കെ.എസ്.ആർ.ടി.സി. ബസിന് കടന്നുപോകാനായി വേഗം കുറച്ച് റോഡരികിലൂടെ ഓടി! എന്നിട്ടും കാലന്റെ രൂപത്തിലെത്തിയ ലോറി തന്റെ കൺമുൻപിൽ വച്ച് മകനെ തട്ടിയെടുത്തു... അമ്മ ഓടിച്ച സ്‌കൂട്ടറിന് പിറകിലിരുന്ന 13-കാരൻ തെറിച്ചുവീണതോടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങി! ബോധരഹിതയായി അമ്മ; കക്കോടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ സഹപാഠികൾക്ക് തീരാ വേദനയായി അർജുൻ

അമ്മയോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച മകൻ, സ്‌കൂട്ടറിലിടിച്ച ടിപ്പർ ലോറിക്കടിയിൽപ്പെട്ടു മരിച്ചു. കോഴിക്കോട് കക്കോടി കോട്ടൂപ്പാടം അത്താഴക്കുന്നുമ്മൽ ഷാജിയുടെ മകൻ അർജുൻ (13) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.50-ഓടെ ദേശീയപാതയിൽ കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ അക്കാദമിക്ക് സമീപമാണ് അപകടം. അമ്മ ശ്രീദേവി (മഞ്ജു)യുടെ കൊട്ടൂക്കരയിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും. ശ്രീദേവിയായിരുന്നു സ്‌കൂട്ടർ ഓടിച്ചത്. കെ.എസ്.ആർ.ടി.സി. ബസിന് കടന്നുപോകാനായി വേഗം കുറച്ച് റോഡരികിലൂടെ ഓടിയ സ്‌കൂട്ടറിൽ പിറകിൽ ലോറി തട്ടി. ലോറിയുടെ മുൻഭാഗം സ്‌കൂട്ടറിനെ മറികടന്ന ശേഷമാണ് സ്‌കൂട്ടറിൽ തട്ടിയത്. നിയന്ത്രണംവിട്ട സ്‌കൂട്ടറിൽനിന്ന് ശ്രീദേവി ഇടതുവശത്തേക്കും അർജുൻ റോഡിലേക്കും തെറിച്ചുവീണു.
ലോറിയുടെ പിൻചക്രം കയറിയ അർജുൻ അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചു. പരിക്കേറ്റ ശ്രീദേവി (39)യെ കൊണ്ടോട്ടിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കക്കോടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എട്ടാംക്ലാസ് വിദ്യാർഥിയാണ് അർജുൻ. അച്ഛൻ ഷാജി കുവൈത്തിലാണ്. സഹോദരൻ അക്ഷയ് (കക്കോടി ഗവ. എച്ച്.എസ്.എസ്. പ്ലസ്ടു വിദ്യാർഥി). എതിർവശത്തുനിന്ന് വലിയ വാഹനങ്ങൾ വരാതിരുന്നിട്ടും ഡ്രൈവർ അനാവശ്യമായി ലോറി റോഡരികിലൂടെ ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമാണ്. കോഴിക്കോട്ടുനിന്ന് മേൽമുറിയിലെ ക്രഷറിലേക്ക് പോവുകയായിരുന്നു ലോറി. ഡ്രൈവർക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത പോലീസ് ലോറി കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha