പെരിയ കേസില്‍ സര്‍ക്കാരിന് തിരിച്ചടി; സി.ബി.ഐ അന്വേഷണത്തെ ചോദ്യം ചെയ്തുള്ള ഹരജി തള്ളി

കാസർകോട് പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐ അന്വേഷിക്കുന്നതിനെതിരെ സംസ്ഥാനസർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. കേസിൽ സിബിഐ ഇത് വരെ അന്വേഷണം തുടങ്ങിയിട്ടില്ലെന്ന് സംസ്ഥാനസർക്കാർ വാദിച്ചെങ്കിലും സുപ്രീംകോടതി ഇത് പരിഗണിച്ചില്ല. കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്നും പൊലീസ് കൃത്യമായി കേസ് അന്വേഷിക്കുന്നുണ്ടെന്നുമായിരുന്നു സംസ്ഥാനസർക്കാരിന്‍റെ വാദം. സുപ്രീംകോടതി ഉത്തരവ് കൊല്ലപ്പെട്ട ശരത് ലാലിന്‍റെ കുടുംബം സ്വാഗതം ചെയ്തു.
ജസ്റ്റിസ് നാഗേശ്വർ റാവു അധ്യക്ഷനായ ബഞ്ചാണ് വിധി പറഞ്ഞത്. കേസ് സിബിഐയ്ക്ക് കൈമാറിയതുകൊണ്ട് പൊലീസിന്‍റെ ആത്മവീര്യം ഇല്ലാതാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിന്‍റെ മെറിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. എത്രയും പെട്ടെന്ന് സിബിഐയ്ക്ക് പൊലീസ് കേസുമായി ബന്ധപ്പെട്ട കേസ് ഡയറി അടക്കമുള്ള രേഖകൾ കൈമാറണമെന്നും കോടതി ഉത്തരവിട്ടു.
കേസിന്‍റെ പുരോഗതി സംബന്ധിച്ചുള്ള വിവരങ്ങൾ ഇന്ന് നടന്ന വാദത്തിൽ സിബിഐ കോടതിയെ അറിയിച്ചു. 2020 ആഗസ്റ്റ് 25-ന് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട രേഖകൾ എസ്‍പി യോട് നൽകാൻ ആവശ്യപ്പെട്ടു. അത് കിട്ടാത്തതുകൊണ്ട്, സെപ്റ്റംബറിൽ എഡിജിപിയോട് ഇതേ ആവശ്യം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകൾ ഇല്ലാത്തതിനാൽ സിബിഐക്ക് അന്വേഷിക്കാൻ സാധിക്കുന്നില്ല. അതിനാൽ, കേസിന്‍റെ രേഖകൾ കൈമാറാൻ സർക്കാരിനോട് നിർദേശിക്കണമെന്നും സിബിഐ കോടതിയിൽ ആവശ്യപ്പെട്ടു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് കേസ് രേഖകൾ എത്രയും പെട്ടെന്ന് കൈമാറാൻ സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്.
പെരിയ ഇരട്ടക്കൊല കേസ് സി.ബി.ഐക്ക് കൈമാറണമെന്ന ഡിവിഷന്‍ ബെഞ്ച് വിധി വന്നിട്ടും കേസ് ഡയറി സി.ബി.ഐക്ക് കൈമാറാത്തത് ചര്‍ച്ചയായിരുന്നു. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിയുണ്ടായപ്പോള്‍ തന്നെ സി.ബി.ഐ കേസ് ഡയറി ആവശ്യപ്പെട്ടിരുന്നു.അതിനിടെയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. സി.ബി.ഐ അന്വേഷണം നടത്തണമെന്ന് സിങ്കിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയും ചെയ്തിരുന്നു.നേരത്തെ കേസില്‍ അന്വേഷണം തുടരാന്‍ കഴിയുന്നില്ലെന്ന കാണിച്ച് സി.ബി.ഐ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിയമപരമായും സാങ്കേതികമായുമുള്ള തടസ്സങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കേസില്‍ അന്വേഷണം തുടരാന്‍ കഴിയുന്നില്ലെന്നാണ് അന്ന് സി.ബി.ഐ കോടതിയെ സമീപിച്ചത്.പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്ന സര്‍ക്കാര്‍ നിലപാട് നേരത്തെ തന്നെ വിവാദങ്ങളില്‍പ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha