എത്ര മനോഹരമായ ആചാരങ്ങള്‍... മന്ത്രി സ്ഥാനം നല്‍കാത്ത എല്‍ഡിഎഫിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ യുഡിഎഫില്‍ ചാടാനിരുന്ന ഗണേഷ് കുമാറിന് കോണ്‍ഗ്രസുകാര്‍ തന്നെ നടയടി കൊടുത്തു; ഗണേഷ്‌കുമാറും കോണ്‍ഗ്രസും മുണ്ടൂരിയടി തുടങ്ങിയപ്പോള്‍ വില പേശല്‍ സ്വാഹ; അവസാനം പത്തനാപുരത്ത് സ്വന്തം പേരില്‍ ഇന്ന് ഹര്‍ത്താല്‍

യുഡിഎഫില്‍ മന്ത്രി സ്ഥാനം കിട്ടാതെ വന്നതോടെയാണ് ബാകൃഷ്ണ പിള്ളയും മകന്‍ ഗണേഷ് കുമാറും എല്‍ഡിഎഫിലെത്തിയത്. എന്നാല്‍ അച്ഛന് ചില സ്ഥാനങ്ങള്‍ നല്‍കിയെന്നല്ലാതെ അച്ഛനേയും മോനേയും ശരിക്കും ഒതുക്കുകയായിരുന്നു. മന്ത്രി സ്ഥാനം ലഭിക്കാതെ ഗണേഷ് കുമാര്‍ പരാതി പറഞ്ഞെങ്കിലും ആരും മൈന്‍ഡ് ചെയ്തില്ല. അതിനിടെ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ യുഡിഎഫിലേക്ക് പോകാനും ഗണേഷ് കുമാര്‍ പദ്ധതിയിട്ടിരുന്നു. ഇതു തടിയിടാനായി പ്രദീപ് കോട്ടത്തലയിലൂടെ എംഎല്‍എയുടെ ഓഫീസ് റെയ്ഡ് നടത്തുകയും ചെയ്തു. ഒരറ്റത്ത് കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം എല്ലാം കൈവിട്ട മുണ്ടൂരിയടിയുണ്ടായത്. ഗണേഷ് കുമാറിന്റെ പിഎയും സംഘവും കോണ്‍ഗ്രസുകാരെ മുണ്ടൂരിയടിച്ചെന്ന വലിയ ആരോപണമാണ് ഉണ്ടായത്. അതിന് പിന്നാലെ ഇന്നലെ കൂട്ടയടിയുമുണ്ടായി. ഇതോടെ ഗണേശന്റെ യുഡിഎഫ് പ്രവേശന മോഹം മോഹം മാത്രമായി.
കരിങ്കൊടി കാണിച്ചവരെ കയ്യേറ്റം ചെയ്തതിന് പിന്നാലെ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയും കോണ്‍ഗ്രസും തുറന്ന പോരിലേക്ക്. പത്തനാപുരം പഞ്ചായത്തില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിക്കും. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വിഷയത്തില്‍ സിപിഎം ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വസതിയിലേക്കു യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. പിന്നാലെ വൈകിട്ട് ചവറയില്‍ എംഎല്‍എയുടെ വാഹനത്തിനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.
വാഹനം തടയാന്‍ ശ്രമിച്ചവരെ ഗണേഷ്‌കുമാറിന്റെ പിന്നാലെ മറ്റൊരു വാഹനത്തിലുണ്ടായിരുന്നവര്‍ മര്‍ദിച്ചു. കല്ലെറിഞ്ഞ 5 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലേറില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചവറ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. സ്‌റ്റേഷനിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി.
ഗണേഷ്‌കുമാറിനെതിരെ പത്തനാപുരം കോക്കാട്ട് വെള്ളിയാഴ്ച പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും എംഎല്‍എ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് രാവിലെ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ മാര്‍ച്ചിലാണു സംഘര്‍ഷമുണ്ടായത്. ലാത്തിച്ചാര്‍ജില്‍ 5 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഡിവൈഎസ്പിക്കും ബൈക്ക് യാത്രക്കാരനും പരുക്കേറ്റു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പുനലൂര്‍, മൂവാറ്റുപുഴ സംസ്ഥാനപാത ഉപരോധിച്ചു.
വൈകിട്ട് ദേശീയപാതയില്‍ ചവറ ശങ്കരമംഗലത്തിനു സമീപമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനത്തിനു കല്ലെറിഞ്ഞത്. ചില്ലുകള്‍ തകര്‍ന്നു. മറ്റൊരു വാഹനത്തില്‍ എംഎല്‍എയെ പിന്തുടര്‍ന്നിരുന്ന സംഘം കല്ലെറിഞ്ഞവരെ മര്‍ദിച്ചു. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തിലുള്ളവരാണ് ആക്രമിച്ചതെന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
വെള്ളിയാഴ്ച എംഎല്‍എക്കു മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും ഇവരെ മര്‍ദിച്ച പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘത്തിനെതിരെയും കുന്നിക്കോട് പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണു വീണ്ടും ഇതേ സംഘം പ്രതിഷേധക്കാര്‍ക്കു നേരെ കയ്യേറ്റം നടത്തിയത്. കേരള കോണ്‍ഗ്രസ് (ബി) ജില്ലാ കമ്മിറ്റി ഇന്ന് 11നു കൊട്ടാരക്കര കോണ്‍ഗ്രസ് ഭവനിലേക്കു മാര്‍ച്ച് നടത്തും.
എന്തായാലും കോണ്‍ഗ്രസിന്റെ ഹര്‍ത്താലോടെ ഗണേഷ് കുമാറിന്റെ യുഡിഎഫ് പ്രവേശനം അടയുകയാണ്. ഇനി എല്‍ഡിഎഫിനോട് ഒരു വിലപേശല്‍ നടത്തിയിട്ടും കാര്യമില്ല. കിട്ടുന്നത് വാങ്ങുക. അത്രമാത്രം.
https://www.facebook.com/Malayalivartha