നവജാതശിശുവിനെ ട്രെയിനിലെ ടോയ്‌ലറ്റിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്

ട്രെയിനിലെ ടോയ്‌ലറ്റിനുള്ളില്‍ നവജാത ശിശുവിനെ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് സ്വന്തം പിതാവിന്റെ പീഡനകഥ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കുഞ്ഞാണെന്ന് കണ്ടെത്തി. സ്വന്തം പിതാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതാണെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കി.
ബീഹാറിലാണ് ഈ ക്രൂരത നടന്നത്. പിതാവില്‍ നിന്ന് ബലാത്സംഗത്തിനിരയായത് കുടുംബം മൂടിവയ്ക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. പിതാവ് ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് ട്രെയിനില്‍ കൊണ്ടുപോകുന്നതിനിടെ ജൂണ്‍ 22നാണ് കുഞ്ഞ് ജനിച്ചത്. ട്രെയിന്‍ വാരണാസിക്ക് സമീപം എത്തിയപ്പോഴാണ് ടോയ്‌ലറ്റില്‍ പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
കുഞ്ഞിനെ ബാഗിലാക്കിയ ശേഷം മറ്റൊരു ട്രെയിനിന്റെ ടോയ്ലറ്റില്‍ ഉപേക്ഷിച്ച ശേഷം പെണ്‍കുട്ടിയും കുടുംബവും ഇറങ്ങിപോകുകയായിരുന്നു. പട്‌ന ഛണ്ഡീഗഢ് വേനല്‍ക്കാല പ്രത്യേക ട്രെയിനിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ബറേലിക്ക് സമീപമെത്തിയപ്പോഴാണ് ട്രെയിനിലെ കച്ചവടക്കാര്‍ ഒരു കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നത്. പിന്നാലെ പരിശോധിച്ചപ്പോഴാണ് പൊക്കിള്‍ക്കൊടി മുറിച്ചിട്ടില്ലാത്ത നിലയില്‍ ടോയ്‌ലറ്റില്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ടിടിഇയെ സമീപിച്ചു. പിന്നീട് മൊറാദാബാദിലെത്തിയപ്പോള്‍ ട്രെയിന്‍ അധികൃതര്‍ കുഞ്ഞിന് വൈദ്യസഹായം ലഭ്യമാക്കി.
കുഞ്ഞിനെ ഉപേക്ഷിച്ച ബാഗില്‍ നിന്ന് കണ്ടെത്തിയ സിം കാര്‍ഡാണ് കേസില്‍ വഴിത്തിരിവായത്. സിം കാര്‍ഡിന്റെ ഉടമ പെണ്‍കുട്ടിയുടെ ബന്ധുവായിരുന്നു. പെണ്‍കുട്ടി ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയായതാണെന്ന് ഇയാളില്‍ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ബീഹാറിലെ ഛപ്രയിലായിരുന്നു പെണ്‍കുട്ടിയുടെ കുടുംബം. തന്റെ പിതാവ് മദ്യപാനിയാണെന്നും വര്‍ഷങ്ങളായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. കുഞ്ഞിനെയും അമ്മയെയും മൊറാബാദിലെ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രത്തിലേക്ക് മാറ്റി. ബലാത്സംഗവുമായി ബന്ധപ്പെട്ട കേസ് ബീഹാര്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.
https://www.facebook.com/Malayalivartha