ഇവിടേയും അവിടേയും അടിയോടടി... കേരളത്തിലെ പരാജയത്തെ ചൊല്ലി അടി നടത്തി പരാതിയുമായി ഡല്‍ഹിയിലെത്തിയപ്പോള്‍ അവിടെ കൂട്ടയടി; അമ്മ, മകന്‍, മകള്‍ നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയതോടെ ചര്‍ച്ചകള്‍ റെഡി; രാഹുലിന്റെ വിശ്വസ്ത രുചി ഗുപ്ത കോണ്‍ഗ്രസ് വിട്ടു; കെ.സി.വേണുഗോപാലിന് വിമര്‍ശനം

ഇനി ആരോട് പരാതി പറയണമെന്ന് അറിയാതെ ഇവിടെ അടിച്ച് തീര്‍ക്കാനൊരുങ്ങുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാനായി കേന്ദ്രം എപ്പോഴും രംഗത്തുണ്ടായിരുന്നു. എന്നാല്‍ അവിടെയിപ്പോള്‍ കൂട്ടയടിയാണ്. ഒരു കുടുംബത്തിന്റെ കേന്ദ്രീകൃത നേതൃത്വത്തിനെതിരെ നിരവധി മുതിര്‍ന്ന നേതാക്കളാണ് രംഗത്തെത്തിയത്. എന്നാല്‍ അതൊന്നും എങ്ങുമെങ്ങും എത്തിയില്ല.
അതിനിടെ രാഹുല്‍ ഗാന്ധിയെപ്പോലും ഞെട്ടിക്കുന്ന സംഭവമാണ് ഉണ്ടായത്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്റെ (എന്‍എസ്‌യുഐ) ചാര്‍ജുള്ള ജോയിന്റ് സെക്രട്ടറി രുചി ഗുപ്ത കോണ്‍ഗ്രസ് വിട്ടിരിക്കുകയാണ്. സംഘടനാ തലത്തിലുണ്ടാകുന്ന കാലതാമസങ്ങളാണു തീരുമാനത്തിനു കാരണമെന്നു രുചി പറഞ്ഞു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ പഴിചാരിയാണ് അവര്‍ പാര്‍ട്ടി വിടുന്നത്.
തന്റെ വിശസ്തയായ രുചിയെ രാഹുല്‍ ഗാന്ധി തന്നെയാണ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചത്. തന്റെ സ്ഥാനം രാജിവയ്ക്കുകയാണെന്നും കോണ്‍ഗ്രസ് വിടുകയാണെന്നും രുചി ദേശീയ മാധ്യമത്തോടു വ്യക്തമാക്കി. സംഘടനാപരമായ മാറ്റങ്ങള്‍ക്കു കാലതാമസം സൃഷ്ടിക്കുന്നതു കെ.സി.വേണുഗോപാലാണ്. പാര്‍ട്ടി പ്രസിഡന്റിന്റെ തലത്തിലേക്ക് എല്ലായ്‌പ്പോഴും വിഷയങ്ങള്‍ എത്തിക്കാനാവില്ലെന്നും രാജി അറിയിച്ചുകൊണ്ടുള്ള സന്ദേശത്തില്‍ അവര്‍ പറഞ്ഞു.
എന്‍എസ്‌യുഐയുടെ വാട്‌സാപ് ഗ്രൂപ്പില്‍ അയച്ച സന്ദേശത്തിലാണ് രുചി ഇക്കാര്യം വ്യക്തമാക്കിയത്. എന്‍എസ്‌യുഐയുടെ സംസ്ഥാന യൂണിറ്റുകള്‍ പുനസംഘടിപ്പിക്കുന്നതില്‍ വേണുഗോപാല്‍ തടസ്സം സൃഷ്ടിക്കുന്നെന്നും പറഞ്ഞു. സംഘടനാ തലത്തില്‍ വരുത്തുന്ന കാലതാമസം പാര്‍ട്ടിയെ നാശത്തിലേക്കു നയിക്കും. കോണ്‍ഗ്രസിന് ശക്തമായ നേതൃത്വം ആവശ്യമുണ്ട്. അതിലൂടെ മാത്രമേ പല ദിശയില്‍ സഞ്ചരിക്കുന്ന പാര്‍ട്ടിയെ ഒന്നാക്കാനാകൂ. രാഹുല്‍ ഗാന്ധിക്കു മാത്രമേ ആ നേതൃത്വം നല്‍കാനാകൂവെന്നും രുചി പറഞ്ഞു. ഇതോടെ പെട്ടിരിക്കുകയാണ് വേണുഗോപാല്‍.
അതേസമയം അടി തീര്‍ക്കാനായി മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി സോണിയ ഗാന്ധി നടത്തിയ കൂടിക്കാഴ്ച്ചയില്‍ എങ്ങുമെങ്ങും എത്തിയില്ല. കോണ്‍ഗ്രസ് അധ്യക്ഷനാകുന്ന കാര്യത്തില്‍ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധി അറിയിച്ചിട്ടില്ല. പുതിയ പ്രസിഡന്റിനെ കണ്ടെത്തും വരെ സോണിയ ഗാന്ധി തുടരണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടു. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പും ചര്‍ച്ചയായി. ശക്തമായ നേതൃത്വം ഇല്ലെങ്കില്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് പൊതുവിലയിരുത്തല്‍.
പുതിയ പാര്‍ട്ടി പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ കോണ്‍ഗ്രസ് ഉടന്‍ ആരംഭിക്കുമെന്നും രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രസിഡന്റായി മടങ്ങിവരണമെന്നാണ് 99.9% നേതാക്കളും ആഗ്രഹിക്കുന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല ഇന്നലെ പറഞ്ഞിരുന്നു.
ശക്തമായ നേതൃത്വം ഇല്ലെങ്കില്‍ ഇനിയും തിരിച്ചടി ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് ഉന്നതതല യോഗത്തിലെ പൊതു വിലയിരുത്തല്‍. കോണ്‍ഗ്രസിലെ ഒരു നേതാവും രാഹുല്‍ ഗാന്ധിക്കെതിരല്ലെന്നും രാഹുല്‍ കോണ്‍ഗ്രസിനെ നയിക്കണമെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നതെന്നും നേതാക്കള്‍ യോഗത്തിന് ശേഷം പ്രതികരിച്ചു.
ശക്തമായ നേതൃത്വമില്ലെങ്കില്‍ തിരിച്ചടിയുണ്ടാകും എന്നതിന് ഉദാഹരണമാണ് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വിയെന്നാണ് പല നേതാക്കളും അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തില്‍ കൃത്യമായ ആത്മപരിശേധന വേണമെന്ന നിലപാടും പലരും മുന്നോട്ട് വച്ചു. ചില അഴിച്ചു പണികള്‍ പാര്‍ട്ടിയിലുണ്ടായേക്കും. നാലോ അഞ്ചോ ഉപാദ്ധ്യക്ഷന്‍മാരെ നിയമിച്ചേക്കാന്‍ സാദ്ധ്യതയുണ്ട്. എന്തായാലും ആ അടി യഥാര്‍ത്ഥത്തില്‍ കൊള്ളുന്നത് ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിയ്ക്കുമായിരിക്കും.
"
https://www.facebook.com/Malayalivartha