പൊളിച്ചടുക്കി കേന്ദ്ര ഐബി... തലസ്ഥാനത്തെ ഇളക്കി മറിച്ച സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ കോഴിക്കോടും പിടി മുറുക്കി ദേശീയ അന്വേഷണ ഏജന്‍സികള്‍; സ്വപ്ന സുരേഷ് അരങ്ങുവാണ തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോട് ഏത് സ്വപ്നയെന്ന് കണ്ടെത്താന്‍ നീക്കം; കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ടിനെതിരെ അതിഗുരുതര കണ്ടെത്തലുകള്‍

തലസ്ഥാനത്തെ സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷ് ഉണ്ടാക്കിയ പൊല്ലാപ്പ് ചെറുതല്ല. സര്‍ക്കാരിനെ പോലും മുള്‍ മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് സ്വപ്ന സുരേഷ്. അടുത്തിടെ പിടിക്കപ്പെട്ട കോഴിക്കോട്ടെ സ്വര്‍ണക്കടത്തു കേസിലും ഏതെങ്കിലും സ്വപ്നമാര്‍ ഉണ്ടോയെന്ന് അന്വേഷണം. കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ടിനെതിരേ അതിഗുരുതര കണ്ടെത്തലുകളുമായി രഹസ്യ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. കേരളത്തിലെയും കര്‍ണാടകത്തിലെയും സ്വര്‍ണക്കടത്ത് സംഘങ്ങളുടെ സ്വന്തക്കാരനാണ് ഇയാളെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും (ഡി.ആര്‍.ഐ.) ഇന്റലിജന്‍സ് ബ്യൂറോയും (ഐ.ബി.) റിപ്പോര്‍ട്ട് ചെയ്തു.
കസ്റ്റംസ് നടത്തിയ പ്രാഥമിക ആഭ്യന്തര അന്വേഷണത്തില്‍ ഡി.ആര്‍.ഐ.യുടെയും ഐ.ബി.യുടെയും കണ്ടെത്തലുകള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടിരുന്നു. കസ്റ്റംസിന്റെ ഇന്റലിജന്‍സ് വിഭാഗം മൂന്നുതവണ ഈ ഉദ്യോഗസ്ഥനെതിരേ റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടിയുണ്ടായില്ല.
ഈ കസ്റ്റംസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ബി.ഐ. റെയ്ഡ് നടത്തിയത്. ഒരുകോടിയിലധികം രൂപയുടെ മൂല്യമുള്ള സ്വര്‍ണവും പണവുംമറ്റും പിടിച്ചെടുത്തിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരില്‍നിന്നുമാത്രം എട്ടുലക്ഷം രൂപ പിടിച്ചു. നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. പക്ഷേ, അതില്‍ ഈ ഉദ്യോഗസ്ഥനില്ല.
കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ടിന്റെ നീക്കങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സംശയംതോന്നിയത് കഴിഞ്ഞ ജനുവരി മുതലാണ്. കള്ളക്കടത്തുകാരെ പിടികൂടുമ്പോള്‍ ബാഗേജ് പരിശോധന പെട്ടെന്ന് അവസാനിപ്പിക്കാന്‍ ഈ ഉദ്യോഗസ്ഥന്‍ നിരന്തരം ഇടപെട്ടതാണ് സംശയത്തിനു കാരണം. കസ്റ്റംസ് ജോയന്റ് കമ്മിഷണറോട് ഇക്കാര്യം ഇന്റലിജന്‍സ് വിഭാഗം സൂചിപ്പിച്ചപ്പോള്‍ ഉദ്യോഗസ്ഥനെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നിര്‍ദേശം ലഭിച്ചു.
കള്ളക്കടത്തിന് പിടിക്കപ്പെടുന്നവരെ സൂപ്രണ്ട് അദ്ദേഹത്തിന്റെ ഓഫീസ് മുറിയിലേക്ക് സ്ഥിരമായി കൂട്ടിക്കൊണ്ടുപോകുന്നതായി കണ്ടെത്തി. പക്ഷേ, രേഖാമൂലമുള്ള തെളിവ് ശേഖരിക്കാനായിരുന്നില്ല.
ലോക്ഡൗണിനുശേഷം കരിപ്പൂരില്‍ വിമാനസര്‍വീസ് പുനരാരംഭിച്ച മേയില്‍ ബാഗേജുകളുടെ എക്‌സ്‌റേ പരിശോധന നടത്താറുള്ള കസ്റ്റംസ് ഇന്‍സ്‌പെക്ടറെ ഇദ്ദേഹം സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. മൊബൈല്‍ ഫോണുകള്‍ കടത്താന്‍ കൂട്ടുനില്‍ക്കണമെന്നായിരുന്നു ആവശ്യം. ഈ ഉദ്യോഗസ്ഥന്‍ ഇക്കാര്യം ഇന്റലിജന്‍സിനോട് വെളിപ്പെടുത്തി.
സ്വര്‍ണക്കടത്തു സംഘത്തിലെ സ്വന്തക്കാരെ വിമാനത്താവളത്തില്‍നിന്ന് പുറത്തുകടത്താന്‍ കസ്റ്റംസ് സൂപ്രണ്ട് ഉപയോഗിച്ചിരുന്ന തന്ത്രമായിരുന്നു ഇന്‍ഫോര്‍മര്‍. ഈ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടിയിരുന്ന യാത്രക്കാരെ പരിശോധിക്കുമ്പോള്‍, ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചിരുന്ന സ്വര്‍ണം കണ്ടെത്തിയിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ കള്ളക്കടത്ത് സ്വര്‍ണവുമായെത്തുന്ന യാത്രക്കാരെക്കുറിച്ചും ഇയാള്‍ വിവരം നല്‍കിയിരുന്നു. ഉദ്യോഗസ്ഥര്‍ മുഴുവന്‍ ഈ യാത്രക്കാരുടെ പിന്നാലെ പോകുമ്പോള്‍ വന്‍തോതില്‍ സ്വര്‍ണം കടത്തിയിരുന്നവര്‍ കാര്യമായ പരിശോധനകൂടാതെ കടന്നുപോയിരുന്നു. ഇദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്ന സ്വര്‍ണക്കടത്തുകാരില്‍ 90 ശതമാനവും കര്‍ണാടക ഭട്കലില്‍നിന്നുള്ളവരായിരുന്നു.
കരിപ്പൂരില്‍ ഇറങ്ങി കര്‍ണാടകത്തിലേക്ക് പോകുന്നവരില്‍നിന്ന് കര്‍ണാടകപോലീസ് സ്ഥിരമായി സ്വര്‍ണം പിടികൂടുന്നത് മംഗളൂരു ഡി.ആര്‍.ഐ.യുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവരെ ചോദ്യംചെയ്തപ്പോള്‍ കരിപ്പൂരിലെ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് കടത്തെന്നുവ്യക്തമായി.
കര്‍ണാടക പോലീസ് വന്‍തോതില്‍ സ്വര്‍ണം പിടിച്ച ദിവസങ്ങളില്‍ കരിപ്പൂരില്‍ ചെറിയതോതിലുള്ള കള്ളക്കടത്ത് സ്വര്‍ണം പിടിച്ചിരുന്നതായി കണ്ടെത്തി. കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ടിന്റെ ഫോട്ടോ പിടിക്കപ്പെട്ടവരെ കാണിച്ചപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞു. ഇതോടെയാണ് കസ്റ്റംസ് സൂപ്രണ്ടിന് കുരുക്ക് മുറുകിയത്.
https://www.facebook.com/Malayalivartha