തിങ്കളാഴ്ച നല്ലദിവസം... മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി അതിന്റെ ഫലം ഉണ്ടാകുംമുമ്പേ സിഎം രവീന്ദ്രനെ പൂട്ടാനുറച്ച് ഇഡി; രവീന്ദ്രന്റെ വരുമാനവും സ്വത്തും തമ്മില്‍ പൊരുത്തക്കേട്; കൂടുതല്‍ രേഖകളുമായി തിങ്കളാഴ്ച ഹാജരാകാന്‍ നോട്ടീസ്

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികളുടെ ചെയ്തികളെ കുറിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി നെടുനീളന്‍ കത്തെഴുതിയിരിക്കുകയാണ്. മോദിയുടെ സ്വഭാവം വച്ച് ഒരു കത്തും തള്ളിക്കളയുന്ന ആളല്ല. അതിനാല്‍ തന്നെ കത്ത് മോദി കത്തിക്കുമോയെന്ന് ബിജെപി നേതാക്കളും ഭയപ്പെടുകയാണ്. ആ കത്ത് കത്തിക്കും മുമ്പ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇഡി പൂട്ടുമോയെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.
സി.എം. രവീന്ദ്രനെ രണ്ടു ദിവസമായി 26 മണിക്കൂര്‍ ചോദ്യം ചെയ്‌തെങ്കിലും പല കാര്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കാന്‍ രവീന്ദ്രന് കഴിഞ്ഞിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിലയിരുത്തല്‍. രവീന്ദ്രന്റെ സ്വത്ത്, ബിസിനസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇഡി ശേഖരിച്ചിരുന്നു. എന്നാല്‍ ഇതുമായി പൊരുത്തപ്പെടുന്നതല്ല രവീന്ദ്രന്‍ ഹാജരാക്കിയ വരുമാനം സംബന്ധിച്ച കണക്കുകള്‍. കൂടുതല്‍ രേഖകള്‍ എന്തെങ്കിലും ഹാജരാക്കാനുണ്ടെങ്കില്‍ തിങ്കളാഴ്ച എത്തിക്കണം എന്ന് നിര്‍ദ്ദേശം നല്‍കി.
ഊരാളുങ്കല്‍ സൊസൈറ്റിയുടെ കരാറുകള്‍, വിദേശയാത്രയുടെ രേഖകള്‍ എന്നിവ രവീന്ദ്രന്‍ ഹാജരാക്കിയിരുന്നില്ല. ഇതും തിങ്കളാഴ്ച നല്‍കണം. സ്വപ്ന, ശിവശങ്കര്‍ എന്നിവരുമായി ഔദ്യോഗികമല്ലാതെ ഒരു ഇടപാടും നടത്തിയിട്ടില്ലെന്ന മുന്‍ നിലപാട് ഇന്നലെയും രവീന്ദ്രന്‍ ആവര്‍ത്തിച്ചു. സര്‍ക്കാറിന്റെ കെ ഫോണ്‍, ലൈഫ്മിഷന്‍ അടക്കമുള്ള കരാറുകളില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും രവീന്ദ്രന്‍ ഇഡിയ്ക്ക് മൊഴി നല്‍കി.
മുന്‍പ് മൂന്ന് പ്രാവശ്യവും ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിഞ്ഞ നാലാം വട്ടം വിളിച്ചപ്പോഴാണ് ഇഡിക്ക് മുന്നില്‍ ഹാജരായത്. നവംബര്‍ 6ന് ആദ്യം നോട്ടീസയച്ചപ്പോള്‍ കോവിഡ് ബാധിച്ചുവെന്ന മറുപടി നല്‍കി ഒഴിഞ്ഞുമാറി. കോവിഡാനന്തര രോഗങ്ങള്‍ ചൂണ്ടിക്കാട്ടി നവംബര്‍ 27 നും ഹാജരായില്ല. ഈ സാഹചര്യത്തിലാണ് ഡിസംബര്‍ 10 ന് ഹാജരാകാന്‍ മൂന്നാം വട്ടം നോട്ടീസയച്ചു. അന്നും ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ആശുപത്രിയില്‍ അഡ്മിറ്റായി. രവീന്ദ്രന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്ത് വിവരങ്ങളുടെ രേഖകള്‍ ഹാജരാക്കണമെന്നും ഇഡി ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ വടകരയില്‍ രവീന്ദ്രനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങില്‍ ഇഡി പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചു. സി.എം. രവീന്ദ്രന്റെ സ്വത്ത് വിവരങ്ങള്‍ തേടി രജിസ്‌ട്രേഷന്‍ വകുപ്പിന് ഇഡി കത്തയയ്ക്കുകയും ചെയ്തു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ മേഖലാ ഓഫീസുകള്‍ക്കാണ് കത്തയച്ചത്. ഇത്തരത്തില്‍ രവീന്ദ്രന്റെ പണമിടപാടും സ്വത്തുക്കളും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് ചോദ്യം ചെയ്തത്.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സി.എം.രവീന്ദ്രന്‍ പല പ്രാവശ്യം വിളിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. സ്വപ്നയുടെ മൊഴിയിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ശിവശങ്കര്‍ അല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരെല്ലാമായി പരിചയമുണ്ടെന്ന ചോദ്യത്തിനാണ് സ്വപ്ന രവീന്ദ്രന്റെ പേര് പരാമര്‍ശിച്ചത്. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് വിസ സ്റ്റാമ്ബിങ്ങിനായാണ് രവീന്ദ്രന്‍ വിളിച്ചതെന്നാണ് സ്വപ്ന മൊഴി നല്‍കിയത്.
എന്നാല്‍ കെ ഫോണ്‍ അടക്കമുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ രവീന്ദ്രന്‍ ഇടപെട്ടതായും സൂചനയുണ്ട്. രവീന്ദ്രന് ചില ബിനാമി ബിസിനസുകള്‍ ഉണ്ടെന്നും ഇഡി സംശയിക്കുന്നു. ശിവശങ്കറുമായി വളരെ അടുത്ത ബന്ധമാണ് സി.എം.രവീന്ദ്രനുള്ളത്. ശിവശങ്കര്‍ കസ്റ്റഡിയിലുള്ളപ്പോള്‍ തന്നെ ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യാനായിരുന്നു ഇഡിയുടെ ലക്ഷ്യം. എന്നാല്‍ രവീന്ദ്രന്‍ ഒഴിഞ്ഞു മാറിയതോടെ ആ ശ്രമം പാളി. അതിനെത്തുടര്‍ന്നാണ് രവീന്ദ്രനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇഡി തയ്യാറായത്. തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യല്‍ രവീന്ദ്രന് നിര്‍ണായകമാണ്. എന്തുണ്ടാകുമെന്ന് കണ്ടറിയാം.
" f
https://www.facebook.com/Malayalivartha