ചായ്പില്‍ പൂട്ടിയിട്ട നിലയില്‍ പൂര്‍ണ്ണ ആരോഗ്യവാനായി നാഗേന്ദ്രനെ കണ്ടെത്തിയതോടെ സരസ്വതിയുടെ മരണത്തില്‍ ദുരൂഹത ഉയരുന്നു... ആത്മഹത്യാ കുറിപ്പിൽ പറഞ്ഞത് മറ്റൊന്ന്? മാനസികമായും ശാരീരികമായും വെല്ലുവിളി നേരിടുന്ന നാഗേന്ദ്രനെ മരണത്തിൽ ഒപ്പം കൂട്ടാൻ തീരുമാനിച്ചതോടെ സംഭവിച്ചതെന്ത്? രണ്ട് ദിവസം മുമ്പ് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മരണത്തിൽ അന്വേഷണം കടുപ്പിച്ച് പോലീസ്....

കഴിഞ്ഞ രണ്ട് ദിവസം മുമ്പ് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ചെങ്കല്‍ പോരന്നൂര്‍ തോട്ടിന്‍കര ചിന്നംകോട്ടുവിള വീട്ടില്‍ സരസ്വതി (55)യുടെ മരണത്തില്‍ ദുരൂഹത ഉയരുന്നു. വീട്ടമ്മയോടൊപ്പം കാണാതായ മരിച്ചുപോയ ഭര്‍ത്താവ് നാഗരാജന്റെ സഹോദരന്‍ നാഗേന്ദ്രനെ വീടിനു സമീപത്തെ പൂട്ടിയിട്ട ചായ്പിനുള്ളില്‍ കണ്ടെത്തി.
മാനസികമായും ശാരീരികമായും വെല്ലുവിളി നേരിടുന്ന നാഗേന്ദ്രനെ ചെറുപ്പം മുതല്‍ പരിപാലിച്ചിരുന്ന സരസ്വതി ആര്‍ക്കും ബാധ്യതയാകേണ്ടെന്ന് കരുതി മരണത്തിലുംഒപ്പം കൂട്ടിയെന്നാണ് കരുതപ്പെട്ടിരുന്നത്. ഇത് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പും ഇവരുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. എന്നാല്‍, സരസ്വതിയുടെ മൃതശരീരം കുളത്തില്‍ നിന്നും കിട്ടിയതിന് പിന്നാലെ രണ്ട് ദിവസത്തിനു ശേഷം ആളൊഴിഞ്ഞ പുരയിടത്തിലെ പുറത്തുനിന്നു താഴിട്ട് പൂട്ടിയ ചായ്പിനുള്ളില്‍ നാഗേന്ദ്രനെ പൂര്‍ണ്ണആരോഗ്യവാനായി കണ്ടെത്തുകയായിരുന്നു.
കാണാതായ ഇയാളെ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഉയരുകയാണ്. വെള്ളിയാഴ്ച രാവിലെ വീടിനു സമീപത്തെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സരസ്വതിയുടെ മൃതദേഹത്തില്‍ നിന്ന് ലഭിച്ച കുറിപ്പില്‍ നാഗേന്ദ്രനെയും കൊണ്ടുപോകുന്നതായി എഴുതിയിരുന്നു. സരസ്വതിയുടെ മൃതശരീരം കിട്ടിയതിന് പിന്നാലെ നാഗേന്ദ്രന്റെ മൃതദേഹത്തിനായി പോലീസ് കുളത്തിലും പരിസരപ്രദേശങ്ങളിലും രണ്ടു ദിവസമായി പരിശോധിച്ചിരുന്നെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
നാഗേന്ദ്രനായി പോലീസ് അന്വേഷണം തുടരവേയാണ് പൂട്ടിയിട്ട പുരയിടത്തിലെ ചായ്പിനുള്ളില്‍ നാഗേന്ദ്രനെ ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. സരസ്വതിയുടെ മൃതദേഹം കണ്ടെത്തിയ കുളത്തിനു സമീപത്തായുള്ള പുരയിടത്തിലാണ് നാഗേന്ദ്രനെ കണ്ടെത്തിയത്. ഈ പുരയിടത്തിനു സമീപത്തെ തെങ്ങില്‍ തേങ്ങ വെട്ടുന്നതിനായി കയറിയ തൊഴിലാളിയാണ് സമീപത്തെ ചായ്പില്‍ ഒരാള്‍ ഇരിക്കുന്നതു കണ്ടത്.
തുടര്‍ന്ന് പ്രദേശവാസികളുടെ നേതൃത്വത്തില്‍ പുരയിടത്തിന്റെ ഗേറ്റിന്റെ പൂട്ട് തുറന്നു പരിശോധിച്ചപ്പോഴാണ് ചായ്പ്പിനുള്ളില്‍ നാഗേന്ദ്രന്‍ ഇരിക്കുന്നത് കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ അഞ്ചു മണി മുതലാണ് നാഗേന്ദ്രനെ കാണാതാകുന്നത്. ഈ സ്ഥിതിയില്‍ പുറമേനിന്നു പൂട്ടിയ പുരയിടത്തിനുള്ളിലെ ചായ്പില്‍ അന്ധനും ബധിരനുമായ നാഗേന്ദ്രനെ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ആരോപിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഈ പ്രദേശമാകെ നാട്ടുകാരും പോലീസും അന്വേഷിച്ചിട്ടും നാഗേന്ദ്രനെ കണ്ടെത്താനായിരുന്നില്ല. ഇതോടെ, പുരയിടത്തിലേക്ക് എത്തുന്നതിനായി പിന്‍ഭാഗത്ത് കൂടി ചെറിയ ഒരു ഇടവഴി ഉണ്ടെങ്കിലും കാഴ്ചശക്തി ഇല്ലാത്ത നാഗേന്ദ്രന്‍ ഏതുവിധത്തില്‍ പൂട്ടിയിട്ട പുരയിടത്തിനുള്ളില്‍ എത്തിയെന്നതാണ് എല്ലാവരിലും സംശയം ഉയര്‍ത്തിയിരിക്കുന്നത്.
ചായ്പ്പിനുള്ളില്‍ കണ്ടെത്തിയ നാഗേന്ദ്രനെ പാറശ്ശാല പോലീസ് സ്ഥലത്തെത്തി ആശുപത്രിയിലേക്കു മാറ്റി. ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നാഗേന്ദ്രന്‍ പൂര്‍ണ ആരോഗ്യവാനാണെന്നാണ് കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ അഞ്ചു മണിയോടുകൂടി കുളത്തിന്റെ കരയില്‍ നാഗേന്ദ്രനെ കണ്ടതായി ജീപ്പ് ഡ്രൈവര്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍, രണ്ടു ദിവസത്തെ നാഗേന്ദ്രന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
https://www.facebook.com/Malayalivartha
























