ശങ്കരന്റെ വഴിയെതന്നെ... ശിവശങ്കറിന്റെ വഴിയെ സി.എം. രവീന്ദ്രനേയും പൂട്ടാനുറച്ച് കസ്റ്റംസ്; പ്രത്യേക കോടതിയില്‍ കസ്റ്റംസ് മുദ്രവച്ച കവറില്‍ നല്‍കിയ സ്വപ്‌നയുടെ മൊഴിയിലെ വിശദാംശങ്ങളില്‍ സി.എം. രവീന്ദ്രന്‍ ഉള്‍പ്പെടെ മൂന്ന് ഉന്നതരുടെ പേരുകളുണ്ടെന്ന് സൂചന; കാര്യങ്ങള്‍ നീങ്ങുന്നത് കസ്റ്റഡിയിലേക്ക്

സര്‍ക്കാര്‍ മുന്‍ സെക്രട്ടറി എം. ശിവശങ്കറിനെ ആദ്യം അറസ്റ്റിന് നീക്കം നടത്തിയത് കസ്റ്റംസാണ്. അവിടെനിന്നാണ് ആശുപത്രിയിലേക്ക് മുങ്ങിയതും ഇഡി കസ്റ്റഡിയിലെടുത്തതും. ഇതുപോലെയാണ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി സി.എം. രവീന്ദ്രനും കസ്റ്റംസും ഇഡിയും കുരുക്കൊരുക്കുന്നത്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയില്‍ കസ്റ്റംസ് ഇന്നലെ മുദ്രവച്ച കവറില്‍ നല്‍കിയ സ്വപ്‌നയുടെ മൊഴിയിലെ വിശദാംശങ്ങളില്‍ സി.എം. രവീന്ദ്രന്‍ ഉള്‍പ്പെടെ മൂന്ന് ഉന്നതരുടെ പേരുകളുണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ രവീന്ദ്രനെ ഉടന്‍ കസ്റ്റഡിയിലെടുക്കാന്‍ കസ്റ്റംസ് നീക്കം തുടങ്ങി. ഇന്നലെ രവീന്ദ്രന്റെ വീടും പരിസരവും കസ്റ്റംസ് നിരീക്ഷിച്ചതായാണ് വിവരം.
എം. ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കവെയാണ് നിര്‍ണായക വിവരങ്ങള്‍ കോടതിക്കു കസ്റ്റംസ് കൈമാറിയത്. ശിവശങ്കറിനു പുറമേ ചില ഉന്നതരും തന്നെ സഹായിച്ചിട്ടുണ്ടെന്നാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. ഈ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം അനിവാര്യമാണെന്നു കോടതിയെ കസ്റ്റംസ് അറിയിച്ചിട്ടുണ്ട്. മൊഴിയില്‍ പറയുന്ന മൂന്ന് ഉന്നതര്‍ക്കു സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോ എന്ന കാര്യം സ്വപ്‌ന കസ്റ്റംസിനോടു വെളിപ്പെടുത്തിയതായാണ് സൂചന.
അതിനിടെ, ശിവശങ്കറിന്റെ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകരാണ് ഹാജരാകുന്നത്. ശിവശങ്കറിനുവേണ്ടി അഡ്വ. ജയ്ദീപ് ഗുപ്തയും ഇ.ഡിക്കുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സൂര്യപ്രകാശ് വി. രാജുവും എത്തും.
അതേസമയം മറുവശത്ത് ഇഡിയും പിടി മുറുക്കിയിട്ടുണ്ട്. രവീന്ദനെ ചോദ്യം ചെയ്യാന്‍ ഇന്ന് നോട്ടീസ് അയക്കും. രവീന്ദ്രന് കോഴിക്കോട്. കണ്ണൂര്‍ ജില്ലകളിലായി 12 സ്ഥാപനങ്ങളില്‍ ഓഹരിയുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു. രണ്ട് ദിവസങ്ങളിലായി നടത്തിയ പ്രാഥമിക പരിശോധനയിലാണു രവീന്ദ്രനുമായി ബന്ധപ്പെട്ട ഇടപാടു കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥര്‍ അടുത്ത ദിവസം കൊച്ചി യൂണിറ്റിനു റിപ്പോര്‍ട്ട് കൈമാറും.
രവീന്ദ്രനു പങ്കാളിത്തമുണ്ടെന്നു പരാതി ഉയര്‍ന്ന വടകര, ഓര്‍ക്കാട്ടേരി, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലെ 24 സ്ഥാപനങ്ങളിലാണ് ഇഡി പരിശോധിച്ചത്. ഇതില്‍ പന്ത്രണ്ടെണ്ണത്തില്‍ രവീന്ദ്രനോ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കോ ഓഹരിയുണ്ടെന്നാണു പ്രാഥമിക കണ്ടെത്തല്‍. ഇലക്ട്രോണിക്‌സ് സ്ഥാപനം, മൊബൈല്‍ കട, സൂപ്പര്‍ മാര്‍ക്കറ്റ്, ടൂറിസ്റ്റ് ഹോം, വസ്ത്രവില്‍പന കേന്ദ്രം തുടങ്ങിയ ഇടങ്ങളിലാണു പങ്കാളിത്തം. രവീന്ദ്രനെ ചോദ്യം ചെയ്ത ശേഷമായിരിക്കും ഇതിന്റെ രേഖകളും കൂടുതല്‍ പരിശോധനകളും നടത്തി വ്യാപ്തി ഉറപ്പാക്കുക.
നിലവില്‍ നടത്തിപ്പുകാരില്‍നിന്ന് ഇഡി വിവരം ശേഖരിക്കുക മാത്രമാണുണ്ടായത്. രവീന്ദ്രനു വലിയ അളവില്‍ സാമ്പത്തിക ഇടപാടുണ്ടെന്ന് പരാതി ഉയര്‍ന്ന സ്ഥാപനങ്ങള്‍ പരിശോധിക്കാന്‍ ഇഡി കൊച്ചി യൂണിറ്റാണ് കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. ആദ്യദിവസം വടകരയിലും തുടര്‍ന്ന് ഓര്‍ക്കാട്ടേരി, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലുമായിരുന്നു ഇഡിയുടെ പരിശോധന.
രവീന്ദ്രന്റെ വീട് കേന്ദ്രീകരിച്ചുള്ള പരിശോധന ഉടനുണ്ടാകില്ല. കോഴിക്കോട് യൂണിറ്റിന്റെ കണ്ടെത്തല്‍ അടുത്തദിവസം കൊച്ചിക്കു കൈമാറി. ചോദ്യം ചെയ്യിലിനു ഹാജരാകാന്‍ വൈകുന്നതിനാല്‍ രവീന്ദ്രനെ പരമാവധി സമ്മര്‍ദ്ദത്തിലാക്കാനുള്ള ഇഡിയുടെ ശ്രമമെന്നാണ് വിലയിരുത്തല്‍. അതേസമയം രവീന്ദ്രനെ വെള്ളിയാഴ്ച ഇഡി ചോദ്യം ചെയ്യാനാണ് സാധ്യത.
https://www.facebook.com/Malayalivartha