സുകുമാരകുറുപ്പ് ഇവരുടെ മുന്നില്‍ ഒന്നുമല്ല; ഞെട്ടിപ്പിക്കുന്ന കോയമ്പത്തൂരിലെ ആള്‍മാറാട്ട കൊലപാതകത്തിന്റെ കഥ ഇങ്ങനെ; മരണപ്പെട്ടയാള്‍ രണ്ടു വര്‍ഷത്തിന് ശേഷം നേരിട്ട് രജിസ്ട്രാര്‍ ഓഫീസിലെത്തിയത് വഴിത്തിരിവായി

മറ്റൊരാളെ കൊലപ്പെടുത്തി മരിച്ചത് താനാണെന്ന് സ്ഥാപിച്ച് സ്വന്തം പേരിലുള്ള ഇന്‍ഷുറന്‍സ് തുക ഭര്‍ത്താവുമായി ചേര്‍ന്ന് തട്ടിയെടുക്കുക. രണ്ടു വര്‍ഷത്തിന് ശേഷം മരിച്ചയാള്‍ വസ്തു ഇടപാടിന് വേണ്ടി രജിസ്ട്രാര്‍ ഓഫീസിലെത്തിയപ്പോള്‍ രജിസ്ട്രാര്‍ പോലീസിന് പിടിച്ചു നല്‍കി. ആകെ മൊത്തം ജഗപൊഗയായ ആള്‍മാറാട്ട കൊലപാതകം നടത്തി പോലീസ് പിടിയില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിച്ച കേസില്‍ അഭിഭാഷക ദമ്പതിമാരടക്കം മൂന്നുപേര്‍ക്ക് ഇരട്ട ജീവപര്യന്തം. കോയമ്പത്തൂര്‍ ശിവാനന്ദകോളനി അമ്മാസൈ (45) യുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് വിധി. കോയമ്പത്തൂര്‍ അവിനാശിറോഡിലെ അപ്പാര്‍ട്ട്‌മെന്റ് താമസക്കാരും അഭിഭാഷക ദമ്പതിമാരുമായ ഇ.ടി. രാജവേല്‍ (52), ഭാര്യ മോഹന (45), ഡ്രൈവര്‍ പി. പളനിസ്വാമി (48) എന്നിവര്‍ക്കാണ് കോയമ്പത്തൂര്‍ അഡീഷണല്‍ ജില്ലാകോടതി5 ജഡ്ജി ടി.എച്ച്. മുഹമ്മദ് ഫാറൂഖ് ശിക്ഷവിധിച്ചത്. സംഭവം നടന്ന് പത്തു വര്‍ഷത്തിന് ശേഷമാണ് കേസില്‍ സുപ്രധാന വിധി.
2011 ഡിസംബര്‍ 12നായിരുന്നു കേസിനാസ്പദമായ സംഭവം. ഒഡിഷയില്‍ ധനകാര്യ സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട് 12 കോടി രൂപയുടെ തട്ടിപ്പ് നടത്തിയാണ് രാജവേലും മോഹനയും കോയമ്പത്തൂരിലേക്കെത്തിയത്. പിന്നീട് കോയമ്പത്തൂര്‍ കോടതിക്ക് സമീപത്തെ ഗോപാലപുരം ഭാഗത്ത് രാജവേല്‍ ക്രിമിനല്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. കുടുംബപ്രശ്‌നങ്ങളുമായി ഉപദേശം തേടാന്‍ എത്തിയതായിരുന്നു കൊല്ലപ്പെട്ട അമ്മാസൈ. ഡിസംബര്‍ 11ന് വക്കീലിനെ കണ്ടശേഷം തൊട്ടടുത്ത ദിവസം തന്നെ വീണ്ടും വന്നുകാണാന്‍ രാജവേല്‍ ആവശ്യപ്പെട്ടു. പിന്നീട് അമ്മാസൈയെ കണ്ടെത്താനായില്ല. അമ്മാസൈയെ കൊലപ്പെടുത്തിയ പ്രതികള്‍ മരിച്ചത് മോഹനയാണെന്ന് വരുത്തിതീര്‍ത്തു.
ഡിസംബര്‍ 12ന് മോഹന അസുഖം മൂര്‍ച്ഛിച്ച് മരണപ്പെട്ടെന്ന് ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ച് മോഹനയുടെപേരില്‍ മരണസര്‍ട്ടിഫിക്കറ്റ് വാങ്ങി. മോഹനയുടെ പേരിലുണ്ടായിരുന്ന എട്ടരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുകയും ചെയ്തു. രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം 2013 ഡിസംബറില്‍ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് മോഹനയുമായി രാജവേല്‍ രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. സംശയം തോന്നിയ രജിസ്ട്രാര്‍ മോഹന മരണപ്പെട്ട കാര്യവും മറ്റും പോലീസിനെ അറിയിച്ചു.
ഡ്രൈവര്‍ പളനിസ്വാമിയെ പിടികൂടി ചോദ്യംചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. ഇതിനിടെ ഇരുവരും കോവളത്തേക്ക് കടന്നു. കേരളപോലീസിന്റെ സഹായത്തോടെ കോയമ്പത്തൂര്‍ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സുകുമാരക്കുറുപ്പ് കേസിനെ വെല്ലുന്ന കുറ്റകൃത്യത്തിന്റെ ചുരുളഴിഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസിലെ മാപ്പുസാക്ഷിയായ രാജവേലിന്റെ സഹായി പി. പൊന്‍രാജു വിസ്താരത്തിനിടെ കൂറുമാറി. ഇയാളുടെ പേരിലുള്ള കേസ് പ്രത്യേകം നടന്നുവരികയാണ്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ യു. ശങ്കരനാരായണനെ കോടതി പ്രത്യേകം പരാമര്‍ശിച്ചു. നേരിട്ടുള്ള തെളിവുകളില്ലാത്ത കേസില്‍ പ്രോസിക്യൂഷന്‍ വാദമാണ് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കിയത്.
https://www.facebook.com/Malayalivartha