കിളികൊഞ്ചല്‍ നൂറാം എപ്പിസോഡ് തിങ്കളാഴ്ച; കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ പ്രയോജനപ്രദവും ആഹ്ലാദകരവുമായ പരിപാടിയായി കിളികൊഞ്ചല്‍ മാറി

സംസ്ഥാന വനിത ശിശുവികസന വകുപ്പ് സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ 2020 ജൂലൈ 1 മുതല്‍ വിക്‌ടേഴ്‌സ് ചാനല്‍ വഴി 3 വയസ് മുതല്‍ 6 വയസ് വരെ പ്രായമുളള കുട്ടികള്‍ക്കായി സംപ്രേക്ഷണം ചെയ്തുവരുന്ന കിളിക്കൊഞ്ചല്‍ എന്ന ഓണ്‍ലൈന്‍ പ്രീ സ്‌കൂള്‍ പരിപാടിയുടെ നൂറാം എപ്പിസോഡ് ഫെബ്രുവരി 15 തിങ്കളാഴ്ച രാവിലെ 11 മണിയ്ക്കാണ്. പുന:സംപ്രേഷണം വൈകുന്നേരം 6 മണിക്ക്. കോവിഡ് പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി വീടുകളില്‍ ഒതുങ്ങിക്കൂടിയ 3 മുതല്‍ 6 വയസ് വരെ പ്രായത്തിലുളള 13,68,553 കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ പ്രയോജനപ്രദവും ആഹ്ലാദകരവുമായ പരിപാടിയായി കിളികൊഞ്ചല്‍ മാറി. പരിപാടി വിജയകരമാക്കിയ എല്ലാവരേയും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു.
കുട്ടികളുടെ ഭാഷാവികാസം, വൈജ്ഞാനിക വികാസം, ശാരീരിക ചാലക വികാസം, സാമൂഹിക വൈകാരിക വികാസം, ക്രിയാത്മകത, സര്‍ഗാത്മകത, ആസ്വാദനശേഷി എന്നീ വികാസമേഖലക്ക് പ്രാധാന്യം നല്‍കിയാണ് ഈ പരിപാടി തയ്യാറാക്കിയത്. വനിത ശിശുവികസന വകുപ്പിന് കീഴില്‍ മികച്ച പരിശീലനത്തത്തോടെയും തീം രീതി അടിസ്ഥാനമാക്കിയും കുട്ടികളും രക്ഷിതാക്കളും ഇഷ്ടപ്പെടുന്ന തരത്തിലാണ് പരിപാടി തയ്യാറാക്കിയിട്ടുളളത്.
കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിന് സഹായകരമായ രീതിയില്‍ രക്ഷിതാക്കളുടെ സഹായത്തോടെ തീം പ്രകാരമുളള പ്രീ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്കായി പ്രയോജനപ്പെടുത്തുന്നതിനായി മാര്‍ഗ നിര്‍ദേശങ്ങള്‍ അടങ്ങിയ പ്രീ സ്‌കൂള്‍ തീം പോസ്റ്ററുകള്‍ വീടുകളില്‍ എത്തിക്കുന്നതിനുളള നടപടികളും വകുപ്പ് തലത്തില്‍ സ്വീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha