രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു! ധനമന്ത്രി തോമസ് ഐസകും മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദനും ശ്രീവാസ്തവയെ ഉന്നമിട്ട് പരസ്യമായി രംഗത്തെത്തി; ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഉപദേഷ്ടാവായി രമണ്‍ ശ്രീവാസ്തവ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേതാക്കക്കളുടെ കണ്ടെത്തൽ...

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിന് പിന്നാലെ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവിനെതിരെ സിപിഎമ്മില്‍ അമര്‍ഷം. സിപിഎമ്മിനേയും സര്‍ക്കാരിനേയും പ്രതിക്കൂട്ടിലാക്കുന്ന നിരവധി നടപടികളാണ് ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട് നാലര വര്‍ഷത്തിനിടെ ഉണ്ടായിട്ടുള്ളത്. ഇതിന്റെ എല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായ രമണ്‍ ശ്രീവാസ്തവയാണെന്ന പൊതുവികാരമാണ് ഇപ്പോള്‍ സിപിഎമ്മില്‍ ഉയര്‍ന്നിരിക്കുന്നത്. ധനമന്ത്രി തോമസ് ഐസകും മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദനും കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീവാസ്തവയെ ഉന്നമിട്ട് പരസ്യമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയെ പോലും അറിയിക്കാതെ കെഎസ്എഫ്ഇയില്‍ നടത്തിയ റെയ്ഡിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നുവെന്നാണ് നേതാക്കന്‍മാര്‍ വിലയിരുത്തുന്നത്. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഉപദേഷ്ടാവായി രമണ്‍ ശ്രീവാസ്തവ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നേതാക്കളിപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. പോലീസ് ഉപദേഷ്ടാവായി വരുന്നതിന് മുമ്പേ ശ്രീവാസ്തവ ഈ ധനകാര്യ സ്ഥാപനത്തിന്റെ ഉപദേഷ്ടാവായിരുന്നു. അദ്ദേഹം ഇപ്പോഴും ആ പദവി വഹിക്കുന്നുണ്ടെന്നാണ് സ്ഥാപനത്തിന്റെ വെബ്‌സൈറ്റിലുള്ളത്.
അങ്ങനെയുള്ള ഒരാളുടെ കൃത്യമായ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് കെഎസ്എഫ്ഇയില്‍ റെയ്ഡ് നടത്താനും പൊതുജനത്തിന് മുന്നില്‍ സ്ഥാപനത്തെ താറടിച്ച് കാണിക്കാനുമുള്ള നടപടിയുണ്ടായിട്ടുള്ളത് എന്നാണ് സിപിഎം നേതാക്കളുടെ വിലയിരുത്തല്‍.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടലുകള്‍ക്ക് സാധൂകരണം നല്‍കാനുള്ള ഗൂഢാലോചനകൂടി ഇതിന് പിന്നിലുണ്ടോയെന്നും സിപിഎം സംശയിക്കുന്നുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ അവധിയില്‍ പോയ ഘട്ടത്തില്‍ കൂടിയാണ് ഈ റെയ്ഡിന് അനുമതി നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സിപിഎം നേതാക്കള്‍ക്ക് പുറമെ സിപിഐയും രമണ്‍ ശ്രിവാസ്തവയുടെ ഇടപെടലുകളെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. വിവദമായ പോലീസ് നിയമഭേദഗതി കൊണ്ടുവരുന്നതിലും രമണ്‍ ശ്രീവാസ്തവയുടെ പങ്ക് വളരെ വ്യക്തമായിരുന്നു. പോലീസ് ഉപദേഷ്ടാവിന് തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രിയടക്കം സമ്മതിച്ചതുമാണ്. ആ വിവാദം കെട്ടടുങ്ങുന്നതിന് പിന്നാലെയാണ് കെഎസ്എഫ്ഇയിലെ റെയ്ഡ്.
അതേസമയം കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയില്‍ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി സി.പി.എം രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡിനു പിന്നാലെ അതിരൂക്ഷമായ പരസ്യ വിമര്‍ശനവുമായി മന്ത്രി തോമസ് ഐസക്ക് രംഗത്തെത്തിയിരുന്നു. കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് നടത്തിയത് സാധാരണ ഗതിയിലുള്ള പരിശോധനയാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സി.പി.എം. സെക്രട്ടറിയറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. വിജിലന്‍സ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കെ..എസ്.എഫ്.ഇ. പോലെ മികവാര്‍ന്ന സ്ഥാപനത്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഈ പരിശോധനയെ ചിലര്‍ ഉപയോഗിക്കുന്നതു കണ്ട് നടത്തിയ പ്രതികരണങ്ങളായിരുന്നു അത്. എന്നാല്‍ അത്തരം പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു.- പ്രസ്താവന പറയുന്നു.കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും അഭിപ്രായ വ്യത്യാസമുണ്ടെന്ന പ്രചാരവേല അടിസ്ഥാനരഹിതവും ആശയക്കുഴപ്പം സൃഷ്ടിക്കാനുമുള്ള രാഷ്ട്രീയ എതിരാളികളുടെ വ്യഥാശ്രമമാണെന്നും പ്രസ്താവനയില്‍ സി.പി.എം. വ്യക്തമാക്കി. കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ നല്ല സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്.
അതു കൊണ്ടു കൂടിയാണ് നിരന്തരം വിവാദങ്ങള്‍ സൃഷ്ടിച്ച് ആശയക്കുഴപ്പമുണ്ടാക്കാന്‍ കഴിയുമോയെന്ന് പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത്. എല്ലാ സീമകളേയും ലംഘിച്ചുള്ള ഈ ജനാധിപത്യവിരുദ്ധ നീക്കം ജനം തിരിച്ചറിയുന്നുണ്ട്.-പത്രക്കുറിപ്പില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയിലും സര്‍ക്കാരിലും ഭിന്നിപ്പുണ്ട് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം തുടങ്ങിയിട്ടുള്ളത്. പാര്‍ട്ടിയും, എല്‍.ഡി.എഫും ഒറ്റക്കെട്ടാണെന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുന്ന പ്രധാന ഘടകമാണ്. ഇത് രാഷ്ട്രീയ എതിരാളികളെ നിരാശരാക്കുന്നുണ്ട്. അതാണ് ഇപ്പോഴത്തെ പ്രചാരവേലകളില്‍ പ്രതിഫലിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തും വിവാദമാക്കാന്‍ ശ്രമിക്കുന്നവര്‍ ഉണ്ടെന്ന തിരിച്ചറിവ് പ്രധാനമാണ്. കേരളത്തിലെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ് കെ.എസ്.എഫ്.ഇ. അതിനെ തകര്‍ക്കുന്നതിനായി സങ്കുചിത രാഷ്ട്രീയ ലക്ഷ്യം വെച്ച് യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന നീക്കം പൊതുസമൂഹം തിരിച്ചറിയുന്നുണ്ടെന്നും സി.പി.എം. പ്രസ്താവനയില്‍ പറയുന്നു.
https://www.facebook.com/Malayalivartha