ഒന്ന് പേടിപ്പിക്കാനാ സാറെ... ദേഹത്തു മണ്ണെണ്ണ ഒഴിച്ചു സമരം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നവരും ചെയ്യുന്നവരും നെയ്യാറ്റിന്‍കരയിലെ രാജന്റെ കുടുംബത്തിന്റെ ഗതിയോര്‍ത്താല്‍ നന്ന്; മറ്റുള്ളവരുടെ താളത്തിന് തുള്ളുമ്പോള്‍ അവനവന്റെ കുടുംബം മാത്രമേ അനുഭവിക്കാന്‍ കാണൂ

പല സമരങ്ങളിലും ആത്മഹത്യാ ഭിഷണി ഒരു സ്ഥിരം സംഭവമാണ്. സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ട് ദിവസമാണ് ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള സമരങ്ങള്‍ നടന്നത്. ആത്മഹത്യാ ഭിഷണി മുഴക്കിയവര്‍ ചെറുപ്പക്കാരാണ് എന്നതാണ് ഏറെ ദു:ഖകരം.
എന്തിന്റെ പേരിലാണെങ്കിലും സ്വന്തം ജീവന്‍ വച്ച് വിലപേശി സമരം ചെയ്യുന്നത് കൈവിട്ട കളി തന്നെയാണ്. ഒരു നിമിഷം കൈവിട്ടാല്‍ അന്നേരം കരയാനും ആളിക്കത്തിക്കാനുമേ ആള് കാണുകയുള്ളൂ. ഒരാഴുഷ്‌ക്കാലം അനുഭവിക്കാന്‍ സ്വന്തം കുടുംബം മാത്രമേ കാണുകയുള്ളൂ. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അപ്പോള്‍ പിന്നെ എന്തിനാണ് ആത്മഹത്യാ ഭീഷണി.
നെയ്യാറ്റിന്‍കരയിലെ രാജന്റെ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണയും തുടര്‍ന്നുണ്ടായ സംഭവവും കേരളം ഇപ്പോഴും മറന്നിട്ടില്ല. രാജന്‍ തന്നെ മരിക്കുന്നതിന് മുമ്പ് പറഞ്ഞതാണ്, പോലീസുകാരെ ഒന്നു പേടിപ്പിക്കാനാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ചതെന്ന്. പെട്രോളില്‍ കുളിച്ചു നിന്ന രാജനും ഭാര്യയും ചെറിയൊരു തീപ്പൊരിയില്‍ നിന്നാണ് ശരീരമാസകലം പൊള്ളലേറ്റത്.
ചെറിയ പൊള്ളലാണെങ്കില്‍ കൂടി അതിന്റെ വേദന വളരെ വലുതാണ്. പുറമേ പൊള്ളലില്ലെങ്കില്‍ കൂടി അകത്തെ പല അവയവങ്ങളും നശിക്കും. വളരെ ഭീകരമാണ് പൊള്ളല്‍ മരണങ്ങള്‍. ജീവിക്കാന്‍ കൊതിച്ച രാജന്റെ കുടുംബം എല്ലാവരും മാതൃകയാക്കുമെന്നാണ് കരുതിയത്.
എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞപ്പോഴാണ് സെക്രട്ടറിയേറ്റ് നടയിലെ മണ്ണെണ്ണ ആത്മഹത്യാ ശ്രമം വീണ്ടും നടന്നത്. ചെറിയൊരു തീപ്പൊരി വന്നാലുള്ള അവസ്ഥ സ്വയം മണ്ണെണ്ണ ഒഴിക്കുന്നവരോ വീഴ്ത്തുന്നവരോ ഓര്‍ത്താല്‍ നല്ലത്.
അതേസമയം സ്ഥിര നിയമനത്തെ ചൊല്ലി സെക്രട്ടറിയേറ്റിലെ സമരം പുകയുകയാണ്. ജോലിക്കു വേണ്ടി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിനിധി തൃശൂര്‍ സ്വദേശി ലയ രാജേഷിന്റെ പൊട്ടിക്കരച്ചിലും സോഷ്യല്‍ മീഡിയ വിവാദവും ഇപ്പോഴും പടരുകയാണ്. ഞങ്ങള്‍ക്കിതു രാഷ്ട്രീയ സമരമല്ല, ജീവിതം വച്ചുള്ള പോരാട്ടമാണെന്നാണ് ലയ പറയുന്നത്. ഞങ്ങള്‍ക്കു വേണ്ടത് അധികാരമല്ല, അര്‍ഹമായ ജോലിയാണ്. അതിനാണു കഷ്ടപ്പാടെല്ലാം സഹിച്ചു സമരം ചെയ്യുന്നത്. സൈബര്‍ ആക്രമണം കണ്ടു പേടിച്ചോടാനല്ല ഇങ്ങോട്ടേക്കു വന്നത്. അതു കണ്ടു സമരം അവസാനിപ്പിക്കാനും പോകുന്നില്ലെന്നുമാണ് ലയ പറയുന്നത്.
