ബംഗാള്‍ ഉൾക്കടലില്‍ രൂപമെടുത്ത ന്യുനമര്‍ദ്ദം അതി തീവ്ര ന്യുനമര്‍ദ്ദമായി മാറി ഇന്ന് രാത്രിയോടെ ബുറെവി ചുഴലിക്കാറ്റായി മാറും ; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാല് ജില്ലകളില്‍ വ്യാഴാഴ്ച്ച റെഡ് അലേര്‍ട്ട് ; രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേന, കോസ്റ്റല്‍ ഗാര്‍ഡ്, വ്യോമസേന എന്നിവർ കപ്പലുകളും ഹെലികോപ്റ്ററുകളും സജ്ജമാക്കാന്‍ മുഖ്യമന്ത്രിയുടെ നിർദേശം

ബംഗാള്‍ ഉൾക്കടലില്‍ രൂപമെടുത്ത ന്യുനമര്‍ദ്ദം അതി തീവ്ര ന്യുനമര്‍ദ്ദമായി മാറി ഇന്ന് രാത്രിയോടെ ബുറെവി ചുഴലിക്കാറ്റായി മാറുമെന്ന് സൂചനകൾ കിട്ടുന്നു. ബുധനാഴ്‌ച വൈകിട്ടോടെ ശ്രീലങ്ക തീരത്ത് പ്രവേശിക്കുന്ന ചുഴലിക്കാറ്റ് തുടര്‍ന്ന് ശക്തി കുറഞ്ഞു ചുഴലിക്കാറ്റായി തന്നെ കോമറിന്‍ കടലില്‍ പ്രവേശിക്കും . ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റംവഴി അറബിക്കടലിലേക്ക് പ്രവേശിക്കാനാണ് സാധ്യത. ന്യൂനമര്‍ദ്ദം ഇപ്പോള്‍ ശ്രിലങ്കന്‍ തീരത്തേക്ക് മാറിക്കൊണ്ടിരിക്കുന്നു . കന്യാകുമാരിക്ക് ആയിരം കിലോമീറ്റര്‍ അകലെയാണ് നിലവില്‍ ഇതിന്റെ സ്ഥാനം. ഡിസംബര്‍ രണ്ടിന് വൈകിട്ടോടെയും മൂന്നിനും സംസ്ഥാനത്തെ നാല് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത . വ്യാഴാഴ്ച കന്യാകുമാരി തീരം തൊടുന്ന ചുഴലിക്കാറ്റിനെത്തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു .
രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേന, കോസ്റ്റല്‍ ഗാര്‍ഡ്, വ്യോമസേന എന്നിവരോട് കപ്പലുകളും ഹെലികോപ്റ്ററുകളും സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര ദുരന്ത പ്രതികരണസേനയുടെ ഏഴ് സംഘങ്ങളെക്കൂടി ആവശ്യപ്പെടുകയുണ്ടായി . മറ്റ് കേന്ദ്രസേനകളോടും സജ്ജരായിരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് . ശബരിമലയില്‍ പ്രത്യേകജാഗ്രത പുലര്‍ത്തും. അതിതീവ്രമഴയുണ്ടായാല്‍ ചെറിയ അണക്കെട്ടുകള്‍ തുറക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡാമുകളുടെ സമീപത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. തീര്‍ത്ഥാടന കാലം കണക്കിലെടുത്ത് പമ്ബ, മണിമല, അച്ചന്‍കോവില്‍ എന്നിവിടങ്ങളിലും ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്. ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തെക്കന്‍ ജില്ലകളിലെ ഡാമുകളിലും റിസര്‍വ്വോയറുകളിലും ജാഗ്രത വേണമെന്ന് കേന്ദ്ര ജല കമ്മിഷന്‍ അറിയിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരത്തെ നെയ്യാര്‍ റിസര്‍വോയര്‍, കൊല്ലം കല്ലട റിസര്‍വ്വോയര്‍ എന്നിവിടങ്ങളിലും പത്തനംതിട്ട കക്കി ഡാം എന്നിവിടങ്ങളില്‍ ജാഗ്രത വേണമെന്നും ജലനിരപ്പ് ക്രമീകരിച്ചില്ലെങ്കില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നതിന് ഇടയാക്കുമെന്ന് കേന്ദ്ര ജലകമ്മിഷന്‍ മുന്നറിയിപ്പ് . തമിഴ്‌നാട്ടില്‍ കനത്ത നാശം വിതച്ച നിവാര്‍ ചുഴലിക്കാറ്റിന് പിന്നാലെയാണ് ബുറെവിയുടെ വരവ്. നിവാര്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് നാല് പേരാണ് സംസ്ഥാനത്ത് മരിച്ചത്. തമിഴ്‌നാട്ടില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. രണ്ടായിരത്തോളം മരങ്ങള്‍ വീഴുകയും നിരവധി കന്നുകാലികള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. സംസ്ഥാനത്ത് വന്‍തോതില്‍ കൃഷിനാശവുമുണ്ടായി. പുതുച്ചേരിയില്‍ 400 കോടിയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha