യു.ഡി.എഫിന്റെ ജനകീയ പ്രകടനപത്രികക്ക് ലഭിച്ചത് മികച്ച നിര്‍ദേശങ്ങള്‍; കോഴിക്കോട് വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി വിവിധ സംഘടനാ പ്രതിനിധികള്‍ നടത്തിയ മുഖാമുഖത്തില്‍

ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി കോഴിക്കോട് വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി വിവിധ സംഘടനാ പ്രതിനിധികള്‍ നടത്തിയ മുഖാമുഖത്തില്‍ യു.ഡി.എഫിന്റെ ജനകീയ പ്രകടനപത്രികക്ക് ലഭിച്ചത് മികച്ച നിര്‍ദേശങ്ങള്‍. സമൂഹത്തിലെ വിവിധ തുറയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖര്‍ ഈ ചടങ്ങില്‍ പങ്കെടുത്തു.
റോഡ് വികസനത്തിന്റെ ഭാഗമായി കട ഒഴിപ്പിക്കുന്ന വ്യാപാരികളെ പുനര്‍ വിന്യസിക്കാനും അവര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം നല്‍കണമെന്ന ആവശ്യമാണ് വ്യാപരി സംഘടന പ്രതിനിധികള്‍ മുന്നോട്ട് വച്ചത്. കോവിഡ് കാലത്ത് മികച്ച സേവനം കാഴ്ച്ച വച്ച പ്രൈമറി പാലിയേറ്റിവ് കെയര്‍ നേഴ്‌സുമാര്‍ക്ക് വേണ്ടത്ര ശമ്പളമോ അനുകൂല്യങ്ങളോ ലഭിച്ചുന്നില്ലെന്ന പരാതിയും പ്രതിപക്ഷ നേതാവിന് മുമ്പിലെത്തി. കോഴിക്കോട് ഐടി വ്യവസായ വികസനത്തിന് പ്രത്യേക കര്‍മ്മ പരിപാടി വേണമെന്ന നിര്‍ദേശമാണ് ഐടി മേഖലയില്‍ നിന്നുമുയര്‍ന്നത്. സംവരണ ലിസ്റ്റില്‍ കൂടുതല്‍ സമുദായങ്ങള്‍ എത്തുമ്പോഴും അതിന് അനുസൃതമായി സംവരണ ശതമാനം വര്‍ധിപ്പിക്കുന്നില്ല.
ഇത് അര്‍ഹിക്കുന്ന അനുകൂലം ലഭിക്കാത്ത അവസ്ഥയാണെന്ന് പിന്നോക്ക വിഭാഗങ്ങളെ പ്രതിനിധീകരിച്ചവര്‍ പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രവാസിക്കു വേണ്ടി ഒന്നും ചെയുന്നില്ല, എല്ലാം പ്രഖ്യാപനത്തില്‍ ഒതുക്കുകയാണ്. അതു കൊണ്ടു തന്നെ യു.ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പ്രത്യേക പരിഗണന നല്‍കണമെന്ന ആവശ്യമാണ് പ്രവാസി സംഘടനാ പ്രതിനിധി മുന്നോട് വച്ചത്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പ്രവാസികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് രമേശ് ചെന്നിത്തല അവര്‍ക്ക് ഉറപ്പ് നല്‍കി.
കോഴിക്കോടിനെ സ്ത്രീ സൗഹൃദ നഗരമാക്കണമെന്ന നിര്‍ദേശവും മുന്നോട് വയ്ക്കപ്പെട്ടു. നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് വേണ്ടി ശൗചാല്യങ്ങളും ഫീഡിംഗ് സ്റ്റേഷനുകളും ആവശ്യമാണ്. കോഴിക്കോട് നഗരത്തിലെ റോഡുകളുടെ നവീകരണവും പ്രധാന ആവശ്യമായി ഉയര്‍ന്ന് കേട്ടു. കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിനായി ഒന്നും ചെയ്യാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും റണ്‍വേയുടെ വികസനത്തിന് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ നടപടി വേണമെന്ന ആവശ്യവും ഈ ചടങ്ങില്‍ ഉയര്‍ന്ന് കേട്ടു.
കൂടുതല്‍ നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ peoplemanifesto2021@gmail.com എന്ന വിലാസത്തില്‍ അയച്ചു നല്‍കണമെന്നും യോഗത്തില്‍ പങ്കെടുത്ത വിവിധ സംഘടന പ്രതിനിധികളോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























