ജനവിധി ഇന്നറിയാം..... തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലമറിയാനുള്ള വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടുമണിക്ക് ആരംഭിക്കും... ആകാംക്ഷയോടെ മുന്നണികള്‍

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലമറിയാനുള്ള വോട്ടെണ്ണല്‍ ഡിസംബര്‍ 16ന് രാവിലെ എട്ടുമണിക്ക് ആരംഭിക്കും. ദിവസങ്ങളായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. എട്ടേകാല്‍ മുതല്‍ ആദ്യ ഫല സൂചനകള്‍ പുറത്തു വരും. രാവിലെ 11നു ഗ്രാമ പഞ്ചായത്തുകളിലെ മുഴുവന്‍ ഫലങ്ങളും ലഭ്യമാകുമെന്നാണു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ അധികൃതര്‍ പറയുന്നത്. ഉച്ചയോടെ എല്ലാ ഫലങ്ങളും ലഭ്യമാകുമെന്നാണു പ്രതീക്ഷ. മൂന്നു ഘട്ടങ്ങളിലായി നടന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് ഇന്നു നടക്കുക.
സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും നല്കിയ 86,576 സ്‌പെഷല്‍ തപാല്‍ ബാലറ്റുകള്‍ ഉള്‍പ്പെടെ 2,11,846 തപാല്‍ ബാലറ്റുകളാണ് വിതരണം ചെയ്തിരുന്നത്. കൗണ്ടിംഗ് പാസ് ലഭിച്ചിട്ടുള്ള കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് മാത്രമാണ് കൗണ്ടിംഗ് ഹാളില്‍ പ്രവേശിക്കാന്‍ അനുമതി. സ്ഥാനാര്‍ത്ഥിക്കും ചീഫ് ഇലക്ഷന്‍ ഏജന്റിനും ബ്ലോക്ക് വരണാധികാരിക്ക് കീഴിലുള്ള ഒരാള്‍ക്കും കൗണ്ടിംഗ് ഹാളില്‍ പ്രവേശനം അനുവദിക്കും.
കൗണ്ടിംഗ് ഓഫീസര്‍മാര്‍ കൈയുറയും മാസ്‌കും ഫേസ് ഷീല്‍ഡും ധരിച്ചാണ് ഹാളില്‍ പ്രവേശിക്കുക. കൗണ്ടിംഗ് ഹാളില്‍ എത്തുന്ന സ്ഥാനാര്‍ത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം. കോവിഡ് ബാധിതര്‍ക്ക് വിതരണം ചെയ്ത സ്‌പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ നടക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അതത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടെണ്ണും. ഗ്രാമപ്പഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതത് വരണാധികാരികളാണ് എണ്ണുക.
14 ജില്ലാ പഞ്ചായത്തുകള്‍ ആറ് കോര്‍പറേഷനുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, 941 ഗ്രാമപഞ്ചായത്തുകള്‍ എന്നിവയിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങുന്നതു മുതലുള്ള പുരോഗതി പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ അറിയാം. ജില്ലാബ്ലോക്ക് ഗ്രാമപഞ്ചായത്ത്, കോര്‍പറേഷന്‍, നഗരസഭാ തലങ്ങളില്‍ സീറ്റുകളുടെ എണ്ണവും ലീഡ് നിലയും അറിയാനാകും.
"
https://www.facebook.com/Malayalivartha