അടപടലം പൊക്കും... സ്വര്‍ണക്കടത്തില്‍ പിടിയിലാകാനുള്ളത് വമ്പന്‍ സ്രാവുകളെന്ന് മൊഴികളില്‍ നിന്ന് വ്യക്തമാണെന്ന് സാമ്പത്തിക കുറ്റവിചാരണ കോടതി; എല്ലാവരേയും രഹസ്യമായി പുറത്ത് കൊണ്ടുവരാന്‍ കോടതിയുടെ പച്ചക്കൊടി; എന്തെന്നറിയാന്‍ ആകാംക്ഷയോടെ കേരളം

സ്വര്‍ണക്കടത്ത് അന്വേഷണം ആരംഭിച്ചിട്ട് അഞ്ചാറ് മാസം ആയെങ്കിലും ഇനിയും വമ്പന്‍ സ്രാവുകളെ പിടികൂടാനുണ്ടത്രെ. നയതന്ത്ര സ്വര്‍ണക്കടത്തിലും ഡോളര്‍ കടത്തിലും വമ്പന്‍സ്രാവുകളുടെ സാന്നിദ്ധ്യം പ്രതികളുടെ മൊഴികളില്‍ വ്യക്തമാണെന്ന് സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് നിരീക്ഷിച്ചത്. പ്രതികള്‍ വെളിപ്പെടുത്തിയ വലിയ പേരുകള്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായി പ്രതികളുണ്ടാക്കിയ അടുത്തബന്ധമാണ് ഇത്രയും കാലം പിടിക്കപ്പെടാതെ കള്ളക്കടത്തു നടത്താന്‍ വഴിയൊരുക്കിയത്. ഈ ഘട്ടത്തില്‍ ഇവരുടെ പേരുകള്‍ പുറത്തുവരുന്നത് അന്വേഷണത്തിന്റെ പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസിന് ചോദ്യം ചെയ്യാന്‍ ഏഴുദിവസം കൂടി കസ്റ്റഡിയില്‍ നല്‍കിയ ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം. ഈ മാസം ഏഴിന് രാവിലെ 11ന് ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കണം.
ശിവശങ്കറിന്റെ കൂട്ടുപ്രതികളായ സ്വപ്ന സുരേഷിനെയും പി.എസ്. സരിത്തിനെയും നവംബര്‍ 27മുതല്‍ 29വരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ മൂന്ന് നിര്‍ണായക മൊഴികള്‍ കസ്റ്റംസ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതു പരിശോധിച്ച ശേഷമാണ് വമ്പന്‍ സ്രാവുകളെപ്പറ്റിയുള്ള കോടതിയുടെ നിരീക്ഷണം. പ്രതികള്‍ വെളിപ്പെടുത്തിയ വമ്പന്‍ സ്രാവുകള്‍ക്ക് കുറ്റകൃത്യത്തിലുള്ള യഥാര്‍ത്ഥ പങ്കാളിത്തവും അതിനുള്ള ശക്തമായ തെളിവുകളും കണ്ടെത്തേണ്ടതുണ്ട്.
സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയതും അതിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കറുമായുള്ള ഫോണ്‍ സന്ദേശങ്ങളുടെ വിശദാംശങ്ങള്‍ ശാസ്ത്രീയമായി പരിശോധിച്ചതും തെളിവുകള്‍ ശേഖരിക്കാന്‍ സഹായകമായി. പ്രതികള്‍ മായ്ച്ചുകളഞ്ഞ ഫോണ്‍ സന്ദേശങ്ങള്‍ ശാസ്ത്രീയമായി വീണ്ടെടുത്തതിലൂടെ കള്ളക്കടത്തിനു സഹായിച്ചതിലും പ്രേരിപ്പിച്ചതിലും ശിവശങ്കറിന്റെ പങ്കാളിത്തം പുറത്തുകൊണ്ടുവരാന്‍ അന്വേഷണ സംഘത്തിനു സാധിച്ചു. സ്വപ്നയുടെ ആദ്യമൊഴികള്‍ ശിവശങ്കറിനെ ബോധപൂര്‍വം കുറ്റകൃത്യത്തില്‍ നിന്ന് ഒഴിവാക്കാനായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ബോദ്ധ്യപ്പെട്ടതും തെളിവുകളുടെ വീണ്ടെടുപ്പിലൂടെയാണ്. തുടക്കത്തില്‍ അങ്ങനെ ചെയ്തതിന്റെ ഉദ്ദേശ്യം ഇപ്പോഴും സ്വപ്നയ്ക്കു മാത്രമേ അറിയാവൂ. ഈ സാഹചര്യത്തില്‍ ശിവശങ്കറിനെ പ്രതിചേര്‍ക്കാനും വിശദമായി ചോദ്യം ചെയ്ത് ആരോപണങ്ങളില്‍ വ്യക്തതവരുത്താനും അന്വേഷണ ഉദ്യോഗസ്ഥന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
കോടതിയുടെ നിരീക്ഷണങ്ങള്‍ ഇങ്ങനെയാണ്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട വമ്പന്‍ സ്രാവുകളുടെ പേരുകള്‍ മൊഴികളിലുണ്ട്. ഉന്നതപദവികളില്‍ ഇരിക്കുന്നവര്‍ വിദേശത്തേക്ക് ഡോളര്‍ കടത്തുന്നതിലും ഉള്‍പ്പെട്ടുവെന്നത് ഞെട്ടിപ്പിക്കുന്നു. യു.എ.എ കോണ്‍സുലേറ്റിലെ ഉന്നതരുമായി പ്രതികള്‍ക്ക് ശക്തമായ ബന്ധമുണ്ട്. കള്ളക്കടത്തിന് ശിവശങ്കര്‍ ഒത്താശ ചെയ്തതിന് ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച മൊഴികളുണ്ട്. ശിവശങ്കറെ പ്രതിചേര്‍ത്തത് ന്യായമാണ്.
അതേസമയം സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി ചോര്‍ന്നതില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ക്ക് എറണാകുളം സാമ്പത്തിക കുറ്റവിചാരണക്കോടതി നിര്‍ദ്ദേശം നല്‍കി. ഇതിന്റെ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ വൈകാതെ സമര്‍പ്പിക്കണം. നീതിയുക്തമായ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രവണതകള്‍ ഒഴിവാക്കണം. മികച്ച അന്വേഷണം നടത്തിയാലേ മികച്ച വിചാരണയും വിധിയും സാദ്ധ്യമാവൂ. സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം നിരീക്ഷിക്കേണ്ട സാഹചര്യം ഇതാണ്. അന്വേഷണസംഘം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കോടതി അറിയിച്ചു. ഇങ്ങനെ കോടതിയുടെ കൂടി ശക്തമായ നിരീക്ഷമം വന്നതോടെ വമ്പന്‍മാര്‍ നെട്ടോട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha