ഐസക്കിന് പാർട്ടിയിൽനിന്നേറ്റത് കനത്ത തിരിച്ചടി... ഐസക്കിന്റേത് അതിരുവിട്ട വൈകാരികതയായി പോയെന്നാണ് മറുവിഭാഗം നേതാക്കൾ... ഇനി പറയാനുള്ളത് തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി വേദിയിലാകാമെന്ന് തുറന്നടിച്ച് ഐസക്!

കെ.എസ്.എഫ്.ഇ.യിലെ വിജിലൻസ് പരിശോധനയുടെ പേരിൽ പരസ്യവിമർശനം നടത്തിയ മന്ത്രി തോമസ് ഐസക്കിനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും സി.പി.എമ്മിന്റെ തിരുത്ത്. എന്നാൽ കിഫ്ബിയിൽനിന്ന് കെ.എസ്.എഫ്.ഇ.യിലേക്ക് വിവാദങ്ങളുടെ രാഷ്ട്രീയയാത്ര നടത്തിയ മന്ത്രി തോമസ് ഐസക്കിന് പാർട്ടിയിൽനിന്നേറ്റത് കനത്ത തിരിച്ചടി തന്നെയാണ്. വിജിലൻസ് പരിശോധനയെ കടന്നാക്രമിക്കുന്നതിലൂടെ പാർട്ടിക്കുള്ളിൽ വിമർശകരുടെ ഏകീകരണം നടക്കുന്നുവെന്ന തോന്നൽ മുഖ്യമന്ത്രിക്കുണ്ടായതാണ് ‘നടപടി’ കടുത്തനിലയിലുള്ള തടയിടലാകുന്ന വിധത്തിലായത്. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേശകനായ രമൺശ്രീവാസ്തവയ്ക്കെതിരേ പാർട്ടിയിലെ ഒരുവിഭാഗത്തിനുള്ള എതിർപ്പും ഇതിലൂടെ തലപൊക്കിയിരുന്നു.
വിജിലൻസ് പരിശോധന ആസൂത്രണം ചെയ്ത ’വട്ട്’ ആർക്കാണെന്ന് റിപ്പോർട്ട് വരുമ്പോൾ പുറത്തുവരുമെന്നായിരുന്നു ഐസക് രണ്ടാംദിവസം നടത്തിയ പ്രതികരണത്തിൽ പറഞ്ഞത്. സ്വകാര്യ പണമിടപാടുകാരെ സഹായിക്കുന്നതാണെന്ന് ആനത്തലവട്ടവും പറഞ്ഞു. ഇങ്ങനെ സംശയത്തിന്റെ നിഴലിൽനിർത്തിയുള്ള മറുപടി ഒരുനിഴൽ യുദ്ധമാണെന്ന തോന്നൽ മുഖ്യമന്ത്രിക്കും അദ്ദേഹത്തിനൊപ്പമുള്ളവർക്കും വന്നതോടെയാണ് തിരുത്തൽ’ വേഗത്തിലായത്. വെള്ളിയാഴ്ച നടന്ന റെയ്ഡിനുശേഷം രണ്ടുദിവസം ധനമന്ത്രി നടത്തിയ പ്രതികരണങ്ങൾക്കായിരുന്നു മുൻതൂക്കം. പക്ഷേ, മുഖ്യമന്ത്രിയുടെ വകുപ്പായ വിജിലൻസിനെതിരേയാണ് വിമർശനമെന്നതിനാൽ ആനത്തലവട്ടം ആനന്ദൻ ഒഴികെയുള്ള നേതാക്കളാരും അതേറ്റുപിടിച്ചില്ല. ധനമന്ത്രിയുടെ ആവർത്തിച്ചുള്ള പ്രസ്താവനയ്ക്ക് ശേഷവും ഈ വിഷയത്തിൽ ഒരു വിശദീകരണവും നൽകാതെ മൂന്നുദിവസം മുഖ്യമന്ത്രി നിശ്ശബ്ദത പാലിച്ചപ്പോൾ ’ഒരുതിരിച്ചടി’ പല നേതാക്കളും മണത്തിരുന്നു.
പാർട്ടി ചർച്ച ചെയ്യുന്നതുവരെ പരസ്യപ്രതികരണം ഒഴിവാക്കണമെന്ന് നേതാക്കളോട് സി.പി.എം. നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന് ഒടുവിലാണ് എല്ലാ ആരോപണങ്ങൾക്കും തിങ്കളാഴ്ച വൈകീട്ട് മുഖ്യമന്ത്രി കനംവെച്ച് മറുപടി നൽകിയത്. മുഖ്യമന്ത്രിയുടെ മനസ്സറിഞ്ഞതോടെ തോമസ് ഐസക്കിന്റെ നിലപാട് തള്ളാൻ മന്ത്രിമാർതന്നെ രംഗത്തെത്തി. ഇ.പി. ജയരാജൻ, ജി. സുധാകരൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരെല്ലാം മുഖ്യമന്ത്രിയുടെ വിശദീകരണം വിമർശകർക്കുള്ള ഉത്തരമാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചു. ഐസക്കിന്റേത് അതിരുവിട്ട വൈകാരികതയായി പോയെന്നാണ് മറുവിഭാഗം നേതാക്കൾ പറയുന്നത്. എന്നാൽ താൻ മുൻനിലപാടിൽ ഉറച്ചുനിൽക്കുന്നില്ലെന്നും ഇനി പറയാനുള്ളത് തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി വേദിയിലാകാമെന്നാണ് ഐസക് പ്രതികരിച്ചത്. സെക്രട്ടേറിയറ്റ് തീരുമാനം അംഗീകരിക്കുമ്പോഴും എല്ലാ ശുഭമായി എന്നൊരു സൂചന ഐസക് നൽകുന്നില്ല. അത് എങ്ങനെയാണ് ഇനി പ്രതിഫലിക്കുന്നത് എന്നത് അനുസരിച്ചായിരിക്കും സി.പി.എമ്മിലെ ആഭ്യന്തരവിമർശനത്തിന്റെ ഗതി.
https://www.facebook.com/Malayalivartha