കാര്യങ്ങള്‍ മാറുന്നു... സ്വര്‍ണക്കടത്തില്‍ കൂടുതല്‍ വിദേശികള്‍ പങ്കാളിയാണെന്ന് സ്വപ്നയുടെ മൊഴി വിനയാകുന്നു; എറണാകുളത്തെ സാമ്പത്തിക വിചാരണ കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച മുദ്ര വച്ച കവര്‍ പൊട്ടിക്കുമ്പോള്‍ അമ്പരക്കുമെന്നുറപ്പ്

സത്യം പറഞ്ഞാല്‍ എം. ശിവശങ്കറിന്റെ കാര്യത്തില്‍ കേരളം കുറച്ചൊക്കെ സഹതപിച്ചു തുടങ്ങിയിട്ടുണ്ട് ഇപ്പോള്‍. ചുറ്റിക അരിവാള്‍ നക്ഷത്രം പതിപ്പിച്ച പാര്‍ട്ടിയുടെ അതിജീവനത്തിനായി പാവം ഒരു മുന്‍എസ് എഫ് ഐ നേതാവായ ഒരു ഉദ്യോഗസ്ഥന്‍ എന്തെല്ലാം പാടാണ് പെടുന്നത്.
എറണാകുളത്തെ സാമ്പത്തിക വിചാരണ കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച മുദ്ര വച്ച കവര്‍ പൊട്ടിക്കുമ്പോള്‍ തന്റെ തല അറവുകാരന്റെ മരക്കുറ്റിയിലാവുമെന്ന് ശിവശങ്കര്‍ക്കറിയാം. സ്വര്‍ണ്ണകടത്തിലും ഡോളര്‍ കടത്തിലും വിദേശികളുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി കഴിഞ്ഞു. അതെല്ലാം ഭംഗിയായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന തന്റെ മിടുക്ക് വഴി വന്നതാണെന്നു അദ്ദേഹത്തിനറിയാം.
പക്ഷേ സി പി എം പാവം ശിവശങ്കരനെ പറ്റിച്ചു. താനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നാണ് പാര്‍ട്ടിയുടെ മട്ട്. ശിവശങ്കര്‍ എന്ന് പറത്താല്‍ ഏത് ശിവശങ്കര്‍ എന്നാണ് പാര്‍ട്ടി ചോദിക്കുന്നത്. പക്ഷേ അതൊന്നും സഖാവിനെ നോവിക്കുന്നില്ല. കാരണം താനല്ല പാര്‍ട്ടിയാണ് അതിജീവിക്കേണ്ടത്.
സ്വര്‍ണക്കടത്തില്‍ കൂടുതല്‍ വിദേശികള്‍ പങ്കാളിയാണെന്ന് സ്വപ്നയുടെ മൊഴിയാണ് വിനയായത്. തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റിലെ വിദേശികളായ ഉദ്യോഗസ്ഥര്‍ക്ക് പുറമേയാണിത്. ഇതെല്ലാം വ്യക്തമാക്കുന്ന സ്വപ്നാ സുരേഷിന്റെ മൊഴിയാണ് അന്വേഷണസംഘം മുദ്രവെച്ച കവറില്‍ സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നറിയുന്നു. സായിപ്പന്‍മാരെയെല്ലാം തനിക്ക് സുഹൃത്തായി കിട്ടിയത് ശിവശങ്കര്‍ വഴിയാണെന്നു അവര്‍ പറഞ്ഞിട്ടുണ്ടത്രേ.
നവംബര്‍ 27നാണ് സ്വപ്നാ സുരേഷ് കസ്റ്റംസിനോട് പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇവയെല്ലാം അതിഗൗരവസ്വഭാവത്തിലുള്ളതാണെന്ന് കരുതുന്നു. സ്വര്‍ണക്കടത്ത് മാത്രമല്ല ഡോളര്‍ക്കടത്തും മൊഴികളില്‍ കടന്നുവരുന്നുണ്ട്. പല ഉന്നതര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന സൂചനയാണ് അന്വേഷണസംഘം നല്‍കുന്നത്. എന്നാല്‍, പേരുകളൊന്നും വെളിപ്പെടുത്താന്‍ അന്വേഷണസംഘം തയ്യാറായിട്ടില്ല. കോടതിയുടെ ഉത്തരവിലും ഈ പേരുകളൊന്നും പരാമര്‍ശിച്ചിട്ടില്ല. ഇതില്‍ ഐ. എ. എസുകാരുണ്ടോ എന്ന് കണ്ടറിയണം. മന്ത്രിമാരില്ലെന്നും തീര്‍ത്ത് പറയാറായിട്ടില്ല. അതുകൊണ്ടാണ് മൊഴി വളരെ ആശങ്കയോടെയാണ് കാണുന്നതെന്ന് കോടതി ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുള്ളത്.
