രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താൻ... കേസുകളില്‍ രാഷ്‌ട്രീയ നേതാക്കളുടെ പേരു പറയാത്തതുകൊണ്ടാണ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് തന്നെ അറസ്‌റ്റ് ചെയ‌്തതെന്ന് എം. ശിവശങ്കര്‍

സ്വര്‍ണക്കടത്ത്, ലൈഫ്‌മിഷന്‍ തുടങ്ങിയ കേസുകളില്‍ രാഷ്‌ട്രീയ നേതാക്കളുടെ പേരു പറയാത്തതുകൊണ്ടാണ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് തന്നെ അറസ്‌റ്റ് ചെയ‌്തതെന്ന് എം. ശിവശങ്കര്‍. രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താനെന്നും, കുറ്റകൃത്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ വിശദീകരണ പത്രികയിലാണ് ശിവശങ്കര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.
എന്‍ഫോഴ്‌സ്മെന്റിന്റെ സമ്മര്‍ദ്ദങ്ങള്‍ വഴങ്ങാത്തതതാണ് അറസ്‌റ്റിന്റെ പ്രധാനകാരണം. സ്വപ്നയും തന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ വേണുഗോപാലും തമ്മിലുള്ള വാട്സാപ്പ് സന്ദേശത്തിന്റെ പൂര്‍ണ്ണരൂപവും ശിവശങ്കര്‍ രേഖമൂലം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ വാട്സാപ്പ് സന്ദേശങ്ങള്‍ പരിശോധിക്കണം. താന്‍ ഒരു കസ്റ്റംസ് ഓഫീസറേയും സ്വര്‍ണക്കടത്തിന് വേണ്ടി വിളിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരണത്തില്‍ പറയുന്നു. ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ കോടതി നാളെ വിധി പറയാനിരിക്കെയാണ് വിശദീകരണം.
അതേസമയം, ശിവശങ്കറിനെ കസ്റ്റംസ് കാക്കനാട് ജില്ലാ ജയിലില്‍ ചോദ്യം ചെയ്യുകയാണ്. ഉച്ചയോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ജില്ലാ ജയിലിലെത്തിയത്. ചോദ്യം ചെയ്യല്‍ അഞ്ചു മണിവരെ നീളുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























