വെറും സാധാരണ മനുഷ്യന്‍... എറണാകുളം സിജെ എം കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അടുത്ത സിറ്റിംഗില്‍ വ്യക്തമായ മറുപടി നല്‍കാനുറച്ച് കസ്റ്റംസ്; കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇനി മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയെന്ന് വിശേഷിപ്പിക്കില്ല

കസ്റ്റംസ് നിലപാട് മാറ്റി. എം ശിവശങ്കര്‍ അവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടറിയല്ല. അയാള്‍ അവര്‍ക്ക് ഒരു സാധാരണ മനുഷ്യന്‍ മാത്രം. എന്നെയും നിങ്ങളെയും പോലെ.
സ്വര്‍ണ്ണക്കടത്തുകാരിയെ സഹായിക്കാനും അവര്‍ക്ക് ശാരീരികവും മാനസികവുമായ പിന്തുണ നല്‍കാനുമുള്ള തീരുമാനം എം. ശിവശങ്കറിന്റെത് മാത്രമായതിനാല്‍ അദ്ദേഹത്തെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇനി മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയെന്ന് വിശേഷിപ്പിക്കില്ല.
ശിവശങ്കറെയും മുഖ്യമന്ത്രിയെയും ചേര്‍ത്ത് സാമൂഹിക മാധ്യമങ്ങളിലും മറ്റും കേള്‍ക്കുന്ന കഥകള്‍ വെറും കെട്ടുകഥകളാണെന്ന ധാരണയിലാണ് കസ്റ്റംസ് എത്തിയിരിക്കുന്നത്. എറണാകുളം സിജെ എം കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അടുത്ത സിറ്റിംഗില്‍ കസ്റ്റംസ് വ്യക്തമായ മറുപടി നല്‍കും. ഉന്നത പദവികള്‍ ദുരൂപയോഗം ചെയ്തത് ശിവശങ്കര്‍ നേരിട്ടാണെന്നു കസ്റ്റംസ് കരുതുന്നു. അതിന് മുഖ്യമന്ത്രിയുമായി ബന്ധമില്ലെന്നാണ് കണ്ടെത്തല്‍.
എം ശിവശങ്കറിനെയും സ്വപ്ന സുരേഷിനെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തതോടെയാണ് മനം മാറ്റം ഉണ്ടായത്. എറണാകുളം ജില്ലാ ജയിലില്‍ എത്തിയാണ് ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുത്തത്. സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര ജയിലില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത് എറണാകുളന്തെത്തിച്ചു. ഡോളര്‍ കടത്തു കേസിലാണ് സ്വപ്നയെ കസ്റ്റഡിയിലെടുത്തത്.
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ശിവശങ്കറെ അഞ്ചു ദിവസത്തേക്കാണ് കോടതി കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടത്. ഉന്നത പദവി വഹിക്കുന്നവര്‍ നയതന്ത്ര ചാനലിലൂടെയുള്ള കള്ളക്കടത്തില്‍ ഉള്‍പ്പെട്ടുവെന്നത് അതീവ ഗൗരവമുള്ളതെന്നും കേട്ടുകേള്‍വിയില്ലാത്തതെന്നും അഡീഷണല്‍ സിജെഎം കോടതി പറഞ്ഞു. ശിവശങ്കറുടെ ഔദ്യോഗിക പദവികളെ കുറിച്ച് കസ്റ്റഡി അപേക്ഷയില്‍ കസ്റ്റംസ് മൗനം പാലിച്ചത് അദ്ദേഹത്തെ പേടിയായതു കൊണ്ടാണോ എന്ന് കോടതി ചോദിച്ചു. പക്ഷേ കസ്റ്റംസ് അതിന് മറുപടി പറഞ്ഞില്ല. കോടതിയുടെ ചോദ്യങ്ങള്‍ക്ക് കസ്റ്റംസിന്റെ ഉന്നതങ്ങളില്‍ നിന്നാണ് മറുപടി ലഭിക്കേണ്ടത്. മുഖ്യന്ത്രിയെ ശിവശങ്കരന്റെ തട്ടിപ്പുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നാണ് കസ്റ്റംസിന്റെ തീരുമാനം.
പത്ത് ദിവസത്തെ കസ്റ്റഡി ആണ് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതിനെ ശിവശങ്കറിന്റെ അഭിഭാഷകന്‍ എതിര്‍ത്തു. സ്വപ്നയെ പത്തുതവണ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.അന്നെല്ലാം ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ ഒരു പങ്കുമില്ലെന്നാണ് സ്വപ്ന മൊഴി നല്‍കിയത്. സര്‍ക്കാറിന്റെ ഉന്നതപദവിയില്‍ ഇരുന്ന ആളായതു കൊണ്ട് ഗൂഢ ഉദ്ദേശത്തോടെയാണ് ശിവശങ്കറെ ഇപ്പോള്‍ കസ്റ്റംസ് പ്രതിചേര്‍ത്തതെന്നും അഭിഭാഷകന്‍ ആരോപിച്ചു. ഈ ഘട്ടത്തിലാണ് കോടതി കസ്റ്റംസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.