ദേഹത്തു മണ്ണെണ്ണയൊഴിച്ചു ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെ പൊട്ടിക്കരഞ്ഞ ലയയുടെ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. അതു രാഷ്ട്രീയ നാടകമായി ചിത്രീകരിച്ച് ഇടത് അനുഭാവികള്‍ നടത്തിയ സൈബര്‍ ആക്രമണത്തോടാണ് ലയയുടെ വൈകാരികമായ പ്രതികരണം.
സമൂഹമാധ്യമങ്ങളില്‍ വരുന്ന കമന്റുകളെല്ലാം എന്റെ രാഷ്ട്രീയത്തെയും കുടുംബ പശ്ചാത്തലത്തെയും കുറിച്ചാണ്. അതൊന്നുമല്ല ഇവിടെ വിഷയം. രണ്ടര വര്‍ഷം മുന്‍പിറങ്ങിയ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എനിക്കു ജോലി കിട്ടേണ്ട സമയം കഴിഞ്ഞു. തൃശൂര്‍ ജില്ലയില്‍ 583 ആണ് എന്റെ റാങ്ക്.
ഞങ്ങളുടെ സമരം രാഷ്ട്രീയഭാവി ശോഭിപ്പിക്കാനല്ല. ധനമന്ത്രി പറയുന്നതു ഞങ്ങളിവിടെ മറ്റുള്ളവര്‍ക്കു വേണ്ടി കളിക്കാന്‍ നില്‍ക്കുകയാണെന്നാണ്. സമരപ്പന്തലില്‍ ഏതെങ്കിലും കൊടി ഉയര്‍ത്തിയിട്ടുണ്ടോ? ഒളിഞ്ഞിരുന്നു സൈബര്‍ ആക്രമണം നടത്തുന്നവര്‍ ഇവിടെ വന്നു സംസാരിക്കൂ. 27,000 തസ്തിക സൃഷ്ടിച്ചെന്നു പറയുന്ന സര്‍ക്കാര്‍, ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സിന് എത്ര തസ്തിക സൃഷ്ടിച്ചിട്ടുണ്ട്? പകുതിപ്പേര്‍ക്കു പോലും ജോലി കൊടുക്കാനാകുന്നില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെ പരീക്ഷ നടത്തി ലിസ്റ്റിടുന്നത്.
ഓഫിസ് അസിസ്റ്റന്റിനെ ആവശ്യമില്ലെന്നു പറയുന്നവര്‍ എന്തിനാണ് 46,500 പേരുടെ റാങ്ക്പട്ടിക ഇട്ടത്. ജോലി കൊടുക്കില്ലെങ്കില്‍ പിന്നെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയിട്ട് എന്തു കാര്യം?
കാരുണ്യം താല്‍ക്കാലികക്കാരോടു മാത്രമല്ല, ഞങ്ങള്‍ സാധാരണക്കാരോടും വേണം. എത്ര വര്‍ഷം പഠിച്ചിട്ടാണ് ഒരു റാങ്ക് ലിസ്റ്റില്‍ ഇടം നേടുന്നത്. എന്നിട്ടു ജോലിക്കായി മന്ത്രിമാരുടെയും എംഎല്‍എമാരുടെയും പാര്‍ട്ടി സെക്രട്ടറിയുടെയുമെല്ലാം കാല്‍ക്കല്‍ വീഴണം. അര്‍ഹതപ്പെട്ട ജോലിക്കായി നടുറോഡില്‍ ദേഹത്തു മണ്ണെണ്ണ ഒഴിച്ചു സമരം ചെയ്യേണ്ട ഗതികേട് ഏതെങ്കിലും രാഷ്ട്രീയക്കാര്‍ക്കുണ്ടോ? എന്നാണ് ലയ ചോദിക്കുന്നത്.
https://www.facebook.com/Malayalivartha


























