ജയിലിൽ ചിലർ വന്നു, പേരുകൾ പറഞ്ഞാൽ വകവരുത്തുമെന്ന് ഭീഷണി'; ജീവന് സംരക്ഷണം ആവശ്യപ്പെട്ട് സ്വപ്ന കോടതിയിൽ ;സംരക്ഷണം നൽകാൻ കോടതി നിർദേശം

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിയിൽ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെന്ന് തോന്നുന്ന ചിലർ ജയിലിൽ വന്ന് തന്നെ കണ്ടു. കേസുമായി ബന്ധമുളള ഉന്നതരുടെ പേരുകൾ പറയരുതെന്ന് ആവശ്യപ്പെട്ടു. തന്നെയും കുടുംബത്തെയും അപകടപ്പെടുത്താൻ ശേഷിയുളളവരാണ് തങ്ങളെന്ന് അവർ മുന്നറിയിപ്പ് നൽകിയെന്നും സ്വപ്ന പറഞ്ഞു.അന്വേഷണ ഏജൻസിയുമായി സഹകരിക്കരുതെന്ന് അവർ പറഞ്ഞു. നവംബർ 25ന് മുമ്പ് പലതവണ തനിക്ക് ഭീഷണി വന്നതാണ്. തനിക്ക് സംരക്ഷണം വേണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. കൊച്ചി അഡീഷണൽ സെഷൻസ് കോടതിയിലാണ് സ്വപ്ന ഇക്കാര്യങ്ങൾ പറഞ്ഞത്. തനിക്കും കുടുംബാംഗങ്ങൾക്കും കോടതി ഇടപെട്ട് സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന ഹർജി നൽകി.
തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ ആയിരുന്ന സമയത്താണ് തന്നെ ചിലർ വന്ന് കണ്ടത്. അവർ കാഴ്ചയിൽ ജയിൽ പൊലീസ് ഉദ്യോഗസ്ഥരെന്ന് തോന്നുന്നവരാണ്. കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞാൽ താൻ പോകേണ്ടത് അട്ടക്കുളങ്ങര ജയിലിലേക്ക് തന്നെയാണ്. അവിടെ വച്ച് തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ട്. അതിനാൽ സംരക്ഷണം വേണമെന്നാണ് സ്വപ്ന ആവശ്യപ്പെട്ടിരിക്കുന്നത്.അതെ സമയം സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് സുപ്രധാന പങ്കെന്ന് കസ്റ്റംസ് റിപ്പോർട്ട്. കേസുമായി ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവ് കിട്ടിയെന്നും ഉന്നത പദവിയിലിരിക്കുന്ന ഒരാൾ ഇത്തരം കേസിൽ ഉൾപ്പെട്ടത് കേട്ടുകേൾവിയില്ലാത്തതാണെന്നും കസ്റ്റംസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംസ്ഥാന സർക്കാറിന്‍റെ ഭാവി പദ്ധതികളുടെ വിവരങ്ങൾ സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് ശിവശങ്കർ കൈമാറിയെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
സ്വർണ്ണക്കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ റിമാൻഡ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെടുള്ള റിപ്പോർട്ടിലാണ് കസ്റ്റംസ് അന്വേഷണ പുരോഗതി അറിയിക്കുന്നത്. വിദേശത്ത് നിന്നുള്ള സ്വർണ്ണക്കടത്തിയതിൽ എം ശിവശങ്കർ നേരിട്ട് ഇടപെട്ടതിന് തെളിവുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു.രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന സംസ്ഥാന സർക്കാറിന്‍റെ പല പദ്ധതികളുടെയും വിവരം എം ശിവശങ്കർ സ്വർണണക്കടത്ത് കേസിലെ പ്രതികൾക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്. കൂടുതൽ പേരെ ചോദ്യം ചെയ്യേണ്ടതുമുണ്ട്. അതിനാൽ ശിവശങ്കറിന്‍റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. തുടർന്ന് കോടതി ഈമാസം 22 വരെ കസ്റ്റഡി നീട്ടി. എന്നാൽ വ്യാഴാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാക്കേണ്ട മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ അഡ്മിറ്റായി. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് കിടത്തി ചികിത്സയ്ക്കായി രവീന്ദ്രനെ പ്രവേശിപ്പിച്ചത്. കൊവിഡ് മുക്തനായ ശേഷം തനിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് സി.എം.രവീന്ദ്രൻ പറയുന്നത്. തലവേദനയും കടുത്ത ക്ഷീണവും അടക്കമുള്ള പ്രശ്നങ്ങൾ ഉള്ളതിനാൽ രവീന്ദ്രനെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ഡോക്ടർമാരുടെ തീരുമാനം. ന്യൂറോ സംബന്ധമായ പ്രശ്നങ്ങൾ രവീന്ദ്രനുണ്ടെന്നാണ് സൂചന.
https://www.facebook.com/Malayalivartha