ഇനി കൂട്ടയടി സീറ്റിനാകാം... തദ്ദേശ തെരഞ്ഞെടുപ്പില്‍ പിണറായി വിജയനെ പാഠം പഠിപ്പിക്കാനിരുന്ന ചെന്നിത്തലും ഉമ്മന്‍ ചാണ്ടിയും പരസ്പരം പാഠം പഠിപ്പിക്കുന്നു; ന്യൂനപക്ഷ വോട്ട് സമ്പാദിക്കാന്‍ അശ്വത്ഥാമാവിനെ പോലെ ഉമ്മന്‍ചാണ്ടിയെ മുന്നില്‍ നിര്‍ത്താന്‍ കുഞ്ഞാലിക്കുട്ടിയും പിജെ ജോസഫും; തലതല്ലി ചെന്നിത്തല പരാതിയുമായി ഹൈക്കമാന്റിലേക്ക്; നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആദ്യവാരം

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആദ്യവാരത്തോടെ ആകാനാണ് സാധ്യത. അതിനിടെ രമേശ് ചെന്നിത്തലയെ പുകച്ച് പുറത്ത് ചാടിച്ച് ഉമ്മന്‍ ചാണ്ടിയെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ശ്രമം തുടങ്ങി. വെളുക്കുംനേരംവരെ വെള്ളം കോരിയ ചെന്നിത്തല തദ്ദേശത്തില്‍ പോയതോടെയാണ് ഡല്‍ഹിയില്‍ നിന്നും വന്ന കുഞ്ഞാലിക്കുട്ടിയും പിജെ ജോസഫും കളി തുടങ്ങിയത്. ന്യൂനപക്ഷ വോട്ട് കിട്ടാന്‍ ചെന്നിത്തലയാണ് നല്ലതെന്നാണ് ഇവരുടെ വാദം. അങ്ങനെ അശ്വത്ഥാമാവിനെ മുന്നില്‍ നിര്‍ത്തി അങ്കം ജയിക്കാനാണ് ശ്രമിക്കുന്നത്. പകുതി കാലയളവ് ചെന്നിത്തലയ്ക്ക് നല്‍കാമെന്നുള്ള ഫോര്‍മുലയും പുറത്ത് വരുന്നുണ്ട്. ഇക്കാര്യത്തില്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടക്കുകയാണ്.
അതേസമയം കോണ്‍ഗ്രസ് സംസ്ഥാനഘടകത്തില്‍ എ, ഐ ഗ്രൂപ്പുകളെ നിഷ്പ്രഭരാക്കി, എം.പിമാരുടെ നേതൃത്വത്തിലുള്ള ഹൈക്കമാന്‍ഡ് ഗ്രൂപ്പ് പിടിമുറുക്കി. നിയമസഭാതെരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടി പുനഃസംഘടന വേണ്ടന്ന മുതിര്‍ന്നനേതാക്കളുടെ നിലപാട് തള്ളിയാണു ഹൈക്കമാന്‍ഡ് ഗ്രൂപ്പിന്റെ രംഗപ്രവേശം.
ഇതോടെ പുനഃസംഘടന നടത്താന്‍തന്നെയാണു ഹൈക്കമാന്‍ഡിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരോടു ഡല്‍ഹിയിലെത്താന്‍ നിര്‍ദേശിച്ചത്.
അതേസമയം സംസ്ഥാനത്ത് ഏപ്രില്‍ ആദ്യപകുതിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത തേടി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് അഭിപ്രായമാരാഞ്ഞു. തീയതി തീരുമാനിക്കാനുള്ള ചര്‍ച്ചയ്ക്കായി കമ്മിഷന്‍ പ്രതിനിധികള്‍ ഈയാഴ്ചയെത്തും. ഉന്നത ഉദ്യോഗസ്ഥരുമായും ജില്ലാ കലക്ടര്‍മാരുമായും സംസാരിക്കും.
ഏപ്രില്‍ അഞ്ചിനും പത്തിനുമിടയില്‍ രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. 2016ല്‍ ഏപ്രില്‍ 22നായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പു വിജ്ഞാപനം. മേയ് 16ന് 140 നിയമസഭാ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പു നടത്തി. 19ന് ഫലപ്രഖ്യാപനം. മേയ് 25നു മന്ത്രിസഭ അധികാരമേറ്റു. വിശേഷദിവസങ്ങളും പരീക്ഷകളും കണക്കിലെടുത്താണ് ഇക്കുറി തെരഞ്ഞെടുപ്പ് അല്‍പ്പം നേരത്തേയാക്കാന്‍ കമ്മിഷന്‍ ആലോചിക്കുന്നത്.
മേയ് 14 വിഷുദിനമാണ്. 15നു റമദാന്‍ വ്രതാരംഭം. അതിനുമുമ്പായി തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്നാണു പരിശോധിക്കുന്നത്. പ്രചാരണത്തിന് ഒരു മാസം അനുവദിക്കണം. അങ്ങനെയെങ്കില്‍ ഫെബ്രുവരി അവസാനത്തോടെ വിജ്ഞാപനം പുറപ്പെടുവിച്ചേക്കും.
മേയ് രണ്ടാംവാരത്തോടെ രണ്ടുഘട്ടമായി തെരഞ്ഞെടുപ്പു നടത്താന്‍ ആലോചിച്ചെങ്കിലും സി.ബി.എസ്.ഇ. പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചതോടെ മാറ്റം അനിവാര്യമായി. മേയ് നാലുമുതല്‍ ജൂണ്‍ പത്തുവരെയാണു സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ. മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും വരുന്നതിനാലാണ് ഏപ്രിലില്‍ തെരഞ്ഞെടുപ്പ് പരിഗണിക്കുന്നത്.
കേരളത്തില്‍ ബഹുഭൂരിപക്ഷം പോളിങ് കേന്ദ്രങ്ങളും സ്‌കൂളുകളാണെന്നതും തെരഞ്ഞെടുപ്പു പ്രചാരണം പഠനത്തെ ബാധിക്കുന്നതും കണക്കിലെടുത്താണ് തീയതി ചര്‍ച്ച ചെയ്യുന്നത്. കോവിഡ് മുന്‍കരുതല്‍ പാലിക്കേണ്ടതിനാല്‍ കൂടുതല്‍ പോളിങ് സ്‌റ്റേഷനും ഉദ്യോഗസ്ഥരും ആവശ്യമാണ്. അതിനാലാണു പരീക്ഷകള്‍ക്കും വിശേഷദിവസങ്ങള്‍ക്കും മുമ്പായി തെരഞ്ഞെടുപ്പു ജോലി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്. രണ്ടു ഘട്ടമായി നടത്താനും ഇതാണു കാരണം. കേരളത്തിനു പുറമേ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളിലും നിയമസഭയുടെ കാലാവധി ഏപ്രില്‍ മേയ് മാസങ്ങളില്‍ പൂര്‍ത്തിയാകുകയാണ്.
ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഏത്രയും വേഗം അടി നിര്‍ത്തണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. കാരണം സീറ്റിനായുള്ള നേതാക്കന്‍മാരുടെ അടിയ്ക്കും സമയം വേണമല്ലോ.
"
https://www.facebook.com/Malayalivartha