സ്വപ്നയ്‌ക്കൊപ്പം പി.എസ്. സരിത്തിന്റെ രഹസ്യമൊഴിയും മുദ്രവെച്ച കവറില്‍ കൈമാറിയിട്ടുണ്ട്. സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ പിന്തുണയ്ക്കുന്ന പല വിവരങ്ങളും ഇതിലുണ്ടെന്നാണ് കരുതുന്നു. നവംബര്‍ 28, 29 തീയതികളിലാണ് സരിത്തിന്റെ മൊഴി രേഖപ്പെടുത്തിയത്.
മൊഴിയുടെ ഗൗരവസ്വഭാവം കണക്കിലെടുത്താണ് പ്രതികളുടെ കസ്റ്റഡി മൂന്നുദിവസത്തേക്കുകൂടി നീട്ടിയത്. വിദേശ പൗരന്‍മാരുടെ പങ്കാളിത്തമെന്ന വെളിപ്പെടുത്തല്‍ എന്‍.ഐ.എ.യുടെ അന്വേഷണപരിധിയില്‍ വരുന്നതാണ്. അതു കൊണ്ടു തന്നെ ഇവര്‍ സ്വപ്നയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്‌തേക്കും.അങ്ങനെ വന്നാല്‍ ശിവശങ്കറിന്റെ തൊപ്പിയില്‍ യു എ പി എ എന്ന തൂവലും ചാര്‍ത്താന്‍ സാധ്യതയുണ്ട്
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഏഴ് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടതും ഈ സാഹചര്യത്തിലാണ്. ശിവശങ്കര്‍ ഒളിപ്പിച്ചുവെച്ച ഒരു മൊബൈല്‍ ഫോണ്‍ കണ്ടെത്തിയെന്നും ഒരു ഫോണ്‍ കൂടി പിടിച്ചെടുക്കാനുണ്ടെന്നും കസ്റ്റംസ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയെ അറിയിച്ചു.
നേരത്തെ ഒരു ഫോണ്‍ മാത്രമാണ് താന്‍ ഉപയോഗിച്ചിരുന്നതെന്നായിരുന്നു ശിവശങ്കറിന്റെ മൊഴി. എന്നാല്‍ അന്വേഷണത്തില്‍ ഇത് കള്ളമാണെന്നും രണ്ട് ഫോണുകള്‍ കൂടി ശിവശങ്കര്‍ ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. ഇത് പറഞ്ഞുകൊടുത്തതും സ്വപ്ന തന്നെയാണ്. ഇതില്‍ ഒരു ഫോണ്‍ കഴിഞ്ഞദിവസം പിടിച്ചെടുത്തെന്നും ഒരു ഫോണ്‍ കൂടി കണ്ടെത്താനുണ്ടെന്നുമാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്.
തത്ത പറയുന്നതു പോലെയാണ് സ്വപ്ന ഓരോന്ന് പറയുന്നത്. അതിന് സ്വപ്നക്ക് എന്തെങ്കിലും പ്രലോഭനം ലഭിച്ചിട്ടുണ്ടോ എന്ന് കണ്ടറിയണം.
ഏതായാലും ഡോളര്‍ കള്ളക്കടത്തിലും ശിവശങ്കറിനെ കസ്റ്റംസ് പ്രതിചേര്‍ക്കുമെന്നാണ് വിവരം . ഡോളര്‍ കള്ളക്കടത്തില്‍ ശിവശങ്കറിനെതിരേ സ്വപ്ന നിര്‍ണായക മൊഴി നല്‍കിയിട്ടുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചുണ്ട്. ശിവശങ്കറിനൊപ്പം സ്വപ്നയെയും സരിത്തിനെയും കൂടുതല്‍ദിവസം കസ്റ്റഡിയില്‍ വാങ്ങാനും കസ്റ്റംസ് തീരുമാനിച്ചു. അതിനിടെ, പരിശോധന കൂടാതെ കാര്‍ഗോ പുറത്തുവിട്ട സംഭവത്തില്‍ ഇ.ഡി. ഉദ്യോഗസ്ഥരും കസ്റ്റംസില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
പാര്‍ട്ടിക്ക് വേണ്ടിയാണ് ശിവശങ്കര്‍ ഇതെല്ലാം ചെയ്തതെന്നാണ് കേരളം വിശ്വസിക്കുന്നത്. ഇല്ലെങ്കില്‍ പാര്‍ട്ടി എന്നേ അദ്ദേഹത്തെ തള്ളുമായിരുന്നു. എന്നാല്‍ ഉത്തമനായ ഒരു കമ്മ്യൂണിസ്റ്റായ ശിവശങ്കര്‍ ഒരിക്കലും അത് പുറത്തുപറയില്ല. അതുകൊണ്ടാണ് അടുപ്പക്കാര്‍ അദ്ദേഹത്തെ സഖാവ് ശിവശങ്കറെന്നും രക്തസാക്ഷിയെന്നുമൊക്കെ വിളിക്കുന്നത്.
"
https://www.facebook.com/Malayalivartha