കാര്യങ്ങള്‍ കൈവിട്ടോ... കെഎസ്ആര്‍ടിസിയുടെ പുതിയ കമ്പനിയായ കെ സ്വിഫ്റ്റിന്റെ രൂപീകരണം അവതാളത്തിലായത് എം.ഡി. യുടെ പിടിപ്പുകേടോ? ജീവനക്കാരെ മൊത്തം എതിരാക്കിയത് ബിജു പ്രഭാകറിന് വിനയായി; കാര്യങ്ങള്‍ മാറിമറിയുന്നു

സമര്‍ത്ഥനായ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ എന്നറിയപ്പെടുന്ന ബിജു പ്രഭാകറിന്റെ കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് അദ്ദേഹം ഇപ്പോള്‍ അനുഭവിക്കുന്നത്.
ജീവനക്കാരെ മൊത്തം എതിരാക്കിയതാണ് ബിജു പ്രഭാകറിന് വിനയായിരിക്കുന്നത്. ജീവനക്കാരെ എം ഡി മോശക്കാരാക്കിയതായി സര്‍ക്കാര്‍ കരുതുന്നു. എം ഡി ജീവനക്കാരെ മൊത്തത്തില്‍ പിണക്കിയെന്നും സര്‍ക്കാര്‍ കരുതുന്നു. എളമരം കരീമിനെ പോലുള്ള നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് എം ഡിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി, ബിജു പ്രഭാകറിനെ വിളിപ്പിച്ച് പരസ്യ പ്രസ്താവന നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിക്ക് മാത്രമല്ല ഗതാഗതമന്ത്രിക്കും ബിജു പ്രഭാകറുടെ എടുത്തുചാട്ടത്തില്‍ വിയോജിപ്പുണ്ട്. ബിജു പ്രഭാകറെ മാറ്റാന്‍ ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ ആലോചിച്ചെങ്കിലും അദ്ദേഹത്തിന്റെ ആത്മവീര്യം കെടുത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ കരുതി.
പുതിയ കമ്പനിയില്‍ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കലായിരുന്നു എം.ഡിയുടെ ഉദ്ദേശം. കെ. എസ് ആര്‍ റ്റി സിക്കെതിരെ അദ്ദേഹം ശക്തമായ വിമര്‍ശനം ഉന്നയിച്ചതും ഇതു കൊണ്ടാണ്. കെ എസ് ആര്‍ റ്റി സിയുടെ പ്രവര്‍ത്തനം ആകെ അവതാളത്തിലാണെന്ന് വരുത്തുകയായിരുന്നു ലക്ഷ്യം. ഇതാണ് സര്‍ക്കാരിനും ബിജുപ്രഭാകറിനും വിനയായി തീര്‍ന്നത്.
ഗതാഗത സെക്രട്ടറിയെ കെ എസ് ആര്‍ റ്റി സിയുടെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനും സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്. എങ്ങനെയെങ്കിലും വിവാദം അവസാനിപ്പിച്ച് പുതിയ കമ്പനിക്ക് രൂപം കൊടുക്കാനാണ് സര്‍ക്കാര്‍ നീക്കം. തെരഞ്ഞടുപ്പിന് മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അതിനു മുമ്പ് കമ്പനി രൂപീകരിക്കുന്നത് നടന്നില്ലെങ്കില്‍ സര്‍ക്കാര്‍ പദ്ധതിയെല്ലാം അവതാളത്തിലാകും.
എതിര്‍പ്പുകള്‍ മറികടന്ന് സ്വതന്ത്ര കമ്പനി രൂപീകരിക്കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ ട്രേഡ് യൂണിയന്‍ രംഗത്തെത്തിയതാണ് സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളി. മന്ത്രി തല ചര്‍ച്ചയില്‍ പരിഹാരമുണ്ടാക്കാനാണ് കെഎസ്ആര്‍ടിസി എംഡിയുടെ നീക്കം.
കെഎസ്ആര്‍ടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകളുമായി കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ഇതിനകം രണ്ട് വട്ടം ചര്‍ച്ച നടത്തി. പുതിയ ബസ്സുകളും കെഎസ്ആര്‍ടിസിയുടെ കൈവശമുള്ള ദീര്‍ഘദൂര ബസ്സുകളും കെ സ്വിഫ്റ്റ് എന്ന പുതിയ കമ്പനിയിലേക്ക് മാറ്റണമെന്നത് സര്‍ക്കാര്‍ നിലപാടാണെന്ന് എംഡി യൂണിയനുകളെ അറിയിച്ചു കഴിഞ്ഞു. പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകാന്‍ മുഖ്യമന്ത്രി എംഡിക്ക് അനുവാദവും നല്‍കിയിട്ടുണ്ട്.
യൂണിയനുകളുടെ എതിര്‍പ്പിന്റെ സാഹചര്യത്തില്‍, എംഡി ഗതാഗത മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം മന്ത്രി തല ചര്‍ച്ച നടത്താനാണ് നീക്കം. എന്നാല്‍ സ്വതന്ത്ര കമ്പനി നീക്കം കെഎസ്ആര്‍ടിസിയെ തകര്‍ക്കുമെന്നും ,അതു കൊണ്ടു തന്നെ കെ സ്വിഫ്റ്റിനെ അംഗീകരിക്കില്ലെന്നും ബിഎംഎസ് വ്യക്തമാക്കി
ഐഎന്‍ടിയുസി ആഭിമുഖ്യത്തിലുള്ള ട്രേഡ് യൂണിയന്‍ കൂട്ടായ്മയായ ടിഡിഎഫും സ്വിഫ്റ്റിനെതിരായ കടുത്ത നിലപാടിലാണ്. അന്തിമ തീരുമാനം വരെ കാക്കാനാണ് സംഘടനയുടെ തീരുമാനം. സ്വതന്ത്ര കമ്പനി രൂപീകരിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ പണിമുടക്കടക്കമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സംഘടന ആലോചിക്കുന്നത്. ആരെങ്കിലും കോടതിയില്‍ പോയാല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴയും.
പ്രതിസന്ധിയിലായ കെ എസ് ആര്‍ റ്റിസിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കാന്‍ മാത്രമേ കമ്പനി രൂപീകരണം കൊണ്ട് കഴിയുകയുള്ളു. പുതിയ കമ്പനി കൊണ്ട് ഇപ്പോഴത്തെ സ്ഥാപനത്തിന് എതെങ്കിലും ഗുണമുണ്ടാകുമെന്ന് ആരും കരുതുന്നില്ല. പിന്നെന്തിനാണ് പുതിയ കമ്പനി എന്നാണ് ചോദ്യം. ഇവിടെയാണ് സര്‍ക്കാരിന്റെ ഹിഡന്‍ അജണ്ട ജീവനക്കാര്‍ ചോദ്യം ചെയ്യുന്നത്.
https://www.facebook.com/Malayalivartha