ഒറ്റയ്ക്ക് പൂട്ടാന്‍ നോക്കല്ലേ... ശിവശങ്കറിന് സ്വപ്‌ന വേണ്ടപ്പെട്ടയാളെന്ന് വെളിപ്പെടുത്തി ഇഡി; സ്വപ്‌നയ്ക്കു സെക്രട്ടേറിയറ്റില്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു; ശിവശങ്കറിന്റെ വേണ്ടപ്പെട്ട ആളെന്ന നിലയിലാണ് പലരും കണ്ടിരുന്നത്

ഒറ്റയ്ക്കും ഒരുമിച്ചും ഇരുത്തി ചോദ്യം ചോദ്യം ചെയ്യുക എന്നത് എല്ലാ അന്വേഷണ ഏജന്‍സികളുടേയും തന്ത്രമാണ്. ഒറ്റയ്ക്ക് ഇരു കൂട്ടരേയും മാറിമാറി ചോദ്യം ചെയ്യും. അവരില്‍ നിന്നും കിട്ടുന്ന തുമ്പുപയോഗിച്ച് മറ്റേയാളെ ചോദ്യം ചെയ്യും. അയാള്‍ ഇത് സമ്മതിച്ചല്ലോ. താനാണ് ചെയ്തതെന്നാണ് അവര്‍ പറയുന്നതെന്നാകുമ്പോള്‍ ഇങ്ങെയറ്റത്തിരിക്കുന്ന ആളിന്റെ രക്തം തിളയ്ക്കും. ങ്ഹാ ഞാനൊറ്റയ്ക്ക് അങ്ങനെ എല്ലാം അനുഭവിക്കേണ്ട. അവനും മോശമല്ല സാറെയെന്നാകും. ഇങ്ങനെ മാറിമാറി ചോദ്യം ചെയ്യുമ്പോള്‍ കിട്ടേണ്ട കാര്യങ്ങള്‍ മണിമണിയായി കിട്ടിയിരിക്കും. ഇതാണ് സ്വര്‍ണക്കടത്ത് കേസിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്.
സ്വര്‍ണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിനെ തനിക്കു പരിചയപ്പെടുത്തിയത് എം. ശിവശങ്കറാണെന്നു മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ അറിയിച്ചു. സ്വപ്‌നയ്ക്കു സെക്രട്ടേറിയറ്റില്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാല്‍, സ്വര്‍ണക്കടത്തു പോലെ വഴിവിട്ട ഇടപാടുകളുണ്ടെന്ന് അറിഞ്ഞിരുന്നില്ല.
ശിവശങ്കറിനെ കാണാന്‍ സ്വപ്‌ന പലവട്ടം എത്തിയിട്ടുണ്ട്. ശിവശങ്കറിന്റെ വേണ്ടപ്പെട്ട ആളെന്ന നിലയിലാണു താനുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്വപ്‌നയെ കണ്ടിരുന്നത്. മറ്റാരുമായും അവര്‍ നേരിട്ടു ബന്ധപ്പെട്ടിരുന്നില്ല. സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിയുടെ ഓഫീസിലും സ്വപ്‌നയുടെ ബന്ധം ശിവശങ്കര്‍ വഴിയാണെന്നാണ് അറിവ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്‌ന നേരിട്ട് ഇടപെട്ടിരുന്നതായി അറിവില്ലെന്നും രവീന്ദ്രന്‍ പറഞ്ഞു.
അതേസമയം സി.എം. രവീന്ദ്രന്റെ ഇടപെടലുകള്‍ സംശയാസ്പദമെന്നാണ് ഇ.ഡിയുടെ സംശയിക്കുന്നത്. സര്‍ക്കാര്‍ പദ്ധതികളില്‍ രവീന്ദ്രന്‍ ശിവശങ്കര്‍ സഖ്യത്തിനാണ് നിയന്ത്രണമുണ്ടായിരുന്നതെന്ന് അന്വേഷണ സംഘം കരുതുന്നത്. സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിവില്ലെന്നാണ് രവീന്ദ്രന്റെ നിലപാടെങ്കിലും മൊഴിയിലെ പല കാര്യങ്ങളിലും അവ്യക്തതയുള്ളതായി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസവും രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ ഇന്നലെ രാത്രിയോളം നീണ്ടു.പ്രതിയാക്കണോ സാക്ഷിയാക്കണോ എന്ന കാര്യത്തില്‍ അടുത്ത ചോദ്യംചെയ്യലിനു ശേഷമേ തീരുമാനമെടുക്കൂ. അതിനു മുമ്പായി സ്വര്‍ണക്കടത്തു കേസിലേതടക്കം പ്രതികളുടെ മൊഴികള്‍ ഒത്തുനോക്കും.ശിവശങ്കറുമായി ബന്ധപ്പെട്ട ഇടപാടുകളെപ്പറ്റിയാണു പ്രധാനമായും ചോദിച്ചത്.
സ്വര്‍ണക്കടത്ത്, ലൈഫ്മിഷന്‍, ഊരാളുങ്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുടെ വിശദാംശങ്ങളിലേക്കും കടന്നു. സ്വര്‍ണക്കടത്തിലെ മുഖ്യപ്രതികളായ പി.എസ്. സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുമായുള്ള ശിവശങ്കറിന്റെ ബന്ധം, ഇവര്‍ ശിവശങ്കറെ കാണാന്‍ സെക്രട്ടേറിയറ്റില്‍ വന്നിരുന്നോ, പ്രതികള്‍ എന്തെങ്കിലും സഹായങ്ങള്‍ ആവശ്യപ്പെട്ടിരുന്നോ, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും ചോദിച്ചു. യു.എ.ഇ. കോണ്‍സുലേറ്റുമായി മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധവും ആരാഞ്ഞു.
കോണ്‍സല്‍ ജനറല്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്, ലൈഫ്മിഷന്‍ കരാറുകള്‍, കോണ്‍സുലേറ്റിലെ ഇഫ്താര്‍ പാര്‍ട്ടിയില്‍ ക്ഷണിക്കാനായി സ്വപ്‌ന മുഖ്യമന്ത്രിയെ കാണാന്‍ വന്നത് തുടങ്ങിയവയുടെ രേഖകള്‍ രവീന്ദ്രന്‍ ഹാജരാക്കി. തന്റെ മറുപടികളെ സാധൂകരിക്കുന്ന നിരവധി രേഖകളുമായാണു രവീന്ദ്രന്‍ ചോദ്യംചെയ്യലിനെത്തിയത്. ആരോഗ്യപ്രശ്‌നമുള്ളതിനാല്‍, ഇടവേളകള്‍ നല്‍കിയാണു രവീന്ദ്രനെ ചോദ്യംചെയ്യുന്നത്.
എന്തായാലും ഈയാഴ്ച നിര്‍ണായകമാണ്. രവീന്ദ്രന്‍ ഇത് പറഞ്ഞതാണല്ലോ എന്ന് പറഞ്ഞ് ഇഡി ശിവശങ്കറിനെ കേള്‍പ്പിച്ച് കൊടുക്കുമ്പോള്‍ രവീന്ദ്രന്റെ ചെയ്തികള്‍ ശിവശങ്കറും സ്വപ്നയും ഒന്നൊന്നായി പറയും. അതില്‍ എന്തെങ്കിലും തെളിവ് കിട്ടിയാല്‍ രവീന്ദ്രന്റെ കാര്യം പോക്കാവും. അപ്പോഴും ഇവരൊന്നും പറഞ്ഞില്ലെങ്കില്‍ രവീന്ദ്രന്‍ രക്ഷപ്പെടുകയും ചെയ്യും.
https://www.facebook.com/Malayalivartha