സ്വപ്നയെ കാണാനേയില്ല... കോണ്‍ഗ്രസ് വമ്പന്‍മാരെ വീഴ്ത്താനായി സിബിഐ വരാനിരിക്കെ സരിതയ്‌ക്കെതിരെ പരാതിയുമായി നെയ്യാറ്റിന്‍കരക്കാര്‍; സരിതയുടെതെന്ന ശബ്ദം പുറത്ത് വിട്ട് ആഞ്ഞടിച്ച് പരാതിക്കാരന്‍; 317 തവണ മന്ത്രിമാരുടെ പേരില്‍ സരിത വിളിച്ചെന്ന് പരാതിക്കാരന്‍

കേരളത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പ് സിബിഐ വരുമോ ഇല്ലയോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളെ വീഴ്ത്താനുള്ള വലിയ ആയുധമായി സിബിഐയെ സഖാക്കള്‍ കാണുമ്പോള്‍ എതിരാളികളും ശക്തമായി രംഗത്തുണ്ട്. അതിനിടെയാണ് ജോലിതട്ടിപ്പ് കേസ് ശക്തിപ്പെട്ടത്.
ബിവറേജസ് കോര്‍പറേഷനിലും കെ.ടി.ഡി.സിയിലും പിന്‍വാതില്‍ നിയമനം ഉറപ്പ് നല്‍കിയ സരിത എസ് നായര്‍ മന്ത്രിമാരുടെയടക്കം പേരുപറഞ്ഞ് 317തവണ തന്നെ വിളിച്ചതായാണ് പരാതിക്കാരന്‍ അരുണിന്റെ വെളിപ്പെടുത്തല്‍. സെക്രട്ടേറിയറ്റ് ജീവനക്കാരിയെന്ന പേരിലാണ് സംസാരിച്ചു തുടങ്ങിയത്. ശബ്ദം കേട്ടാണ് സരിതയാണെന്ന് തിരിച്ചറിഞ്ഞത്.
മന്ത്രിമാരുടെ പ്രോഗ്രാം ഷെഡ്യൂളടക്കം പറഞ്ഞെന്നും അന്വേഷണത്തില്‍ പലതും ശരിയെന്ന് ബോധ്യമായെന്നും അരുണ്‍ പറഞ്ഞു. നിയമനം നടത്തി കമ്മിഷനെടുക്കാന്‍ പാര്‍ട്ടി അനുവദിച്ചിട്ടുണ്ടെന്നും സോളാര്‍ തട്ടിപ്പില്‍ കൂടെ നിന്നതിനുള്ള ഓഫര്‍ ആണെന്നും സരിത പറഞ്ഞതായി അരുണ്‍ വെളിപ്പെടുത്തി. നാലുപേര്‍ക്ക് ആരോഗ്യകേരളം പദ്ധതിയില്‍ ജോലി നല്‍കിയിട്ടുണ്ടെന്നും സരിത അവകാശപ്പെട്ടു.
ശബ്ദരേഖ ഒരു വര്‍ഷമായി നെയ്യാറ്റിന്‍കര പൊലീസിന്റെ കൈവശം ഉണ്ടെങ്കിലും ആധികാരികത പരിശോധിച്ചിട്ടില്ലെന്നാണു പൊലീസ് പറയുന്നത്. കേസെടുത്തെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. കെ.ടി.ഡി.സിയിലും ബെവ്‌കോയിലും ജോലി വാഗ്ദാനം ചെയ്തു നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ടു യുവാക്കളില്‍ നിന്നു സരിതയും കൂട്ടരും 16 ലക്ഷത്തോളം രൂപ തട്ടിച്ചെന്നാണ് പരാതി.
അതേസമയം കാണാതെ എങ്ങനെ പണം തന്നു എന്ന ചോദ്യവുമായി സരിതയും രംഗത്തെത്തി. 317 തവണ വിളിച്ചു, സംസാരിച്ചു എന്നതെല്ലാം അംഗീകരിച്ചാലും ശബ്ദരേഖയിലെ കാര്യങ്ങളാണു സംസാരിച്ചത് എന്നാവണമെന്ന് നിര്‍ബന്ധമില്ലെന്ന് സരിത വ്യക്തമാക്കി. പരാതിക്കാരന്‍ തന്നെ കണ്ടിട്ടില്ലെന്നാണ് പോലീസിനു നല്‍കിയ മൊഴി. ഒരിക്കലും തന്നെ കണ്ടിട്ടില്ല എന്നു മാദ്ധ്യമങ്ങളോടും പറഞ്ഞിട്ടുണ്ട്.
കാണാതെ എങ്ങനെ പണം തന്നു എന്നാണ് പറയുന്നത്? അരുണ്‍ എന്നൊരാള്‍ പണം തന്നതിന്റെ രേഖകളില്ല. രണ്ടു വര്‍ഷത്തെ മുഴുവന്‍ രേഖകളും പരിശോധിച്ചിട്ടും ഈ പേരില്‍ ഒരാള്‍ അക്കൗണ്ടില്‍ പണം ഇട്ടതു കണ്ടിട്ടില്ല. രണ്ടുമൂന്നാഴ്ചയായി പലരും തന്നെ വിളിച്ച് സി.ബി.ഐ അന്വേഷണത്തില്‍ മൊഴി കൊടുക്കരുതെന്നു പറഞ്ഞ് ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുണ്ട്. കേസില്‍നിന്നു പിന്‍മാറണം, ഉമ്മന്‍ചാണ്ടിയെ എന്തിനാണ് ഉള്‍പ്പെടുത്തിയതു തുടങ്ങി വിളികള്‍ വരുന്നുണ്ട്. നിയമത്തിന്റെ വഴിയേ പോകുമ്പോള്‍ ഇതൊന്നും പരിഗണിക്കേണ്ടതില്ലെന്നും സരിത പറഞ്ഞു.
അതേസമയം സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് സരിത എസ് നായര്‍ മുപ്പതോളം പേരില്‍ നിന്ന് പണം തട്ടിയെന്നാണ് തട്ടിപ്പിനിരയായ നെയ്യാറ്റിന്‍കര സ്വദേശി അരുണ്‍ പറയുന്നത്.
തട്ടിപ്പിനിരയായവരെല്ലാം നെയ്യാറ്റിന്‍കര ഭാഗത്തുള്ളവരാണ്. പലരും 10 ലക്ഷത്തോളം രൂപ സരിതയ്ക്കു നല്‍കിയിട്ടുണ്ട്. തട്ടിപ്പ് നടത്താന്‍ സരിതയെ സഹായിച്ച പ്രാദേശിക നേതാവ് രതീഷ് വീട്ടിലുണ്ടെങ്കിലും പോലീസ് തിരിഞ്ഞു നോക്കുന്നില്ല. സരിതയെ സഹായിച്ച പാര്‍ട്ടി നേതാക്കളുടെ പേരുകളടക്കം പുറത്തുവിടും. അഭിമുഖത്തിനുള്ള കാര്‍ഡും അപ്പോയിന്‍മെന്റ് ലെറ്ററും കൊണ്ടുവന്നു കാണിച്ചശേഷം ഉദ്യോഗസ്ഥര്‍ക്ക് അത്യാവശ്യമായി കൊടുക്കാനെന്നു പറഞ്ഞാണ് തുക വാങ്ങിയത്.
ബവ്‌കോയിലും കെടിഡിസിയിലുമെല്ലാം ജോലി വാഗ്ദാനം ഉണ്ടായിരുന്നു. 15 ലക്ഷംരൂപയാണ് ജോലിക്കായി ആവശ്യപ്പെടുന്നത്. നേരിട്ടു സരിതയെ കണ്ടിട്ടില്ല. അവരുടെ അമ്മയെ കണ്ടിട്ടുണ്ട്. അവരുടെ ബന്ധുക്കളെയും അവരുമായി ബന്ധപ്പെട്ട് ഡീല്‍ നടത്തുന്ന ആളുകളെയും കണ്ടിട്ടുണ്ട്.
മലയിന്‍കീഴിലെ ഇന്ദീവരമെന്ന വീട്ടില്‍പോയി സരിതയുടെ അമ്മയെ കണ്ടു. അതിനു രണ്ടു ദിവസം മുന്‍പ് സരിതയുടെ അമ്മ വിളിച്ചിരുന്നു. എന്റെ മകള്‍ക്കു തെറ്റുപറ്റി നിങ്ങള്‍ക്കു നഷ്ടപ്പെട്ട കാശു തിരിച്ചു തരാം എന്നു പറഞ്ഞ് നിരന്തരം വിളിച്ചു. കേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സരിത 50,000 രൂപ തന്റെ അക്കൗണ്ടലേക്ക് ഇട്ടു തന്നിട്ടുണ്ട്. അതിനും തെളിവുണ്ട്.
ശക്തമായ തെളിവുകള്‍ ഇനിയും വരും. ഏതെല്ലാം തെളിവ് താന്‍ എടുത്തു എന്നു സരിതയ്ക്കറിയാം. അത് മുന്‍കൂട്ടി കണ്ടാണ് ശബ്ദരേഖ വ്യാജമാണെന്ന പ്രതികരണം നടത്തിയതെന്നും അരുണ്‍ വ്യക്തമാക്കി.
സരിതയെ പറ്റിയുള്ള വാര്‍ത്തകള്‍ നിറയുമ്പോള്‍ നമ്മുടെ നെയ്യാറ്റിന്‍കരക്കാരി സ്വപ്ന സുരേഷിനെപ്പറ്റി യാതൊരു വിവരവുമില്ല. എം. ശിവശങ്കര്‍ പുറത്തിറങ്ങിയതോടെ തനിക്കും ഉടന്‍ ജാമ്യം ലഭിക്കുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha


























