക്കള്‍ തമ്മില്‍ നടത്തിയ ഏറ്റുമുട്ടലിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. തേമ്പാംമൂട് വച്ച് നടന്ന അക്രമ സംഭവത്തില്‍ സിസിറ്റിവി ഫൂട്ടേജില്‍ മാരകയാധുങ്ങളായ വാളുകള്‍ ഉപയോഗിച്ച് ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടത്തിയ വെട്ടും കുത്തും പ്രകടമായി കാണാന്‍ കഴിയുന്നതാണ്. ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് ജോയിന്റ് സെക്രട്ടറി വെമ്പായം തേവലക്കാട് സഫിയൂല്‍ നിസാം മന്‍സിലില്‍ മിഥിലാജ് (30) , ഡിവൈഎഫ്‌ഐ കലുങ്കില്‍ മുഖം യൂണിറ്റ് പ്രസിഡന്റ് കലുങ്കില്‍മുഖം ബിസ്മി മന്‍സിലില്‍ ഹഖ് മുഹമ്മദ് (24) എന്നിവരാണ് അര്‍ദ്ധരാത്രിയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
ആഗസ്റ്റ് 13 ന് പ്രതികളിലൊരാളായ സജീവ് സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ കൊല്ലപ്പെട്ട ഹക്ക് മുഹമ്മദും സംഘവും ആക്രമിച്ച് തടികൊണ്ടടിച്ചതാണ് തിരിച്ചടി നല്‍കാന്‍ കാരണമായതെന്ന് എന്ന മൊഴിയാണ് അറസ്റ്റിലായ പ്രതികള്‍ പോലീസിന് ആവര്‍ത്തിച്ചു നല്‍കിയിരിക്കുന്നത്. പ്രതികാരം ചെയ്യണമെന്ന് അന്ന് തീരുമാനിച്ചത് കൊണ്ടാണ് പോലീസില്‍ അന്ന് പരാതിപ്പെടാത്തതെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞതായാണ് പോലീസ് വിശദീകരിക്കുന്നത്. അതേ സമയം വ്യക്തിപരമായുള്ള വിരോധത്താല്‍ നടന്ന സംഘട്ടനത്തെ പോലീസ് ഇടത് പക്ഷ സര്‍ക്കാരിന്റെ ആജ്ഞയനുസരിച്ച് രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ആരോപണമുയര്‍ന്നു. നിക്ഷ്പക്ഷ അന്വേഷണത്തിന് കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകള്‍ സംസ്ഥാനമൊട്ടാകെ ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു. കോവിഡ് മാനദണ്ഡം പാലിച്ച് ജംഗ്ഷനുകള്‍ക്ക് സമീപം വച്ചാണ് ഉപവാസ സമരം നടത്തിയത്.
കേസില്‍ പ്രതികളായി യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറി പുല്ലമ്പാറ മരുതുംമൂട് ഷജിത് മന്‍സിലില്‍ ഷജിത്ത് (27) , പുല്ലമ്പാറ മുക്കൂടില്‍ ചരുവിള പുത്തന്‍ വീട്ടില്‍ അജിത് (27) , തേമ്പാമൂട് മരുതുംമൂട് റോഡരികത്ത് വീട്ടില്‍ നജീബ് (41) , മരുതുംമൂട് റോഡരികത്ത് വീട്ടില്‍ സതികുമാര്‍ (46) , തേമ്പാമൂട് സ്വദേശി അന്‍സര്‍ (40) , മദപുരം സ്വദേശി ഉണ്ണി (44) , മദപുരം സ്വദേശി പ്രീജ എന്നിവരെ സെപ്റ്റംബര്‍ 1ന് പോലീസ് അറസ്റ്റ് ചെയ്തു. സജീവ് , സനല്‍ എന്നിവരെ സെപ്റ്റംബര്‍ 4ന് അറസ്റ്റ് ചെയ്തു.
കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടന്നതെന്നും ഉന്നത തലത്തിലുള്ള ഗൂഡാലോചനയുണ്ടായെന്നും പോലീസ് വ്യക്തമാക്കുന്നു. രാഷ്ട്രീയമാണ് കൊലപാതകത്തിന് പിന്നിലെന്ന് ആദ്യ നാലു പ്രതികളുടെ റിമാന്റ് റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഉടലെടുത്ത പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രതികളും കൊല്ലപ്പെട്ടവരും തമ്മില്‍ തേമ്പാമൂട് വച്ച് സംഘര്‍ഷമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി ഏപ്രില്‍ 4 ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷഫീനെ നജീബ് , അജിത് , ഷജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ആക്രമിച്ചു.
പിന്നീട് മെയ് 25 ന് ഡിവൈഎഫ്‌ഐഐ പ്രവര്‍ത്തകന്‍ ഫൈസലിന് നേരെയും കൊലപാതക ശ്രമമുണ്ടായി. അഗസ്റ്റ് 30 ന് കൊല്ലപ്പെട്ട ഹഖ് മുഹമ്മദിന്റെ ബന്ധുവാണ് ഫൈസല്‍. ഫൈസല്‍ വധശ്രമക്കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഇവര്‍ അറസ്റ്റിലായതാണ് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് ഭാഷ്യം.
കൊല്ലപ്പെട്ടവര്‍ സ്വയരക്ഷക്കായി ആയുധം കരുതിയിരിക്കാമെന്ന് സെപ്റ്റംബര്‍ 4ന് സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ ഇരുവിഭാഗത്തിന്റെ കൈയ്യിലും ആയുധമുണ്ടായിരുന്നല്ലോ എന്ന ചോദ്യത്തോടായിരുന്നു പ്രതികരണം.
"
https://www.facebook.com/Malayalivartha