കസ്റ്റംസ് സമര്‍പ്പിച്ച ഒരു രേഖയിലും ശിവശങ്കറിന്റെ ഔദ്യോഗിക പദവികളെ കുറിച്ച് ഒന്നും പറയുന്നില്ല. മാധവന്‍ നായരുടെ മകന്‍ ശിവശങ്കര്‍ എന്ന് മാത്രമേ പറയുന്നുള്ളൂ. പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ചും പറയുന്നില്ല. ശിവശങ്കറിന്റെ ഫോണ്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചത് കസ്റ്റംസാണ്. ഇപ്പോള്‍ 11 മണിക്കൂറില്‍ എന്തടിസ്ഥാനത്തിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തതെന്നും കോടതി ചോദിച്ചു.
ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യകതയെ പറ്റിപോലും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്ന് കോടതി പറഞ്ഞു. സ്വര്‍ണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നുവെന്നും കള്ളക്കടത്തിന് ഒത്താശ ചെയ്തുവെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ടെന്നായിരുന്നു കസ്റ്റംസ് അഭിഭാഷകന്റെ മറുപടി. തുടര്‍ന്ന് അഞ്ചു ദിവസത്തേക്ക് ശിവശങ്കറെ കോടതി കസ്റ്റംസിന് കസ്റ്റഡിയില്‍ അനുവദിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നും മുന്‍ ഐടി സെക്രട്ടറി എന്നും കസ്റ്റംസ് രേഖപ്പെടുത്തിയില്ലെങ്കിലും കോടതി വിധിയില്‍ അക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വിചിത്രമായ കാര്യമാണ്. കാരണം ഒരു സാധാരണക്കാരന്‍ ഇത്തരമൊരു കുറ്റം ചെയ്താല്‍ അതില്‍ വാര്‍ത്താ പ്രാധാന്യമില്ല. ഉന്നതപദവി വഹിക്കുന്നവര്‍ നയതന്ത്ര ചാനലിലൂടെ സ്വര്‍ണ്ണക്കടത്ത് നടത്തി എന്ന ആരോപണം അതീവ ഗൗരവമുള്ളതാണെന്നും കേട്ടുകേള്‍വിയില്ലാത്തതാണെന്നും വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി.ഇതില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകളെയും വെളിച്ചത്തുകൊണ്ടുവരണം. കള്ളക്കടത്ത് നടന്ന സമയത്ത് ശിവശങ്കര്‍ ഉന്നത പദവികള്‍ വഹിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ അധികാര ദുര്‍വിനിയോഗം നടന്നിട്ടുണ്ടോയെന്ന് തെളിയിക്കേണ്ടതുണ്ടെന്നും അതിനാല്‍ കസ്റ്റഡി അനുവദിക്കുന്നുവെന്നും കോടതി വിധിയില്‍ വ്യക്തമാക്കി.
കള്ളക്കടത്തില്‍ എങ്ങനെയാണ ശിവശങ്കര്‍ ഒത്താശ ചെയ്തതെന്നും കസ്റ്റഡി അപേക്ഷയില്‍ കസ്റ്റംസ് പറയുന്നില്ലെന്ന് കോടതി പറഞ്ഞു.
കസ്റ്റംസ് സൂപ്രണ്ട് വി. വിവേകിന്റെ നേതൃത്വത്തിലുള്ള സംഘം കാക്കനാട്ടെ ജില്ലാ ജയിലിലെത്തിയാണ് ശിവശങ്കറുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം, വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ സ്വപ്ന, സരിത് എന്നിവരെയും കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയിരുന്നത്. ഉന്നത പദവി വഹിക്കുന്നവര്‍ ഉള്‍പ്പെട്ട ഡോളര്‍കടത്ത് കേള്‍വിയില്ലാത്തതെന്ന് ഈ കോടതിയും നിരീക്ഷിച്ചു.
ചുരുക്കത്തില്‍ മുഖ്യമന്ത്രിയെ തൊടാന്‍ കസ്റ്റംസിന് പേടിയാണ്. മുഖ്യമന്ത്രി തെറ്റുകാരനല്ലെന്ന ചിന്തയാണ് അന്വേഷണ ഏജന്‍സികള്‍ക്കുള്ളത്. സി എം രവീന്ദ്രന്‍ മറിച്ചെന്തെങ്കിലും പറഞ്ഞാല്‍ മാത്രമേ മുഖ്യമന്ത്രി ഇനി ചിത്രത്തിലേക്ക് വരികയുള്ളു. ശിവശങ്കറും സി.എം. രവിന്ദ്രനും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലരും ചേര്‍ന്ന് പിണറായി വിജയനെ പ്രതിസന്ധിയിലാക്കി എന്നു മാത്രമാണ് കസ്റ്റംസ് കരുതുന്നത്. കസ്റ്റംസിന്റെ നിലപാട് മാറ്റത്തിന് പിന്നില്‍ ഇടതു രാഷ്ട്രീയം ഉണ്ടോ എന്നും സംശയിക്കുന്നവരുണ്ട്.
"
https://www.facebook.com/Malayalivartha