അവിടെ പാലുകാച്ച് ഇവിടെ കല്യാണം... സംവിധായകന്‍ കമലിന്റെ ഏറ്റവും രസകരമായ അഴകിയ രാവണനിലെ കഥാപാത്രങ്ങള്‍ ജീവിതത്തില്‍ നിറഞ്ഞു നിന്ന ദിവസമായി ഇന്നലെ മാറി; കമല്‍ ജന്മം നല്‍കിയ ശ്രീനിവാസന്റെ അംബുജാക്ഷനായി കമല്‍ തന്നെ രംഗത്തെത്തി ചിരി പടര്‍ത്തിയപ്പോള്‍ വില്ലനായി എത്തിയത് രമേശ് ചെന്നിത്തല; അഴകിയ രാവണന്‍ തലയില്‍ കൈവച്ചു

മലയാളികള്‍ എല്ലാം മറന്ന് ചിരിച്ച ചിത്രമാണ് 1996ല്‍ ഇറങ്ങിയ കമല്‍ സംവിധാനം ചെയ്ത അഴകിയ രാവണന്‍. കഥയും തിരക്കഥയും ശ്രീനിവാസന്‍ ആകുമ്പോള്‍ പറയേണ്ടല്ലോ. ആ സിനിമ ഇറങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും അതിലെ കഥയും കഥാപാത്രങ്ങളും മനസില്‍ തന്നെയുണ്ട്. അതിലെ ഓരോ ഡയലോഗുകളും ഇപ്പോഴും അറിയാതെ വരും. ശ്രീനിവാസന്‍ അഭിനയിച്ച് അനശ്വരമാക്കിയ തയ്യല്‍ക്കാരന്‍ അബുജാക്ഷനെ മലയാളികള്‍ ഇടയ്‌ക്കൊക്കെ ഓര്‍ത്ത് ചിരിക്കാറുണ്ട്. അഴകിയ രാവണനായ കുട്ടിശങ്കരന്‍ മമ്മൂട്ടിയെ പുകഴ്ത്തുന്നവര്‍ക്ക് നൂറ് രൂപ വച്ച് നല്‍കുന്നുണ്ട്. നാളെയും നൂറുരൂപ കിട്ടുമോയെന്ന് അംബുജാക്ഷന്‍ ചോദിക്കുന്നതും അതിന് കൊച്ചിന്‍ ഖനീഫ നല്‍കുന്ന മറുപടിയും ആരും മറക്കില്ല. അഴകിയ രാവണനെ പുകഴ്ത്താനായി അംബുജാക്ഷന്‍ നടത്തുന്ന മണ്ടത്തരങ്ങള്‍ ഇന്നലെ ജീവിതത്തില്‍ പുറത്ത് കൊണ്ടുവന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്.
ഇടതുപക്ഷ അനുഭാവമുള്ളവരെ ചലച്ചിത്ര അക്കാദമിയില്‍ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി എ.കെ. ബാലന് അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ എഴുതിയ കത്താണ് വിവാദമായത്. അഴകിയ രാവണനെ പുകഴ്ത്താനായി കമല്‍ എഴുതിയ കത്താണ് രമേശ് ചെന്നിത്തല നിയമസഭയില്‍ പുറത്തുവിട്ടത്. നാലു താല്‍ക്കാലിക ജീവനക്കാരെ സ്ഥരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കമല്‍ നല്‍കിയ കത്തില്‍ ഇടതുപക്ഷ അനുഭാവികളായതിനാല്‍ സ്ഥിരപ്പെടുത്തണം എന്ന വരിയാണ് കമലിനെ അംബുജാക്ഷനാക്കിയത്. അല്ലെങ്കില്‍ തന്നെ ഇനി അവരെ സ്ഥിരപ്പെടുത്തണമെങ്കില്‍ ഇങ്ങനെ തയ്യല്‍ക്കാരന്‍ അംബുജാക്ഷനെപ്പോലെ കത്തെഴുതുമോ. ആ കത്ത് സര്‍ക്കാര്‍ രേഖയല്ലേ. അവസാനം അഴകിയ രാവണനായ കുട്ടികൃഷ്ണനെ പുകഴ്ത്താന്‍ ശ്രമിച്ച കമല്‍ പരിഹാസ്യനായി. സാക്ഷാല്‍ കുട്ടികൃഷ്ണനും അമ്പരുന്നുപോയി.
സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ചുള്ള അടിയന്തര പ്രമേയ അവതരണ നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് കമലിന്റെ ഈ കത്ത് രമേശ് ചെന്നിത്തല പുറത്താക്കിയത്.
നാലു താല്‍ക്കാലിക ജീവനക്കാരെ സ്ഥരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കമല്‍ നല്‍കിയ കത്തിന്റെ പകര്‍പ്പാണ് പുറത്തുവന്നത്. കഴിഞ്ഞ ഓഗസ്റ്റ് മാസമാണ് കമല്‍ കത്ത് മന്ത്രിക്ക് നല്‍കിയത്. ഷാജി എച്ച്. (ഡെപ്യൂട്ടി ഡയറക്ടര്‍, ഫെസ്റ്റിവല്‍), റിജോയ് കെ.ജെ. (പ്രോഗ്രാം മാനേജര്‍, ഫെസ്റ്റിവല്‍), എന്‍.പി. സജീഷ് (ഡെപ്യൂട്ടി ഡയറക്ടര്‍, പ്രോഗ്രാംസ്), വിമല്‍കുമാര്‍ വി.പി. (പ്രോഗ്രാം മാനേജര്‍, പ്രോഗ്രാംസ്) എന്നിവരെ സ്ഥിരപ്പെടുത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥിരപ്പെടുത്തുന്നതിനുള്ള കാരണങ്ങളുടെ കൂട്ടത്തില്‍ രണ്ടാം പേജിലെ അഞ്ചാം ഖണ്ഡികയിലാണ് ഇവരുടെ ഇടതുപക്ഷ ബന്ധം വിവരിച്ചിരിക്കുന്നത്.
ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളില്‍ ഊന്നിയ സാംസ്‌കാരിക പ്രവര്‍ത്തന രംഗത്ത് നിലകൊള്ളുന്നവരുമാണ് ഈ ജീവനക്കാര്‍. കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് ഇത് സഹായകരമായിരിക്കുമെന്നാണ് കമല്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. ഇടതുപക്ഷാനുഭാവികളെ തിരുകിക്കയറ്റുന്നത് നഗ്‌നമായ ചട്ടലംഘനമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇതേ മാതൃകയിലാണ് വിവിധ വകുപ്പുകളില്‍ പിന്‍വാതില്‍ നിയമനം നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
കമല്‍ ചെയ്തത് മനുഷ്യത്വപരമായ കാര്യമാണെന്ന് വ്യാഖ്യാനിക്കാമെങ്കിലും ജാതിയോ മതമോ പക്ഷപാതമോ രാഷ്ട്രീയമോ നോക്കില്ലെന്ന് പറഞ്ഞാണ് സ്ഥാനമേല്‍ക്കുന്നത്. അങ്ങനെ ചെയ്താല്‍ പിന്നെ അവിടെ തുടരാന്‍ അര്‍ഹതയില്ല. അത് ഭരണഘടനാ ലംഘനമാണ്. ഇതോടെയാണ് കമല്‍ ശരിക്കും അംബുജാക്ഷനായത്.
"
https://www.facebook.com/Malayalivartha