കണ്ണീരോടെ ഒരു കുടുംബം... റിപ്പബ്ലിക് ദിനത്തില്‍ നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ മരണമടഞ്ഞ ചെറുപ്പക്കാരനെ കുറിച്ചുള്ള കൂടുതല്‍ വിരങ്ങള്‍ പുറത്ത്; അടുത്തിടെ ഓസ്‌ട്രേലിയയില്‍ വച്ച് വിവാഹം കഴിഞ്ഞ നവനീത് നാട്ടിലെത്തിയപ്പോള്‍ സമരത്തില്‍ പങ്കെടുക്കാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിച്ചു; ഡല്‍ഹിയില്‍ മരിച്ചത് യുപി സ്വദേശി

റിപ്പബ്ലിക് ദിനത്തില്‍ നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ മരണമടഞ്ഞ ചെറുപ്പക്കാരന്‍ നാടിന്റെ രോദനമായി മാറുന്നു. ബന്ധുക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കുമ്പോള്‍ ഇങ്ങനെയൊരു ദുരന്തം ഉണ്ടാകുമെന്ന് കരുതിയില്ല. ഉത്തര്‍പ്രദേശിലെ രാംപുര്‍ സ്വദേശിയായ നവരീത് സിങ് എന്ന 27 കാരന്‍ ആണ് മരിച്ചത്. അടുത്തിടെ ഓസ്‌ട്രേലിയയില്‍ വച്ചായിരുന്നു നവനീതിന്റെ വിവാഹം.
ഉന്നത വിദ്യാഭ്യാസത്തിനായാണ് നവനീത് ഓസ്‌ട്രേലിയയിലേക്ക് പോയത്. ബന്ധുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കര്‍ഷക സമരത്തില്‍ പങ്കെടുത്തതെന്നാണ് വിവരം. പൊലീസ് വെടിവെയ്പിലാണ് നവനീത് കൊല്ലപ്പെട്ടതെന്ന് കര്‍ഷകര്‍ ആരോപിക്കുമ്പോള്‍ ട്രാക്ടര്‍ മറിഞ്ഞാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. പോലീസ് വീഡിയോ പുറത്ത് വിടുകയും ചെയ്തു.
ട്രാക്ടര്‍ കീഴ്‌മേല്‍ മറിഞ്ഞു സാരമായി പരുക്കേറ്റാണ് മരണമെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ ഇക്കാര്യം വ്യക്തമായെന്നുമാണ് യുപി പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട കര്‍ഷകനെയും പ്രതി ചേര്‍ത്താണ് ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ ഡല്‍ഹി പൊലീസ് കേസെടുത്തിരിക്കുന്നത്. ട്രാക്ടര്‍ പരേഡ് സംഘര്‍ഷത്തിലേക്ക് വഴിമാറിയതില്‍ അസ്വാഭാവികത ഉണ്ടെന്നാണ് ചില കര്‍ഷക സംഘടനകളുടെ ആരോപണം.
കര്‍ഷകര്‍ തെറ്റായ റൂട്ടിലൂടെ മാര്‍ച്ച് ചെയ്തത് പൊലീസ് ഉണ്ടാക്കിയ ആശയക്കുഴപ്പം മൂലമാണ്. സംഘര്‍ഷത്തില്‍ സംഘടനകള്‍ക്ക് പങ്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. ചെങ്കോട്ടയില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണെന്ന ആരോപണവും ചില കര്‍ഷക നേതാക്കള്‍ ഉയര്‍ത്തുന്നു. ബാഹ്യ ശക്തികളും സാമൂഹ്യ വിരുദ്ധരുമാണ് അക്രമം അഴിച്ചു വിട്ടതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയിലൂടെ വ്യക്തമാക്കി.
റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനം അപ്രതീക്ഷിത സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. കിസാന്‍ പരേഡിന്റെ അനുവദനീയപാതയില്‍ നിന്നു വഴിമാറി ഒരുവിഭാഗം കര്‍ഷകര്‍ ട്രാക്ടറുകളുമായി മുന്നോട്ടുകുതിച്ചു.
72ാം റിപ്പബ്ലിക് ദിന പരേഡ് രാജ്പഥില്‍ അരങ്ങേറുമ്പോള്‍ ഏതാനും കിലോമീറ്ററുകള്‍ അകലെ കര്‍ഷകരും പൊലീസും തെരുവില്‍ ഏറ്റുമുട്ടി. രാഷ്ട്രപതി, പ്രധാനമന്ത്രി, സേനാ മേധാവികള്‍ എന്നിവര്‍ രാജ്പഥില്‍ പരേഡിനു സാക്ഷ്യം വഹിക്കുമ്പോഴായിരുന്നു ഈ ഗുരുതര സുരക്ഷാവീഴ്ച. ഗാസിപ്പുര്‍, സിംഘു, തിക്രി എന്നിവിടങ്ങളില്‍ നിന്നു പുറപ്പെട്ട കര്‍ഷകരില്‍ ഒരു വിഭാഗമാണു വഴിമാറി മധ്യ ഡല്‍ഹിയിലേക്കു നീങ്ങിയത്.
പൊലീസ് ബാരിക്കേഡുകളും കോണ്‍ക്രീറ്റ് ബ്ലോക്കുകളും ട്രക്കുകളും നിരത്തിയെങ്കിലും ട്രാക്ടറുകള്‍ കൊണ്ട് അവയെല്ലാം ഇടിച്ചുനീക്കി കര്‍ഷകര്‍ മുന്നോട്ടുകുതിച്ചു. പിന്നീട് പല സംഘങ്ങളായി തിരിഞ്ഞ് ഐടിഒ, ചെങ്കോട്ട, രാജ്ഘട്ട്, സുപ്രീം കോടതി എന്നിവിടങ്ങളിലേക്കു നീങ്ങുകയായിരുന്നു. പൊലീസ് നോക്കിനില്‍ക്കെ ഉച്ചയ്ക്കു രണ്ടോടെയാണു ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയത്. ഇവരെ പിന്നീട് ഒഴിപ്പിച്ചെങ്കിലും കലുഷിതാന്തരീക്ഷം രാത്രി വരെ നീണ്ടു. വൈകിട്ട് 5 വരെ നിശ്ചയിച്ചിരുന്ന കിസാന്‍ പരേഡ് ഉപേക്ഷിക്കുന്നതായി മൂന്നോടെ കര്‍ഷക നേതാക്കള്‍ അറിയിക്കുകയും ചെയ്തു.
റിപ്പബ്ലിക് ദിനത്തില്‍ കിസാന്‍ പരേഡിനിടെ രാജ്യതലസ്ഥാനം യുദ്ധക്കളമാക്കിയതിനും ചെങ്കോട്ടയില്‍ ഇരച്ചുകയറി രണ്ടിടത്ത് സിഖ് പതാകകള്‍ ഉയര്‍ത്തിയതിനും ഇരുനൂറിലധികം കര്‍ഷകരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. കൃഷി നിയമങ്ങള്‍ക്കെതിരെ 2 മാസമായി തുടരുന്ന പ്രക്ഷോഭത്തിന്റെ മുന്‍നിര നേതാക്കളായ ദര്‍ശന്‍പാല്‍, ബല്‍ബീര്‍ സിങ് രജേവാള്‍, രാകേഷ് ടികായത്, ഇവര്‍ക്കു പിന്തുണയുമായി രംഗത്തുള്ള മേധ പട്കര്‍, യോഗേന്ദ്ര യാദവ് തുടങ്ങി 37 പേര്‍ക്കെതിരെ 22 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. വധശ്രമം, കൊള്ള, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha























