അടുത്തത് കേരളമോ... ബംഗാള്‍ പിടിക്കാനുള്ള അമിത് ഷായുടെ തന്ത്രം ഫലം കാണുന്നു; ബി.ജെ.പിയിലേക്ക് കൂട്ട കാലുമാറ്റം; ബംഗാളില്‍ സംഭവിച്ചത് സമീപകാലത്തെ ഏറ്റവും വലിയ കൂറുമാറ്റം; സിപിഎം എംഎല്‍എയും കൂറുമാറി; ബംഗാളില്‍ സുനാമി അടിക്കുകയാണെന്ന് അമിത്ഷാ; അടുത്ത ലക്ഷ്യം കേരളം

കമ്മ്യൂണിസത്തിന്റെ അടിത്തറയിളക്കി കോണ്‍ഗ്രസിനെ തകര്‍ത്ത് ബംഗാളില്‍ ഭരണം പിടിച്ചെടുത്ത മമത ബാനര്‍ജിക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം വന്‍ തിരിച്ചടി. സ്വന്തം മണ്ണിളകിപോകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ മമതാ ബാനര്‍ജിയുടെ സ്വന്തം തട്ടകത്തില്‍ കയറി കളിച്ചിരിക്കുകയാണ് അമിത്ഷാ.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാള്‍ പിടിക്കാന്‍ തീരുമാനിച്ച ബി.ജെ.പി, മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വന്‍പ്രഹരം നല്‍കി തൃണമൂല്‍ കോണ്‍ഗ്രസിലെ ആറ് എം.എല്‍.എമാരും എം.പിയും മുന്‍ എം.പിയും ഉള്‍പ്പെടെ ഒരു വിഭാഗത്തെ പിളര്‍ത്തി സ്വന്തം പാളയത്തില്‍ എത്തിച്ചു. ഇവര്‍ക്ക് പുറമേ സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ് കക്ഷികളുടെ ഓരോ എം.എല്‍.എയും ബി.ജെ.പിയില്‍ ചേര്‍ന്നു. ബംഗാളില്‍ സമീപകാലത്തെ ഏറ്റവും വലിയ കൂറുമാറ്റമാണിത്. എതിര്‍കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ വരുതിയിലാക്കാന്‍ ഏതറ്റം വരെയും പോകുന്ന തന്ത്രമാണ് ബി.ജെ.പി ബംഗാളിലും പയറ്റുന്നത്.
മമതയുമായി തെറ്റി നിന്ന മുന്‍മന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലാണ് കൂറുമാറ്റം നടന്നത്. ന്യൂനപക്ഷക്കാരുള്‍പ്പെടെ തൃണമൂലിന്റെ നിരവധി ജില്ലാ നേതാക്കളും മിഡ്‌നാപൂരില്‍ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത റാലിയില്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചു.
തൃണമൂലിന്റെ സമുന്നത നേതാവായിരുന്ന സുവേന്ദു അധികാരി ബി.ജെ.പിയില്‍ ചേര്‍ന്നത് അടുത്ത വര്‍ഷത്തെ നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള സുപ്രധാന രാഷ്ട്രീയ സംഭവവികാസമാണ്. സുവേന്ദുവിന് പിന്നാലെ വരും നാളുകളില്‍ തൃണമൂലില്‍ നിന്ന് ബി.ജെ.പിയിലേക്ക് നേതാക്കളുടെ ഒഴുക്കുണ്ടായേക്കും.
തൃണമൂല്‍ എം.എല്‍.എമാരായ ബാണശ്രീ മൈതി, ബിശ്വജിത് കുണ്ടു, സൈകത് പാഞ്ജ, ശീല്‍ഭദ്ര ദത്ത, സുക്‌റ മുണ്ട, ദിപാലി ബിശ്വാസ്, എം.പിയായ സുനില്‍കുമാര്‍, മുന്‍ എം.പി ദശരഥ് തിര്‍ക്കി, മുന്‍ മന്ത്രി ശ്യാമപ്രസാദ് മുക്കര്‍ജി എന്നിവരാണ് ബി.ജെ.പിയിലേക്ക് പോയത്. ഇവരില്‍ ദിപാലി ബിശ്വാസ് 2016ല്‍ സി.പി.എം ടിക്കറ്റിലാണ് ജയിച്ചത്. 2018ല്‍ തൃണമൂലില്‍ ചേര്‍ന്ന ഇവര്‍ എം.എല്‍.എ സ്ഥാനം രാജിവച്ചിരുന്നില്ല.താപസി മണ്ടല്‍ (സി.പി.എം), അശോക് ദിന്‍ഡ (സി.പി.ഐ ), സുദീപ് മുക്കര്‍ജി (കോണ്‍ഗ്രസ് ) എന്നിവരാണ് ബി.ജെ പിയില്‍ ചേര്‍ന്ന മറ്റ് എം.എല്‍.എമാര്‍.
അതേസമയം ബംഗാളില്‍ ഏറ്റമുട്ടല്‍ തുടരുകയാണ്. മമതാ ബാനര്‍ജിയുമായി ഏറ്റുമുട്ടിക്കൊണ്ടാണ് ബി.ജെ.പി തൃണമൂലിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി.നദ്ദയുടെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടതിന് മൂന്ന് ഐ.പി.എസ് ഓഫീസമാരെ കേന്ദ്രം തിരിച്ചു വിളിച്ചതിന്റെ ഏറ്റമുട്ടലിനിടെയാണ് തൃണമൂലിലെ കൂറുമാറ്റം ആസൂത്രണം ചെയ്തത്.
ബംഗാളില്‍ സുനാമി അടിക്കുകയാണെന്നാണ് അമിത്ഷാ പറഞ്ഞത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മമത ഒറ്റയ്ക്കാകും. ബി.ജെ.പി തൃണമൂലിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാണ് മമത പറയുന്നത്. എങ്കില്‍ തൃണമൂല്‍ ആണോ മമതയുടെ യഥാര്‍ത്ഥ പാര്‍ട്ടി അവര്‍ കോണ്‍ഗ്രസില്‍ നിന്ന് കാലുമാറിയല്ലേ തൃണമൂല്‍ സ്ഥാപിച്ചത് എന്ന് പറഞ്ഞാണ് അമിത്ഷാ ആഞ്ഞടിക്കുന്നത്.
വരുന്ന തെരഞ്ഞെടുപ്പില്‍ ബംഗാള്‍ ബിജെപി പിടിക്കും എന്ന് ഏറെക്കുറെ ഉറപ്പാണ്. ആ ലക്ഷ്യം പൂര്‍ത്തിയായി കഴിഞ്ഞാല്‍ പിന്നെ അമിത്ഷായുടെ ലക്ഷ്യം കേരളമാണ്.
https://www.facebook.com/Malayalivartha