ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴി തുറന്നേക്കാവുന്ന പൊലീസ് നിയമഭേദഗതി ഓര്‍ഡിനന്‍സ്: സാധാരണക്കാര്‍ക്കു പോലും ബാലിശമെന്ന് തോന്നുന്ന വാക്കുകളും പ്രയോഗങ്ങളുമാണ് ഭേദഗതിയിലുള്ളതെന്ന് നിയമവിദഗ്ധര്‍

നിയമ വകുപ്പിനു പുറമേ മുഖ്യമന്ത്രിയുടെ ഓഫിസില്‍ പൊലീസ്, നിയമ ഉപദേഷ്ടാക്കള്‍ ഉണ്ടായിരിക്കെ കൊണ്ടുവന്ന പൊലീസ് നിയമഭേദഗതി ഓര്‍ഡിനന്‍സിലെ, ഭേദഗതി വരുത്തിയ 118-ാം വകുപ്പിലെ ഡി വകുപ്പ് 2015-ല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനു വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതി എടുത്തുകളഞ്ഞത് ഓര്‍മിപ്പിക്കാന്‍ പോലും പക്ഷേ, ആരുമുണ്ടായില്ല. ഐടി ആക്ട് 66എ വകുപ്പ് റദ്ദാക്കണമെന്നു പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിച്ച പി. രാജീവ് ഉള്‍പ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ക്കു വിരുദ്ധമായ ഭേദഗതി അറിഞ്ഞിരുന്നോ എന്ന ചോദ്യവും ബാക്കി.
സാധാരണക്കാര്‍ക്കു പോലും ബാലിശമെന്നു തോന്നുന്ന വാക്കുകളും പ്രയോഗങ്ങളുമാണു ഭേദഗതിയിലുള്ളതെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിജ്ഞാപനമിറങ്ങിയ ദിവസം എതിര്‍പ്പുകള്‍ ശക്തമായപ്പോള്‍ പോലും ഓര്‍ഡിനന്‍സിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയായിരുന്നു.
സുപ്രീം കോടതി ഐടി ആക്ട് 66എ എടുത്തുകളഞ്ഞപ്പോള്‍, അലോസരപ്പെടുത്തുന്നത്, അസൗകര്യം സൃഷ്ടിക്കുന്നത്, ഗൗരവതരമായി പ്രകോപിപ്പിക്കുന്നത് തുടങ്ങിയ പദങ്ങള്‍ അവ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. അപകീര്‍ത്തി, ഭീഷണി തുടങ്ങിയ കാര്യങ്ങളില്‍ ജഡ്ജിയുടെ ധാരണയനുസരിച്ച് ഒരാള്‍ കുറ്റക്കാരനാണോ അല്ലയോ എന്നു വിലയിരുത്തുന്നത് എങ്ങനെയെന്ന് യുകെ കോടതിയിലെ രണ്ടു വിധികള്‍ ചൂണ്ടിക്കാട്ടിയാണു സുപ്രീം കോടതി ചോദിച്ചത്. സമാനമായ രണ്ടു കേസുകളില്‍ വ്യത്യസ്ത നിലപാടാണ് യുകെയിലെ ക്വീന്‍സ് ബെഞ്ചും ഹൗസ് ഓഫ് ലോര്‍ഡ്‌സും സ്വീകരിച്ചത്.
സമാനമായ അര്‍ഥം വരുന്ന വാക്കുകളാണ് പുതിയ ഭേദഗതിയിലും ഉപയോഗിച്ചത്. 'മനസ്സിന് ഹാനിയുണ്ടാക്കുക' പോലെയുള്ള പ്രയോഗങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വാറന്റില്ലാതെ അറസ്റ്റ് ചെയ്യാന്‍ കഴിയുന്ന വ്യവസ്ഥകള്‍ 66എ വകുപ്പിനുണ്ടായിരുന്നതും സുപ്രീം കോടതി പരാമര്‍ശിച്ചിരുന്നു. 118 എ വകുപ്പിനും ഇതേ പ്രശ്‌നമുണ്ട്.
https://www.facebook.com/Malayalivartha