സി.കെ. നായിഡു ട്രോഫിയില്‍ പഞ്ചാബിന് തകര്‍പ്പന്‍ വിജയം

ചണ്ഡീഗഡില്‍ സി.കെ. നായിഡു ട്രോഫി ക്രിക്കറ്റില്‍ പഞ്ചാബിന് തകര്‍പ്പന്‍ വിജയം. ഒരു ഇന്നിങ്‌സിനും 37 റണ്‍സിനുമാണ് പഞ്ചാബ് ആധികാരിക വിജയം സ്വന്തമാക്കിയത്. കേരളത്തിന്റെ ഇരു ഇന്നിങ്‌സുകളിലെയും മോശം പ്രകടനമാണ് ടീമിന് തിരിച്ചടിയായത്. ആദ്യ ഇന്നിങ്‌സില്‍ 202 റണ്‍സിന് പുറത്തായ കേരളത്തിനെതിരെ പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 438 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇതോടെ 236 റണ്‍സിന്റെ വലിയ ലീഡ് വഴങ്ങിയ കേരളത്തിന് രണ്ടാം ഇന്നിങ്‌സില്‍ 199 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
അവസാന ദിവസം ആറ് വിക്കറ്റിന് 131 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച കേരളത്തിന് ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ 105 റണ്‍സ് കൂടി ആവശ്യമായിരുന്നു. എന്നാല്‍, ക്യാപ്റ്റന്‍ അഭിജിത് പ്രവീണ്‍ ഒരുവശത്ത് ഉറച്ചുനിന്നെങ്കിലും മറ്റാര്‍ക്കും കാര്യമായ പിന്തുണ നല്‍കാനായില്ല. വിജയ് വിശ്വനാഥും (7 റണ്‍സ്), കൈലാസ് ബി. നായരും (4 റണ്‍സ്) ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും പെട്ടെന്ന് പുറത്തായത് കേരളത്തിന്റെ തകര്‍ച്ചയ്ക്ക് വേഗം കൂട്ടി.തുടര്‍ന്നെത്തിയ അനുരാജും പവന്‍രാജും വേഗത്തില്‍ മടങ്ങിയതോടെ കേരളത്തിന്റെ രണ്ടാം ഇന്നിങ്‌സ് 199 റണ്‍സില്‍ അവസാനിച്ചു.
അഭിജിത് പ്രവീണിന്റെ ഒറ്റയാള്‍ പോരാട്ടമാണ് കേരളത്തിന് ആശ്വാസമായത്. 10 ബൗണ്ടറികളോടെ 74 റണ്‍സ് നേടി അദ്ദേഹം പുറത്താകാതെ നിന്നു. കേരളത്തിന്റെ ടോപ് സ്‌കോററും അഭിജിത് തന്നെയായിരുന്നു. മറുവശത്ത്, പഞ്ചാബിന് വേണ്ടി ഹര്‍ജാസ് സിങ് ടണ്ഡന്‍, ഇമന്‍ജ്യോത് സിങ് ചഹല്‍, ഹര്‍ഷദീപ് സിങ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു. സമഗ്രമായ ഈ പ്രകടനത്തിലൂടെയാണ് പഞ്ചാബ് കൂറ്റന്‍ വിജയം സ്വന്തമാക്കി ടൂര്‍ണമെന്റില്‍ കരുത്ത് തെളിയിച്ചത്.
https://www.facebook.com/Malayalivartha

























