ഭിന്നശേഷിക്കാര്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം നല്‍കാത്തതിന് കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

സംസ്ഥാന സര്‍ക്കാരിലെ വിവിധ വകുപ്പുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം നല്‍കാത്തതിന് കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. കണ്ണൂര്‍ നാറാത്ത് യുപി സ്‌കൂള്‍ അധ്യാപകന്‍ കെ.എന്‍. ആനന്ദ് ഉള്‍പ്പെടെ 13 പേരാണു ഹര്‍ജിക്കാര്‍.
ഭിന്നശേഷിക്കാര്‍ക്ക് 4 ശതമാനമെങ്കിലും സര്‍ക്കാര്‍ ജോലികളില്‍ സംവരണം നല്‍കണമെന്നാണ് 2016-ല്‍ പാര്‍ലമെന്റ് പാസാക്കിയ, ഭിന്നശേഷിക്കാരുടെ അവകാശം സംബന്ധിച്ച നിയമത്തിലെ വ്യവസ്ഥ. ഉയര്‍ന്ന തസ്തികകളിലുള്‍പ്പെടെ സ്ഥാനക്കയറ്റത്തിന് ഭിന്നശേഷിക്കാര്‍ക്ക് സംവരണം നല്‍കാമെന്ന് രാജീവ് കുമാര്‍ ഗുപ്ത കേസില്‍ സുപ്രീം കോടതി വിധിച്ചിരുന്നു.
കേന്ദ്രവും സംസ്ഥാനങ്ങളും വിധി കര്‍ശനമായി പാലിക്കണമെന്ന് സംവരണം സംബന്ധിച്ച ഇന്ദിര സാഹ്നി കേസിലെ വിധിക്ക് വിരുദ്ധമാണ് ഈ വിധി എന്ന വാദം തള്ളിയ സുപ്രീം കോടതി, കഴിഞ്ഞ ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവുന്നില്ലെന്ന് മാത്യു കുഴല്‍നാടന്‍ മുഖേന നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ആഭ്യന്തരം, സാമൂഹിക നീതി, പൊതുവിദ്യാഭ്യാസം, മരാമത്ത്, റവന്യു, തദ്ദേശ ഭരണ വകുപ്പുകളുടെ സെക്രട്ടറിമാരെയാണ് എതിര്‍കക്ഷികളാക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha