ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഇന്നു ചുഴലിക്കാറ്റായി രൂപം കൊള്ളുമ്പോൾ എത്തുന്നത് ഈ വര്‍ഷത്തെ അഞ്ചാം ചുഴലി 'ബുറെവി'; തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്നു യെലോ അലര്‍ട്ട്; നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴയ്ക്കു സാധ്യത

ചുഴിക്കാറ്റ് ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ കേരള തീരത്തു നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ കപ്പലുകള്‍ സജ്ജമാക്കി നിര്‍ത്തണമെന്നു നാവിക, തീര സേനകളോടു നിര്‍ദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യോമസേനയും സജ്ജമാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ 7 ടീമുകളെ കൂടി അധികമായി ആവശ്യപ്പെട്ടിട്ടുണ്ട്.
3 വര്‍ഷം മുന്‍പ് ഓഖി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ കടലില്‍ നിന്നു കേരള തീരത്തിന് 80 കിലോമീറ്ററോളം അകലെയാണ് അറബിക്കടലിലേക്കു നീങ്ങിയത്. ഈ വര്‍ഷത്തെ 5ാമത്തെ ചുഴലിക്കാറ്റാണ് ഇന്നു രൂപംകൊള്ളുമെന്നു കരുതപ്പെടുന്ന 'ബുറെവി'. ഉംപുന്‍, നിവാര്‍ (ബംഗാള്‍ ഉള്‍ക്കടല്‍), നിസര്‍ഗ, ഗതി (അറബിക്കടല്‍) എന്നിവയായിരുന്നു മുന്‍പുള്ളവ.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഇന്നു ചുഴലിക്കാറ്റായി രൂപം കൊള്ളുമെന്നാണു നിഗമനമെങ്കിലും യാത്രാപഥം ഇപ്പോഴും വ്യക്തമായിട്ടില്ലെന്നു കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. കന്യാകുമാരി തീരത്തുനിന്ന് ഏതാണ്ട് 1000 കിലോമീറ്റര്‍ തെക്കുകിഴക്കു ഭാഗത്തുള്ള ന്യൂനമര്‍ദം ഇന്നു രാവിലെ അതിതീവ്ര ന്യൂനമര്‍ദമാകുമെന്നും രാത്രി ചുഴലിക്കാറ്റായി ശ്രീലങ്കയുടെ വടക്കുഭാഗം വഴി മറ്റന്നാള്‍ പുലര്‍ച്ചെ കന്യാകുമാരി തീരത്തെത്തുമെന്നുമാണ് ഇപ്പോഴത്തെ നിഗമനം.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്നു ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെലോ അലര്‍ട്ടുമുണ്ട്.
https://www.facebook.com/Malayalivartha