ഏലൂരിലെ ജൂവലറിയില്‍ കവര്‍ച്ച, 362 പവന്‍ സ്വര്‍ണ്ണവും 25 കിലോ വെള്ളിയാഭരണങ്ങളും കവര്‍ന്നു

കളമശേരി ഏലൂരിലെ ഐശ്വര്യ ജൂവലറിയില്‍ ലോക്കര്‍ തകര്‍ത്ത് കവര്‍ച്ച. ജൂവലറിയില്‍നിന്ന് 362 പവനും 25 കിലോ വെള്ളിയാഭരണങ്ങളും കവര്‍ന്നു. ജൂവലറിയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സലൂണിന്റെ ഭിത്തി തുരന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ക്കുകയായിരുന്നു.
ഷോപ്പിങ് കോംപ്ലക്സിലെ ഒരു മുറി പ്ലൈവുഡ് ഷീറ്റ് ഉപയോഗിച്ച് രണ്ടായി തിരിച്ചാണ് ജൂവലറിയും ഒ.കെ. സലൂണും പ്രവര്‍ത്തിക്കുന്നത്. രണ്ടും വിജയകുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്.
ഞായറാഴ്ച ജൂവലറി പ്രവര്‍ത്തിച്ചിരുന്നില്ല. സലൂണ്‍ രാത്രി ഏഴു വരെ പ്രവര്‍ത്തിച്ചിരുന്നു. ഞായറാഴ്ച രാത്രി 11-നും ഇന്നലെ പുലര്‍ച്ചെ നാലിനും മധ്യേ മുറിയുടെ പുറകു വശത്തെ മതില്‍ തുരന്നാണ് മോഷ്ടാവ് സലൂണില്‍ കടന്നത്. സലൂണിലെ വാഷ്ബേസിന്‍ മാറ്റി ഷീറ്റ് പൊളിച്ചു ജൂവലറിയില്‍ കയറുകയായിരുന്നു. ജൂവലറിയിലെ മുക്കാല്‍ ഇഞ്ച് കനമുള്ള ലോക്ക്ലിവര്‍ തിരിക്കുന്ന ചക്രം അറുത്തുമുറിച്ചാണ് ലോക്കര്‍ തുറന്നത്.
24 മണിക്കൂറും സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ കാവലുള്ള ഫാക്ട് ഹെഡ്ഓഫീസുമായി 50 മീറ്റര്‍മാത്രം അകലത്തിലാണ് ജൂവലറി. സ്ഥലവും ജൂവലറിയും നല്ല പരിചയമുള്ളവര്‍ക്കേ കൃത്യമായി ഫാക്ട് വളപ്പില്‍ കയറി സലൂണിന്റെ പുറത്തെ മതില്‍ കുത്തിത്തുറക്കാന്‍ കഴിയൂ. ഫാക്ട് ഹെഡ് ഓഫീസ് ഗേറ്റിലെ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരേയും വെട്ടിച്ചാണ് കവര്‍ച്ച. കടയിലെ സി.സി. ടിവി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് വിജയകുമാര്‍ പറഞ്ഞു.
ഡി.സി.പി. രമേഷ് കുമാര്‍, എ.സി.പി. ലാല്‍ജി, ഏലൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എം.മനോജ് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി ഡോഗ് സ്‌ക്വാഡ്, ഫിംഗര്‍ പ്രിന്റ്, ഫോറന്‍സിക് വിഭാഗങ്ങളും സ്ഥലത്തെത്തി അന്വേഷണം നടത്തി.
https://www.facebook.com/Malayalivartha