സുരേന്ദ്രാ കാപ്പാത്തുങ്കോ... സ്വപ്ന സുരേഷിനെ പലരും ജയിലില്‍ സന്ദര്‍ശിച്ചെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞപ്പോള്‍ വസ്തുതാവിരുദ്ധമായ പ്രസ്താവനകള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഋഷിരാജ് സിംഗ്; എന്നാല്‍ ഉന്നതരുടെ പേര് പറയരുതെന്ന് ആവശ്യപ്പെട്ട് ജയിലില്‍ ചിലര്‍ വന്നു കണ്ടതായി സ്വപ്ന

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന പോലീസ് ഓഫീസറാണ് ഋഷിരാജ് സിംഗ്. കള്ളന്‍മാരേയും കൊള്ളക്കാരേയും കൈയ്യാമം വയ്ക്കുന്ന ജയില്‍ ഡിജിപി കൂടിയായ ഋഷിരാജ് സിംഗ് അടുത്തിടെ ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഒരു വാണിംഗ് കത്ത് നല്‍കിയിരുന്നു. ജയില്‍ വകുപ്പിനെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്നാണ് ഋഷിരാജ് സിംഗ് സുരേന്ദ്രനോട് ആവശ്യപ്പെട്ടത്. പലര്‍ക്കും വേണ്ടി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ പലരും ജയിലില്‍ സന്ദര്‍ശിച്ചെന്ന് സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇത്തരം കൂടിക്കാഴ്ചയ്ക്ക് ജയില്‍ സൂപ്രണ്ട് കൂട്ടുനിന്നു. കസ്റ്റംസിന്റെ അനുമതി ഇല്ലാതെയായിരുന്നു ഈ കൂടിക്കാഴ്ചകളെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.
എന്നാല്‍ സ്വര്‍ണ കടത്ത് കേസിലെ പ്രതിക്ക് ജയിലില്‍ അനധികൃതമായി സന്ദര്‍ശക സൗകര്യം നല്‍കിയിട്ടില്ലെന്നാണ് ഋഷിരാജ് സിംഗ് പറഞ്ഞത്. വസ്തുതാവിരുദ്ധമായ പ്രസ്താവനകള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഋഷിരാജ് സിംഗ് സുരേന്ദ്രന് അയച്ച കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പറയുന്നത് ഋഷിരാജ് സിംഗായതിനാല്‍ എല്ലാവരും സുരേന്ദ്രനെതിരെ കൂകി വിളിച്ചു. എന്നാല്‍ ഇപ്പോള്‍ കൈയ്യടി സുരേന്ദ്രനാണ് എത്തുന്നത്. സുരേന്ദ്രന്‍ പറഞ്ഞത് ശരിവയ്ക്കുകയാണ് സ്വപ്ന സുരേഷ്.
ജയിലില്‍ ചിലയാളുകള്‍ തന്നെ വന്നു കണ്ടിരുന്നുവെന്ന് കോടതിയെ അറിയിച്ചിരിക്കുകയാണ് സ്വപ്ന. ഉന്നതരുടെ പേരുകള്‍ പറയരുതെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തോട് സഹകരിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടതായും സ്വപ്ന അറിയിച്ചു. ഇവര്‍ പോലീസുകാരാണെന്നാണ് കരുതുന്നതെന്നും സ്വപ്ന കോടതിയില്‍ സമര്‍പ്പിച്ച കത്തില്‍ പറയുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ ഉന്നതരുടെ പേര് വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് ജയില്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്നും, ജയിലില്‍ ജീവന് ഭീഷണിയുണ്ടെന്നും സ്വപ്ന സുരേഷ് കോടതിയെ അറിയിച്ചു. തുടര്‍ന്ന്, സ്വപ്‌നയ്ക്ക് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവിട്ടു. സ്വപ്നയുടെ റിമാന്‍ഡ് 22 വരെ നീട്ടി.
കഴിഞ്ഞ മൂന്ന് ദിവസമായി എറണാകുളത്തു വച്ച് മജിസ്‌ട്രേട്ട് രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനിടെയാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ സുരക്ഷ ആവശ്യപ്പെട്ട് സ്വപ്ന ഹര്‍ജി നല്‍കിയത്. അട്ടക്കുളങ്ങര ജയിലില്‍ കഴിയുന്ന തന്നെ കഴിഞ്ഞ നവംബര്‍ 25ന് മുമ്പാണ് ചിലര്‍ ഭീഷണിപ്പെടുത്തിയത്. കണ്ടാലറിയാവുന്ന അവര്‍ പൊലീസ്, ജയില്‍ ഉദ്യോഗസ്ഥരെന്നാണ് അവകാശപ്പെട്ടത്.
സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്നും ഒരന്വേഷണ ഏജന്‍സിയുമായും സഹകരിക്കരുതെന്നും ആവശ്യപ്പെട്ടു. കുടുംബാംഗങ്ങളെ ഇല്ലാതാക്കാനും തങ്ങള്‍ക്ക് കഴിയും. ഉന്നതരെക്കുറിച്ച് വെളിപ്പടുത്തിയാല്‍ ജയിലില്‍ തന്റെ ജീവന്‍ അപായപ്പെടുത്താനും കഴിയുമെന്നു ഭീഷണിപ്പെടുത്തി.
കസ്റ്റംസ് കസ്റ്റഡിയുടെ കാലാവധി അവസാനിച്ച് അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് കോഫാപോസ തടവുകാരിയായാണ് താന്‍ പോകേണ്ടത്. അവിടെ തന്റെ ജീവന് സുരക്ഷയില്ല. തന്റെ രഹസ്യമൊഴി മജിസ്‌ട്രേട്ട് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. ജയിലില്‍ മാനസികവും ശാരീരികവുമായി പീഡിപ്പിക്കാന്‍ സാദ്ധ്യതയുണ്ട്. ജുഡിഷ്യല്‍ കസ്റ്റഡിയില്‍ ജീവന് ഗുരുതരമായ ഭീഷണിയുണ്ട്. സുരക്ഷ ഒരുക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു.
അടുത്തിടെ സുരേന്ദ്രന്‍ പറയുന്ന പല കാര്യങ്ങളും അച്ചിട്ടത് പോലെയാണ്. സ്വപ്നയെ പലരും ജയില്‍ വന്ന് കണ്ടെന്ന കാര്യം പോലും ശരിയാണെന്നാണ് സ്വപ്നയുടെ വെളിപ്പടുത്തലോടെ ബോധ്യമായത്. സ്വപ്നയെ കണ്ടവര്‍ക്കെതിരെ ഇനി ഋഷിരാജ് സിംഗ് എന്ത് നടപടി സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha