അയ്യപ്പന്റെ മായക്കാഴ്ചകള്‍... പണ്ടത്തെ കാലം മാറി അയ്യപ്പനെ വിളിക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ എണ്ണം കൂടുന്നു; ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പിന്നാലെ എംഎ ബേബിയും അയ്യപ്പന്റെ മായാവലയത്തില്‍ പെട്ടു; തിരുത്തി പറഞ്ഞപ്പോഴേക്കും സമയം വൈകി; മൂന്ന് മുന്നണികളേയും വെല്ലുവിളിച്ച് സാക്ഷാല്‍ സുകുമാരന്‍ നായര്‍ രംഗത്തെത്തിയതോടെ ചെന്നിത്തലയ്ക്കും പണി കിട്ടി

ശബരിമല പ്രക്ഷോഭ കാലത്തെ അവസ്ഥ പോലെ ശബരിമല സജീവ ചര്‍ച്ചയിലാകുകയാണ്. അന്ന് അയ്യപ്പ ഭക്തര്‍ക്കെതിരെ കാട്ടിക്കൂട്ടിയതിന് എണ്ണി എണ്ണി മാപ്പ് ചോദിക്കുന്നത് പോലെയാണ് കമ്മ്യൂണിസ്റ്റ് താത്വികാചാര്യന്‍മാരുടെ തുറന്ന് പറച്ചില്‍.
ഭക്തരുടെ ജനാധിപത്യം സംരക്ഷിക്കണമെന്നാണ് എം.വി ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞത്. എന്നാല്‍ വേണ്ടിവന്നാല്‍ എല്ലാവരുമായും ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കുമെന്ന് തത്വ ചിന്തയിലൂടെ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി കൂടി പറഞ്ഞതോടെ കാര്യങ്ങള്‍ ചൂടുപിടിച്ചു. ഇതിന് മുഖ്യമന്ത്രി മറുപടി പറയേണ്ടിവരും എന്നായതോടെ കാര്യങ്ങള്‍ കൈവിട്ടു. ഇതോടെ എം.എ. ബേബി, നിലപാട് തിരുത്തി.
പ്രശ്‌നം പാര്‍ട്ടിയെ കുഴയ്ക്കുന്ന ചര്‍ച്ചയ്ക്ക് വഴിതെളിച്ചതോടെയാണ് ബേബി നിലപാട് മാറ്റിയത്. പുതിയ സത്യവാങ്മൂലം കൊടുക്കുമെന്ന് താന്‍ പറഞ്ഞതായുള്ള പ്രചാരണം തന്റെയോ പാര്‍ട്ടിയുടെയോ കാഴ്ചപ്പാടല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ബേബിയുടെ മാറിമറിഞ്ഞ പ്രതികരണത്തോടെ, വിഷയത്തില്‍ ഇടതുമുന്നണിയെ കുരുക്കിലാക്കാന്‍ നോക്കുന്ന യു.ഡി.എഫും ബി.ജെ.പിയും സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തി.
സുപ്രീംകോടതിയുടെ വിശാലബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന ശബരിമല പ്രശ്‌നം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ആയുധമാക്കിയ യു.ഡി.എഫിന്, ബേബിയുടെ പ്രതികരണം പിടിവള്ളിയായി. ഇത് സി.പി.എമ്മിലും ചര്‍ച്ചയായതോടെയാണ്, ബേബി തിരുത്തലിന് തയ്യാറായതെന്നാണ് സൂചന. ശബരിമലയില്‍ തൊട്ടുള്ള വിവാദത്തിന് മുതിരാതിരിക്കുമ്പോഴും, അത് പാര്‍ട്ടിയെ വിടാതെ പിന്തുടരുന്നുവെന്ന പ്രതീതിയുളവാക്കുന്നതായി പുതിയ സംഭവവികാസം.
സുപ്രീംകോടതി വിധി പ്രസ്താവിക്കുമ്പോള്‍ ഇടതുസര്‍ക്കാരാണ് ഭരണത്തിലെങ്കില്‍, വിധി നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുമെന്നാണ് ബേബി പിന്നീട് വിശദീകരിച്ചത്. പാര്‍ട്ടി നിലപാടോ കാഴ്ചപ്പാടോ ബലം പ്രയോഗിച്ച് നടപ്പാക്കില്ല. സാമൂഹ്യസമവായത്തിനാകും ശ്രമിക്കുക. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഇടതുസര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുക. തദ്ദേശതിരഞ്ഞെടുപ്പില്‍ അത് സംഭവിച്ചപ്പോള്‍, അതില്‍ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കാന്‍ ശ്രമം നടക്കുന്നു. സുപ്രീംകോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കാനിരിക്കുന്ന വിഷയത്തില്‍, നിയമസഭയില്‍ നിയമം കൊണ്ടുവരുമെന്ന യു.ഡി.എഫ് വാദം മൗഢ്യമാണെന്നും ബേബി വ്യക്തമാക്കി.
വിശ്വാസ സംരക്ഷണം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശബരിമല വിഷയം വീണ്ടും സജീവ ചര്‍ച്ചയാകുമ്പോള്‍ യു.ഡി.എഫിനെയും ബി.ജെ.പിയെയും എല്‍ഡിഎഫിനേയും വിമര്‍ശിച്ചാണ് രംഗത്തെത്തിയത്. സുപ്രീംകോടതിയുടെ വിശാലബെഞ്ചിന്റെ പരിഗണനയിലുള്ള വിഷയത്തില്‍, തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ ഭക്തരെ സ്വാധീനിക്കാനുള്ള പുതിയ വാദഗതികളുമായി രാഷ്ട്രീയകക്ഷികള്‍ രംഗപ്രവേശം ചെയ്തിരിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
കേന്ദ്രഭരണം കൈയിലിരിക്കെ, ബി.ജെ.പിക്ക് നിയമനിര്‍മ്മാണത്തിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നം മാത്രമായിരുന്നില്ലേ ഇത്? പ്രതിപക്ഷത്തിരിക്കുമ്പോള്‍ വിശ്വാസം സംരക്ഷിക്കാന്‍ യു.ഡി.എഫിന് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാമായിരുന്നു. അതിനു പകരം, അധികാരത്തില്‍ വന്നാല്‍ വിശ്വാസികള്‍ക്കനുകൂലമായ നിയമനിര്‍മ്മാണം നടത്തുമെന്നുള്ള പ്രഖ്യാപനത്തിന് എന്ത് ആത്മാര്‍ത്ഥതയാണുള്ളത് എന്നാണ് സുകുമാരന്‍ നായര്‍ ചോദിച്ചത്.
വിശ്വാസം സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് താല്പര്യമുണ്ടെങ്കില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്താനോ, നിയമനിര്‍മ്മാണത്തിലൂടെ വിഷയം പരിഹരിക്കാനോ ഇപ്പോഴും ശ്രമിച്ചുകൂടേ? സുകുമാരന്‍ നായരുടെ വരവ് ചെന്നിത്തല ഒട്ടും പ്രതീക്ഷിച്ചതല്ല. സുകുമാരന്‍ നായരുടെ ചോദ്യത്തിന് മുമ്പില്‍ ചെന്നിത്തല വിയര്‍ക്കുക തന്നെ ചെയ്യും.
"
https://www.facebook.com/Malayalivartha


























